അർജൻ്റീന ലോകകപ്പ് നേടിയതിന്റെ ആവേശം ഇപ്പോഴും അർജൻ്റീന ആരാധകരുടെ മനസ്സിൽ നിന്നും പോയിട്ടില്ല. ഇപ്പോഴും ഓരോ നീലപ്പടയുടെ ആരാധകരും അത് ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. കാരണം കഴിഞ്ഞ ഒരുപാട് വർഷങ്ങളായി അവർ കാണുന്ന സ്വപ്നമായിരുന്നു അത്. ഒരുപാട് കാലങ്ങളായി തങ്ങൾ നേരിട്ടിരുന്ന കളിയാക്കലുകൾക്ക് അവർ നൽകിയ തകർപ്പൻ മറുപടിയായിരുന്നു ഈ ലോക കിരീടം.
അർജൻ്റീന ലോകകപ്പ് കിരീടം നേടിയപ്പോൾ അത് ചിലരെ ഒന്നുമല്ല അസ്വസ്ഥരാക്കിയത്. മെസ്സിക്ക് ഒരു കപ്പ് എന്ന പദ്ധതിക്ക് ഫിഫയും അർജൻ്റീനയും ചേർന്ന് ഒത്തു കളിച്ചതാണ് ഈ ലോകകപ്പ് എന്നും അതുകൊണ്ടാണ് അർജൻ്റീന കിരീടം നേടിയതെന്ന് പറയുന്നവർ ഒരുപാടുണ്ട്. പല മത്സരങ്ങളിലും അർജൻ്റീനക്ക് ലഭിച്ച പെനാൽറ്റികളാണ് ഈ വാദം പറയുന്നവർ ഏറ്റവും വലിയ ഉദാഹരണമായി കൊണ്ട് നടക്കുന്നത്.
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് അമേരിക്കൻ ഫുട്ബോൾ ടീം നായകൻ ടൈലർ ആഡംസിനോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യവും അദ്ദേഹം അതിന് നൽകിയ മറുപടിയുമാണ്. ടൈലർ നൽകിയ മറുപടി അർജൻ്റീന ആരാധകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. അമേരിക്കക്ക് ഒരു ദിവസം ലോകകപ്പ് നേടാൻ ആകുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്നായിരുന്നു താരത്തിനോട് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം. അതിന് താരം നൽകിയ മറുപടി ഇങ്ങനെയായിരുന്നു.
“5 പെനാൽറ്റികൾ ലോകകപ്പിൽ ലഭിച്ചിരുന്നെങ്കിൽ ഞങ്ങളും ചാമ്പ്യന്മാരാകുമായിരുന്നു.”-ഇതായിരുന്നു ടൈലർ ആഡംസ് പറഞ്ഞ വാക്കുകൾ. വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഈ വാക്കുകൾക്കെതിരെ ഉയർന്ന വരുന്നത്. ഗോളിലേക്ക് നീങ്ങുന്നതിനിടയിൽ ചെയ്യുന്ന ഫൗളുകൾക്കാണ് പെനാൽറ്റി ലഭിക്കുന്നത് എന്നും അത് അർഹതയുള്ളതാണെന്നും അല്ലാതെ വെറുതെ കിട്ടുന്നത് ഒന്നുമല്ല എന്നുമാണ് അർജൻ്റീന ആരാധകർ പറയുന്നത്. പെനാൽറ്റി ലഭിക്കണമെങ്കിൽ ബോളുമായി മിനിമം ബോക്സ് വരെയെങ്കിലും എത്തണമെന്നും അർജൻ്റീന ആരാധകർ പറയുന്നു.