ലോകകപ്പ് ക്വാർട്ടർ ഫൈനലിലെ പോർച്ചുഗൽ മൊറോക്കോ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോയോട് പരാജയപ്പെട്ട് പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായി. നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിശീലകൻ ഫെർണാണ്ടൊ സാന്റോസ് ആദ്യ ഇലവനിൽ ഇറക്കിയിരുന്നില്ല.
ഇപ്പോഴിതാ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാത്തതിന് പരിശീലകനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് റൊണാൾഡോയുടെ പാർട്ണർ ജോർജീന. കഴിഞ്ഞ മത്സരത്തിലും ആദ്യ ഇലവനിൽ താരത്തെ ഇറക്കാത്തതിൽ പരിശീലകനെ ജോർജിന വിമർശിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഫെർണാഡോ സാന്റോസിനെതിരെ ജോർജീന രംഗത്ത് വന്നത്. സാൻഡോസിന്റെ ആ തീരുമാനം തെറ്റായിപ്പോയി എന്നാണ് സൂപ്പർ താരത്തിന്റെ പാർട്ണർ പറഞ്ഞത്.
“ഇന്നും നിങ്ങളുടെ പരിശീലകനും സുഹൃത്തും ആയ വ്യക്തി തെറ്റായ തീരുമാനമെടുത്തു. അയാൾ നിങ്ങൾക്ക് വളരെയധികം ബഹുമാനവും ആരാധനയും ഉള്ള വ്യക്തിയാണ്. പലതവണ ആ വ്യക്തി കണ്ടിട്ടുള്ളതാണ് നിങ്ങൾ കളത്തിൽ ഇറങ്ങുമ്പോൾ കളി എങ്ങനെയാണ് മാറിമറിയുന്നത് എന്ന്. പക്ഷേ ഇന്ന് വളരെ വൈകിപ്പോയി.
ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെ, അവൻ്റെ ഏറ്റവും ശക്തമായ ആയുധത്തെ നിങ്ങൾക്ക് ഒരിക്കലും വില കുറച്ച് കാണാൻ സാധിക്കില്ല. ഒരുപാട് പാഠങ്ങൾ ജീവിതം നമ്മളെ പഠിപ്പിക്കുന്നു. ഇന്ന് നമ്മൾ പരാജയപ്പെട്ടില്ല. പകരം നമ്മൾ ഒരു പാഠം പഠിച്ചു. ഒരു വലിയ പാഠം.”-ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ജോർജീന കുറിച്ചു.