ഇത്തവണത്തെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് അത്ര നല്ല തുടക്കമല്ല ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ ആദ്യ മത്സരം വിജയിച്ചു തുടങ്ങിയെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളും ദയനീയമായി പരാജയപ്പെട്ടു. ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ തകർത്തു കൊണ്ട് തുടങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ എടികെ മോഹൻ ബഗാനോടും മൂന്നാം മത്സരത്തിൽ ഒഡീഷയോടുമാണ് പരാജയപ്പെട്ടത്.
എടികെ മോഹൻ ബഗാനോട് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് തോറ്റ ബ്ലാസ്റ്റേഴ്സ് ഓഡിഷയോട് ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പരാജയപ്പെട്ടത്. രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് ആയിരുന്നു ആദ്യം ലീഡ് എടുത്തത്. കളിയുടെ പല ഭാഗങ്ങളിലും കാലിടറുന്ന കാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ കളികളിൽ നിന്നും കാണുന്നത്. ഇപ്പോഴിതാ ഒഡീഷയോടുള്ള മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ചിരിക്കുന്ന മുഖ്യ പരിശീലകൻ ഇവാൻ വുകാമനോവിച്ചിൻ്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഈ സീസണിലെ ഇതുവരെയും ഉള്ള കളി വിലയിരുത്തിയ മുഖ്യ പരിശീലകൻ കളി രീതിയിൽ ഇനിയും മാറ്റങ്ങൾ കാര്യമായി വരുത്തേണ്ടതുണ്ടെന്ന് സമ്മതിച്ചു. ഇത്തവണ ടീമിലെത്തിയ രണ്ട് പുതുമുഖ സ്ട്രൈക്കേഴ്സിനും ഇതുവരെയും ശോഭിക്കാൻ സാധിച്ചിട്ടില്ല. പ്രസ്സിംഗ്, ഫിനിഷിങ്,പന്ത് കൈവശം വെക്കൽ തുടങ്ങി കളിയിലെ പല മേഖലകളിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഇവാൻ പറഞ്ഞു. അടുത്ത മത്സരത്തിൽ തെറ്റുകളെല്ലാം തിരുത്തി ശക്തരായി തിരിച്ചുവരുമെന്നും പരിശീലകൻ ഉറപ്പു പറഞ്ഞു.
“പന്ത് കൈവശം വെക്കൽ, പ്രെസ്സിങ്, ഫിനിഷിങ് തുടങ്ങിയവയെല്ലാം മത്സരത്തിന്റെ ഭാഗങ്ങളാകുമ്പോൾ നമ്മൾ മത്സരത്തിൽ ശ്രദ്ധിക്കേണ്ട ചില വശങ്ങളുണ്ട്.കഴിഞ്ഞ മത്സരത്തിൽ ഞങ്ങൾ കുറച്ചു അവസരങ്ങൾ മാത്രമേ സൃഷ്ടിച്ചതുള്ളൂ, ഇതെല്ലാം ഞങ്ങൾ ഇനിയും പരിശീലനം നടത്തേണ്ട ജോലിയാണ്. ഞങ്ങൾക്ക് കൂടുതൽ ആശങ്കകളൊന്നുമില്ല, തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നതിനോടൊപ്പം ഞങ്ങൾ വീണ്ടും അടുത്ത മത്സരത്തിന് വേണ്ടി തയ്യാറെടുക്കും.”- ഇവാൻ പറഞ്ഞു.