ലോക ഫുട്ബോളിലെ വമ്പൻമാരായ ബെൽജിയം ടീമിൽ പൊട്ടിത്തെറി. ഫിഫ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ബെൽജിയം ടീമിലെ സീനിയർ താരങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തിൻ്റെയും പൊട്ടിത്തെറിയുടെയും റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബെൽജിയം ഫുട്ബോൾ ടീമിലെ ഗോൾഡൻ ജനറേഷന്റെ അധപതനത്തിലേക്കാണ് ഇപ്പോൾ പോകുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.
യൂറോപ്പ്യൻ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ടീമിലെ മുതിർന്ന താരങ്ങളായ കെവിൻ ഡി ബ്രൂയിൻ, ഏഡൻ ഹസാർഡ്, യാൻ വെർട്ടോഹൻ എന്നിവർ ഡ്രസ്സിംഗ് റൂമിൽ വച്ച് അതിശക്തമായ വാക്ക് തർക്കത്തിൽ ഏർപ്പെട്ടു എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത്തവണത്തെ ലോകകപ്പിൽ ആദ്യ മത്സരത്തിൽ കാനഡയ്ക്കെതിരെ വിജയിച്ചതിനു ശേഷം,രണ്ടാം മത്സരത്തിൽ മൊറോക്കയോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ അപ്രതീക്ഷിത തോൽവി ബെൽജിയം ഏറ്റുവാങ്ങിയിരുന്നു. ഈ മത്സരത്തിന് തൊട്ട് മുൻപ് സൂപ്പർ താരം കെവിൻ ഡി ബ്രൂയിൻ ഒരു വിവാദ പരാമർശം നടത്തിയിരുന്നു.
ബെൽജിയം ടീമിൽ ചെറുപ്പക്കാർ ഇല്ല എന്നും അതുകൊണ്ട് ലോകകപ്പ് നേടുന്നത് ബുദ്ധിമുട്ട് ആയിരിക്കും എന്നായിരുന്നു മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരം പറഞ്ഞത്. പിന്നീട് ഈ പരാമർശം ടീമിലെ മുതിർന്ന താരമായ യാൻ വെർട്ടോഹൻ മറ്റൊരു രീതിയിൽ പറഞ്ഞു. ബെൽജിയത്തിന്റെ സാധ്യതകൾക്ക് എതിരായ പ്രധാന കാരണം ആക്രമണത്തിലെ വേഗതക്കുറവാണെന്നാണ് താരം പറഞ്ഞത്. മൊറോക്കോയുടെ മത്സരത്തിന് ശേഷം ഡ്രസ്സിംഗ് റൂമിൽ എത്തിയപ്പോൾ പ്രതിരോധത്തിലെ വേഗത കുറവ് പറഞ് ഏഡൻ ഹസാഡും, കെവിൻ ഡി ബ്രൂയിനിയും വെർട്ടോഹനുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.
തുടർന്ന് രംഗം കൂടുതൽ വഷളായതോടെ ലുക്കാക്കു ഇടപെട്ട് ശാന്തമാക്കി. ഗ്രൂപ്പ് എഫിൽ 3 പോയിന്റുകളാണ് ബെൽജിയത്തിന് ഉള്ളത്. നാല് പോയിൻ്റ് വീതം ഉള്ള ക്രൊയേഷ്യയും മൊറോക്കയുമാണ് ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഡിസംബർ ഒന്നിന് ക്രൊയേഷ്യക്കെതിരെ നടക്കുന്ന മത്സരത്തിൽ വിജയിച്ചാൽ മാത്രമാണ് ബെൽജിയത്തിന് പ്രീക്വാർട്ടറിലേക്ക് കടക്കാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം ലോക രണ്ടാം നമ്പർ ബെൽജിയം പ്രീക്വാർട്ടർ കാണാതെ പുറത്താകും.