അർജൻ്റീനയുടെ ലോക കിരീട നേട്ടത്തിന് പുറമേ നായകൻ ലയണൽ മെസ്സിയുടെ ഫോട്ടോ തങ്ങളുടെ കറൻസിയിൽ പതിപ്പിക്കാൻ ഒരുങ്ങി അർജൻ്റീന ഫിനാൻഷ്യൽ ഭരണ സമിതി. 35 വയസ്സുകാരനായ ലയണൽ മെസ്സി തൻ്റെ കരിയറിലെ ആദ്യ ലോക കിരീടമാണ് ഖത്തറിൽ നേടിയത്. ടൂർണമെന്റിൽ ഉടനീളം നീലപ്പടക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് നായകൻ കാഴ്ചവച്ചത്.
അര്‍ജന്റീനയിലെ കറന്‍സി പെസോ എന്നാണ് അറിയപ്പെടുന്നത്. 1000 പെസോ നോട്ടിലാകും മെസിയുടെ ചിത്രം ആലേഖനം ചെയ്യുകയെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
7 ഗോളുകളും മൂന്ന് അസിസ്റ്റുകളും ആണ് ടൂർണമെന്റിൽ താരം നേടിയത്. മാത്രമല്ല ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയതും ലയണൽ മെസ്സി ആയിരുന്നു. കലാശ പോരാട്ടത്തിൽ ഫ്രാൻസിനെതിരെ അർജൻ്റീന നേടിയ മൂന്ന് ഗോളുകളിൽ രണ്ടും മെസ്സിയുടെ ബൂട്ടുകളിൽ നിന്നായിരുന്നു.
പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയ മത്സരത്തിൽ തന്റെ കിക്ക് പാഴാക്കാതെ വലയിൽ എത്തിക്കാനും താരത്തിന് സാധിച്ചു. ഇത് മൂന്നാം തവണയാണ് അർജൻ്റീന ലോകകപ്പ് കിരീടത്തിൽ മുത്തമിടുന്നത്. ഇതിഹാസതാരം ലയണൽ മെസ്സിയുടെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പ് ആയിരുന്നു ഇത്.
താരം കളിച്ച രണ്ടാമത്തെ ലോകകപ്പ് ഫൈനൽ ആയിരുന്നു ഖത്തർ ലോകകപ്പിലേത്. 2014ൽ ലോകകപ്പ് കലാശപോരാട്ടത്തിൽ പ്രവേശിച്ചെങ്കിലും യൂറോപ്പ്യൻ വമ്പൻമാരായ ജർമ്മനിയോട് വീണു.
മെസ്സിയുടെ ചിത്രം കറൻസിയിൽ പതിപ്പിക്കുന്നതിന് പുറമേ പരിശീലകനായ ലയണൽ സ്കലോനിയുടെ വിളിപ്പേരായ “ലാ സ്‌കലോനെറ്റാ”എന്ന് നോട്ടിന്റെ പുറകിൽ പതിപ്പിക്കാനും ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. 1978ലെ ആദ്യ ലോകകപ്പ് വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി അർജൻ്റീന സെൻട്രൽ ബാങ്ക് വാണിജ്യ നാണയങ്ങൾ അന്ന് പുറത്തിറക്കിയിരുന്നു.