ഫിഫ ലോകകപ്പിലെ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലണ്ടിനെ തോല്‍പ്പിച്ച് അര്‍ജന്‍റീന സെമിഫൈനലില്‍ എത്തി. റെഗുലര്‍ ടൈമിലും എക്സ്ട്രാ ടൈമിലും സമനില പാലിച്ചതോടെയാണ് മത്സര ഫലം പെനാല്‍റ്റിയിലൂടെ വിധി നിര്‍ണയിച്ചത്. പെനാല്‍റ്റിയില്‍ മൂന്നിനെതിരെ 4 ഗോളിനാണ് അര്‍ജന്‍റീനയുടെ വിജയം.
ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാട്ടം നടത്തുന്നതിനിടിയാണ് അര്‍ജന്‍റീന ഗോളടിച്ചത്. മത്സരത്തിന്‍റെ 35ാം മിനിറ്റില്‍ നെതര്‍ലണ്ട് പ്രതിരോധത്തെ കാഴ്ച്ചകാരാക്കി മെസ്സി നല്‍കിയ ത്രൂബോളില്‍ നിന്നും മൊളീന സ്കോര്‍ ചെയ്തു.
പിന്നാലെ മികച്ച മുന്നേറ്റവുമായി നാല് പ്രതിരോധതാരങ്ങളെ മറികടന്ന് മെസ്സി ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍കീപ്പര്‍ അത് കൈയ്യിലൊതുക്കി. 45-ാം മിനിറ്റില്‍ ഗാക്‌പോയുടെ ഫ്രീകിക്ക് അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കൈയ്യിലൊതുക്കി. പിന്നാലെ ആദ്യപകുതി അവസാനിച്ചു.
രണ്ടാം പകുതിയില്‍ നെതര്‍ലണ്ട് സമിനില ഗോളിനായി നിരന്തരം ശ്രമിച്ചുവെങ്കിലും അച്ചടക്കത്തോടെയുള്ള അര്‍ജന്‍റീനന്‍ പ്രതിരോധം ഗോള്‍ വഴങ്ങിയില്ലാ. ഇതിനിടെ 72ാം മിനിറ്റില്‍ അര്‍ജന്‍റീനക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. അക്വിനയെ പെനാല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്.
പെനാല്‍റ്റി എടുത്ത ലയണല്‍ മെസ്സി, നെപ്പോര്‍ട്ടിനെ മറികന്നു ലക്ഷ്യത്തില്‍ എത്തിച്ചു. 83ാം മിനിറ്റില്‍ നെതര്‍ലണ്ട് ഒരു ഗോള്‍ തിരിച്ചടിച്ചു. സ്റ്റീവന്‍ ബെര്‍ഗ്യൂസിന്‍റെ പാസ്സില്‍ നിന്നും ഹെഡറിലൂടെയാണ് വെഗ്ഹോസ്റ്റ് ഗോള്‍ നേടിയത്.
10 മിനിറ്റ് അനുവദിച്ച ഇഞ്ചുറി ടൈമിന്‍റെ അവസാന നിമിഷം നെതര്‍ലണ്ട് സമനില ഗോള്‍ കണ്ടെത്തി. വെഗ്ഹോസ്റ്റ് തന്നെയാണ് വീണ്ടും ഗോളടിച്ചത്. അനാവശ്യമായി വഴങ്ങിയ ഫ്രീകിക്കില്‍ നിന്നും നെതര്‍ലണ്ടിന്‍റെ ഗംഭീര മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്.
എക്സ്ട്രാ ടൈമില്‍ ലൗതാറോ മാര്‍ട്ടിനെസിന്‍റെ ഗോള്‍ ശ്രമം വാന്‍ഡൈക്കിന്‍റെ ദേഹത്ത് തട്ടി മടങ്ങി. അവസാന നിമിഷം എന്‍സോ ഫെര്‍ണാണ്ടസിന്‍റെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നീട് മത്സരം പെനാല്‍റ്റിയിലേക്ക് കടക്കുകയായിരുന്നു.
അർജന്റീനയ്ക്കായി ക്യാപ്റ്റൻ ലയണൽ മെസ്സി, ലിയാൻഡ്രോ പരേദസ്, ഗോൺസാലോ മോണ്ടിയെൽ, ലൗട്ടാരോ മാർട്ടിനസ് എന്നിവർ ലക്ഷ്യം കണ്ടു. അർജന്റീന താരം എൻസോ ഫെർണാണ്ടസിന്റെ കിക്ക് പുറത്തുപോയി. നെതർലൻഡ്സിനായി ക്യാപ്റ്റൻ വിർജിൻ വാൻ ദെയ്ക്, സ്റ്റീവൻ ബെർഗ്യൂസ് എന്നിവരെടുത്ത കിക്കുകൾ തടഞ്ഞിട്ട ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയുടെ ഹീറോ. നെതർലൻഡ്സിനായി കൂപ്മെയ്നേഴ്സ്, വൗട്ട് വെഗ്ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവർ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.
വിജയത്തോടെ അര്‍ജന്‍റീന സെമിയില്‍ എത്തി. ഡിസംബര്‍ 14 നു ക്രൊയേഷ്യയുമായാണ് സെമി പോരാട്ടം.