ഇന്നായിരുന്നു ഐഎസ്എല്ലിലെ ബാംഗ്ലൂർ എഫ്സി എടികെ മോഹൻ ബഗാൻ കലാശ പോരാട്ടം. മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബാംഗ്ലൂരിനെ തോൽപ്പിച്ച് മോഹൻ ബഗാൻ കിരീടം ഉയർത്തി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചപ്പോൾ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ബാംഗ്ലൂരിൻ്റെ രണ്ട് താരങ്ങൾ കിക്ക് നഷ്ടപ്പെടുത്തിയപ്പോൾ ലഭിച്ച അവസരങ്ങൾ എല്ലാം മുതലാക്കി കൊൽക്കത്ത കിരീടം ഉയർത്തുകയായിരുന്നു. എന്നാൽ മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ബാംഗ്ലൂരു എഫ്സി ആരാധകർ ഉയർത്തുന്നത്.
മത്സരത്തിലെ റെഗുലർ ടൈമിൽ കൊൽക്കത്ത നേടിയ രണ്ടു ഗോളുകളും പെനാൽറ്റിയിൽ നിന്നായിരുന്നു. അതിലെ രണ്ടാമത്തെ പെനാൽറ്റിയാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വഴി വച്ചിരിക്കുന്നത്. ബാംഗ്ലൂർ താരം കൊൽക്കത്ത താരത്തെ ഫൗൾ ചെയ്ത് വീഴ്ത്തിയത് ലൈനിന് പുറത്തുനിന്നുമായിരുന്നു. എന്നാൽ ഫ്രീ കിക്ക് നൽകേണ്ടതിന് പകരം റഫറി വിധിച്ചത് പെനാൽറ്റി ആയിരുന്നു. ലഭിച്ച അവസരം കൊൽക്കത്ത മികച്ച രീതിയിൽ മുതലാക്കുകയും ചെയ്തു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബാംഗ്ലൂർ എഫ്സി ഉടമസ്ഥൻ പാർത്ത് ജിണ്ടാലിൻ്റെ ട്വീറ്റ് ആണ്. റഫറിയുടെ തെറ്റായ തീരുമാനത്തിനെതിരെയാണ് ബാംഗ്ലൂർ എഫ്സി ഉടമസ്ഥൻ പ്രതികരിച്ചത്.
എന്നാൽ അദ്ദേഹത്തിൻ്റെ ഇന്നത്തെ ട്വീറ്റിൻ്റെ കൂടെ ബാംഗ്ലൂരു- കേരള ബ്ലാസ്റ്റേഴ്സ് മത്സര ശേഷം അദ്ദേഹം ചെയ്ത ട്വീറ്റും കുത്തി പൊക്കിയിരിക്കുകയാണ് ആരാധകർ. അദ്ദേഹം ഇന്ന് ചെയ്ത ട്വീറ്റ് വായിക്കാം..”എന്നോട് ക്ഷമിക്കണം, ഇന്ത്യൻ സൂപ്പർ ലീഗ് എന്തുതന്നെയായാലും വാർ കൊണ്ടുവരണം, ഇത്തരം തീരുമാനങ്ങൾ വലിയ മത്സരങ്ങളെ നശിപ്പിക്കുകയും ബാധിക്കുകയും ചെയ്യും. ബാംഗ്ലൂരു കളിക്കാരിൽ ഞാൻ അഭിമാനിക്കുന്നു. നിങ്ങൾ ഇന്ന് പരാജയപ്പെട്ടില്ല, ഇത് വേദനയുള്ളതാകുന്നു, കാരണം ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതാണ്.”-ഇതാണ് ബാംഗ്ലൂരു ഉടമസ്ഥൻ ഇന്നത്തെ മത്സരത്തിനുശേഷം ചെയ്ത ട്വീറ്റ്. കേരള ബ്ലാസ്റ്റേഴ്സുമായുള്ള മത്സരത്തിനു ശേഷം അദ്ദേഹം ചെയ്ത ട്വീറ്റ് വായിക്കാം..
“കേരള ബ്ലാസ്റ്റേഴ്സ് നിങ്ങൾ കാര്യത്തിനാണോ? ഈ മത്സരം ഇങ്ങനെയാണോ നിങ്ങൾക്ക് വേണ്ടിയിരുന്നത്? നമ്മുടെ ലീഗും ഇന്ത്യൻ ഫുട്ബോളും ആഗോള തരത്തിൽ ചിത്രീകരിക്കും. ഈ ടീമിൽ നിന്നും പരിശീലങ്ങളിൽ നിന്നും ആയിരക്കണക്കിന് ആരാധകർക്ക് ഓർത്തിരിക്കുവാൻ നിങ്ങൾക്ക് ഇതായിരുന്നോ വേണ്ടിയിരുന്നത്? ഇത് അപമാനകരമാണ്, സെമിയിൽ എത്തിയ ബാംഗ്ലൂരിന് അഭിനന്ദനങ്ങൾ”-അന്ന് റഫറിയെ ന്യായീകരിച്ച നിങ്ങൾക്ക് ഇന്ന് റഫറിയിൽ നിന്നും ഒരു തെറ്റായ തീരുമാനം ഉണ്ടായപ്പോൾ പൊള്ളിയോ എന്നാണ് ആരാധകർ അദ്ദേഹത്തിനോട് ചോദിക്കുന്നത്