ഇന്നലെയായിരുന്നു ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട അവസാന മത്സരത്തിലെ ബ്രസീൽ കാമറൂൺ പോരാട്ടം. മത്സരത്തിൽ അവസാന നിമിഷം ഗോൾ നേടി കാമറൂൺ ബ്രസീലിന് അപ്രതീക്ഷിത തോൽവി സമ്മാനിച്ചു. എല്ലാ ബ്രസീൽ ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തുന്ന പ്രകടനം ആയിരുന്നു ബ്രസീൽ ഇന്നലെ കാഴ്ചവച്ചത്. ഇപ്പോഴിതാ ബ്രസീലിൻ്റെ തോൽവിയിൽ എല്ലാവർക്കും പങ്കുണ്ടെന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യ പരിശീലകൻ ടിറ്റേ.
“ഈ തോൽവി നിരാശപ്പെടുത്തുന്നതാണ്. ജയത്തിൽ എല്ലാവർക്കും ഉത്തരവാദിത്വമുള്ളതുപോലെ പരാജയത്തിലും എല്ലാവർക്കും പങ്കുണ്ട്. തോൽവികളിൽ നിന്നും തിരിച്ചുവരവിനുള്ള സാധ്യതകൾ ബ്രസീൽ പ്രയോജനപ്പെടുത്തണം. കഴിഞ്ഞ മത്സരത്തിൽ നിരവധി അവസരങ്ങളാണ് ബ്രസീലിന് ലഭിച്ചത്. അവസരങ്ങൾ ഗോളാക്കി മാറ്റണമെന്ന് പാഠവും കഴിഞ്ഞ മത്സരത്തിൽ പഠിച്ചു.”-ബ്രസീൽ പരിശീലകൻ പറഞ്ഞു. മത്സരത്തിൽ ഒമ്പത് മാറ്റങ്ങളുമായാണ് കാനറികൾ ഇറങ്ങിയത്.
പ്രതിരോധത്തിലും മുന്നേറ്റത്തിലും ബ്രസീൽ യുവതാരങ്ങൾക്ക് അവസരം നൽകി. ഗോൾകീപ്പർ ആയ അലിസൺ ബക്കറിന് പകരം എഡേർസൺ ആയിരുന്നു മത്സരത്തിന് ഇറങ്ങിയത്. മധ്യനിരയിൽ മികച്ച നീക്കങ്ങൾ നടത്താൻ സാധിക്കാത്തതാണ് ബ്രസീലിൻ്റെ ഏറ്റവും വലിയ പോരായ്മ. ആൻ്റണിയുടെയും മാർട്ടിനെലിയുടെയും ഒറ്റപ്പെട്ട ആക്രമണങ്ങൾ ഉണ്ടായിരുന്നു എന്നല്ലാതെ കാര്യമായി ബ്രസീലിന്റെ ഭാഗത്ത് നിന്നും മികച്ച പ്രകടനങ്ങൾ ഒന്നും വന്നില്ല. രണ്ടാം പകുതിയിൽ പെട്രോ,റാഫിഞോ,ബ്രൂണോ, എവർടൺ എന്നിവരെ ഇറക്കിയെങ്കിലും കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ല.
ഇടക്ക് തകർപ്പൻ കൗണ്ടർ അറ്റാക്കിങ്ങിലൂടെ ബ്രസീൽ പ്രതിരോധത്തെ വിറപ്പിക്കാൻ ആഫ്രിക്കൻ ടീമിന് സാധിച്ചു. മത്സരത്തിലെ ഇഞ്ചുറി ടൈമിൽ കാമറൂൺ നായകൻ വിൻസൻ്റ് അബൂബക്കറിന്റെ ഹെഡർ ഗോളാണ് കാനറികളുടെ ചിറകരിഞ്ഞത്. എന്നാൽ ബ്രസീലിന് ആശ്വാസകരമായ മറ്റ് വാർത്തയും പുറത്തു വരുന്നുണ്ട്. ആദ്യ മത്സരത്തിൽ പരിക്കേറ്റ് പുറത്തു പോയ സൂപ്പർ താരം നെയ്മർ പരിക്കിൽ നിന്നും മോചിതനായി പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. പ്രീക്വാർട്ടറിൽ ബ്രസീലിന് വേണ്ടി താരം ബൂട്ട് കെട്ടും എന്നാണ് പ്രതീക്ഷ. സൗത്ത് കൊറിയ ആണ് ബ്രസീലിന്റെ പ്രീക്വാർട്ടർ എതിരാളികൾ.