ഇന്നാണ് ലോകകപ്പ് സെമി ഫൈനലിൽ അർജൻ്റീന-ക്രൊയേഷ്യ പോരാട്ടം. സെമി ഫൈനലിൽ എത്തിയാൽ എന്തായാലും ഫൈനൽ കളിക്കുക എന്നാണ് അർജൻ്റീനയുടെ ലോകകപ്പ് ചരിത്രം. എന്നാൽ ക്രൊയേഷ്യ സെമിഫൈനലിൽ ഒരു ജയവും ഒരു തോൽവിയും ആണ് റെക്കോർഡ്. 1930 മുതൽ ആണ് ലോകകപ്പ് തുടങ്ങിയത്. അന്നുമുതൽ പറഞ്ഞ കേൾക്കുന്ന പേരാണ് അർജൻ്റീന
22 ലോകകപ്പുകളിൽ 18 എണ്ണത്തിലും നീലപ്പട കളിച്ചിട്ടുണ്ട്. അഞ്ച് തവണയാണ് ലോകകപ്പ് ഫൈനലിൽ അർജൻറീന എത്തിയിട്ടുള്ളത്. മൂന്ന് തവണ പരാജയപ്പെട്ട് മടങ്ങിയപ്പോൾ രണ്ട് തവണ കിരീടം നേടികൊണ്ടായിരുന്നു മടങ്ങിയത്. ഇന്ന് സെമിഫൈനലിന് ഇറങ്ങുമ്പോൾ ഒരിക്കൽ പോലും സെമിഫൈനലിൽ പരാജയപ്പെട്ടിട്ടില്ല എന്ന ആത്മവിശ്വാസം തന്നെയായിരിക്കും അർജൻ്റീനയുടെ മുതൽക്കൂട്ട്.
ആദ്യ ലോകകപ്പിലെ ഫൈനലിൽ അർജൻ്റീന പ്രവേശിച്ചിരുന്നു. അന്നത്തെ സെമിഫൈനലിൽ അമേരിക്കയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു അർജൻ്റീന ഫൈനലിൽ പ്രവേശിച്ചത്. എന്നാൽ കലാശ പോരാട്ടത്തിൽ ഉറുഗ്വായിക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നു. പിന്നീട് സെമിഫൈനലിൽ പ്രവേശിച്ചത് 48 വർഷങ്ങൾക്ക് ശേഷമാണ്. അന്ന് കിരീടവും ആയിട്ടായിരുന്നു അർജൻ്റീന മടങ്ങിയത്. പിന്നീട് മറഡോണയുടെ കീഴിൽ 1986ൽ വീണ്ടും കിരീടം നേടി. ഏറ്റവും അവസാനം അർജൻ്റീന സെമിഫൈനൽ കളിച്ചത് 2014 ലാണ്.
അന്ന് ഹോളണ്ടിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്ന അർജൻ്റീന ജർമ്മനിയോട് പരാജയപ്പെട്ടു. ക്രൊയേഷ്യ ആദ്യമായി സെമിഫൈനലിൽ എത്തിയത് 1998ലാണ്. എന്നാൽ അന്ന് ഫ്രാൻസിന് മുൻപിൽ യൂറോപ്യൻ ശക്തൻമാർ വീണു. കഴിഞ്ഞതവണ ഫൈനലിൽ കടന്നപ്പോൾ അവിടെയും ക്രൊയേഷ്യയുടെ വില്ലൻ ഫ്രാൻസ് ആയിരുന്നു. ഇത്തവണ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യ ബ്രസീലിനെയും,അർജൻ്റീന ഹോളണ്ടിനെയും പരാജയപ്പെടുത്തിയാണ് സെമിഫൈനലിലേക്ക് കടന്നത്.