എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പുറത്താകൽ ആയിരുന്നു ഖത്തർ ലോകകപ്പിൽ നിന്നും ബ്രസീൽ ആയത്. കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമുകളിൽ മുൻപന്തിയിൽ തന്നെ ബ്രസീൽ ഉണ്ടായിരുന്നു. എന്നാൽ ക്വാർട്ടർ ഫൈനലിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകൾ ആയ ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് മഞ്ഞപ്പട നാട്ടിലേക്ക് മടങ്ങി.
ബ്രസീൽ ക്രൊയേഷ്യ ആദ്യ 90 മിനിറ്റുകൾ ഗോൾ രഹിതമായിരുന്നു. എക്സ്ട്രാ ടൈമിലെ ആദ്യ പകുതിയിലെ അവസാനത്തിൽ നെയ്മർ ബ്രസീലിനെ തകർപ്പൻ ഗോളിലൂടെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ഗോൾ തിരിച്ചടിച്ച് ക്രൊയേഷ്യ മത്സരം ഷൂട്ടൗട്ടിലേക്ക് കൊണ്ടുപോയി. ആരാധകർക്കും ടീമിന് ഉള്ളിലും വലിയ നിരാശ സമ്മാനിച്ച പുറത്താകൽ ആയിരുന്നു ബ്രസീലിന്‍റേത്
പല താരങ്ങളും തങ്ങളുടെ നിരാശ പറഞ് രംഗത്തെത്തി. ലോകകപ്പിൽ നിന്നും പുറത്തായതിനു ശേഷം പരിശീലകൻ ടിറ്റെ സ്ഥാനം ഉപേക്ഷിക്കുകയും ചെയ്തു. നിലവിൽ ലോകകപ്പിൽ അവശേഷിക്കുന്ന നാല് ടീമുകളിൽ ഒരു ലാറ്റിൻ അമേരിക്കൻ ടീം മാത്രമാണ് ഉള്ളത്. അർജൻ്റീനയാണ് ആ ഒറ്റ ടീം. ഇപ്പോഴിതാ അർജൻ്റീനക്ക് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡൻ്റ് ഫെർണാണ്ടോ സാർനെ.
“ഒത്തൊരുമയോടെ ഞങ്ങൾ തുടരേണ്ടതുണ്ട്. ഇപ്പോൾ ഞങ്ങളെല്ലാം അർജൻ്റീനയാണ്. ഞാൻ പ്രതീക്ഷിക്കുന്നത് സൗത്ത് അമേരിക്കയിലേക്ക് അവർ ആ കിരീടം കൊണ്ടുവരുമെന്നാണ്.”- അദ്ദേഹം പറഞ്ഞു. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തിയ ക്രൊയേഷ്യ ആണ് അർജൻ്റീനയുടെ എതിരാളികൾ. അവസാനമായി ഒരു ലാറ്റിൻ അമേരിക്കൻ കിരീടം നേടിയത് 2002ൽ ബ്രസീൽ ആണ്.