കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിന്റെ ഏറ്റവും വലിയ പ്രശ്നം മികച്ച ഒരു സ്പോൺസർ ഇല്ലാത്തതാണ്. അത്തരത്തിൽ ഒരു നല്ല സ്പോൺസറെ ലഭിച്ചാൽ പണം എറിഞ്ഞ് മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ഈസ്റ്റ് ബംഗാളിന് സാധിക്കും. ഈ ഐഎസ്എൽ സീസണിന് മുൻപായി ഇമാമി ഗ്രൂപ്പ് ഈസ്റ്റ് ബംഗാൾ ക്ലബ്ബിനെ ഏറ്റെടുത്തിരുന്നു.
നിരവധി സൈനിങ്ങുകൾ ആയിരുന്നു ഈസ്റ്റ് ബംഗാൾ എഫ്സി സീസണിന് മുന്നോടിയായി നടത്തിയത്. ഇപ്പോഴിതാ അടുത്ത സീസണിനുള്ള മുന്നൊരുക്കങ്ങൾ ഈസ്റ്റ് ബംഗാൾ എഫ്സി ഇപ്പോൾ തന്നെ തുടങ്ങി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും അറിയാൻ സാധിക്കുന്നത്. ഈസ്റ്റ് ബംഗാൾ ക്ലബ്ബിൻ്റെ ഒഫീഷ്യൽസ് തങ്ങൾ അടുത്ത സീസണിലേക്ക് നോട്ടമിടുന്ന താരങ്ങളുടെ ലിസ്റ്റ് ഇമാമി ഗ്രൂപ്പിന് കൈമാറി എന്നാണ് അറിയുന്നത്.
നിലവിൽ ഐഎസ്എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്ന 10 തകർപ്പൻ താരങ്ങളുടെ ലിസ്റ്റ് ആണ് ഈസ്റ്റ് ബംഗാൾ എഫ്സി ഒഫീഷ്യൽസ് നൽകിയിരിക്കുന്നത്. കേരളത്തിൻ്റെ സ്വന്തം ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളും ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ലിസ്റ്റിലുണ്ട്. മാർക്കോ ലെസ്കോവിച്ചും അഡ്രിയാൻ ലൂണയുമാണ് ഈസ്റ്റ് ബംഗാൾ എഫ്സിയുടെ ലിസ്റ്റിൽ ഉള്ളത്.
ഹൈദരാബാദ് താരങ്ങളായ സേവിയർ സിവേറിയോ, ബോർജ ഹേരേര, മുംബൈ എഫ്സി താരങ്ങളായ ആൽബർട്ടോ നോഗുവേര,ഗ്രെഗ് സ്റ്റുവർട്ട്, ഗോർജെ പെരേര ഡയസ്, എഫ് സി ഗോവ താരം നോഹാ സദോയി, ഒഡീഷ താരങ്ങളായ സോൾ ക്രസ്പോ, ഡീഗോ മൗറിഷ്യോ എന്നീ താരങ്ങളെയാണ് ഈസ്റ്റ് ബംഗാൾ നോട്ടമിട്ടിട്ടുള്ളത്. താരങ്ങൾക്ക് പുറമേ പരിശീലകരുടെ ലിസ്റ്റും കൈമാറിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തുതന്നെയായാലും അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.