സൂപ്പർ താരം ലയണൽ മെസ്സിയെ സൗദി അറേബ്യയിലേക്ക് എത്തിക്കാനായി ഞെട്ടിക്കുന്ന ഓഫർ വച്ച് സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ. പ്രതിവർഷം 400 മില്യൺ യൂറോ മെസ്സിക്ക് വേതനമായി ലഭിക്കുന്ന ഓഫറാണ് മെസ്സിക്ക് മുന്നിൽ അൽ ഹിലാൽ വെച്ചിരിക്കുന്നത്. ഏകദേശം 3500 കോടി മുകളിൽ വരും ഇത്. സൗദി ക്ലബ്ബായ അൽ നസർ പോർച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നൽകിയ ഓഫറിനേക്കാൾ ഇരട്ടിയോളം ആണ് ഇത്. ഈ ഓഫറിനോട് ഇതുവരെയും മെസ്സി പ്രതികരിച്ചിട്ടില്ല. ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നത് താരത്തിന് യൂറോപ്പിൽ തന്നെ തുടരാനാണ് ആ താല്പര്യമെന്നാണ്.
നിലവിലെ ക്ലബ്ബായ പി.എസ്.ജിയുമായി താരത്തിന്റെ കരാർ ഈ ജൂണിൽ അവസാനിക്കും. കരാർ പുതുക്കുന്നതുമായിട്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും താരം ക്ലബ്ബിൽ സന്തോഷവാനല്ല. തൻ്റെ പഴയ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരികെ വരാനാണ് മെസ്സിക്ക് താല്പര്യം.
എന്നാൽ സാമ്പത്തിക പ്രതിസന്ധി ഇപ്പോഴും രൂക്ഷമായ ബാഴ്സലോണയിലേക്ക് താരത്തിന്റെ തിരിച്ചു വരവ് അത്ര എളുപ്പമാകില്ല. സൗദി ക്ലബ്ബായ അൽ ഹിലാലിലേക്ക് ലയണൽ മെസ്സി കൂടെ എത്തിയാൽ അത് ഏഷ്യൻ ഫുട്ബോളിന് വലിയ ഊർജ്ജമാകും. അതിൻ്റെ കൂടെ മെസ്സി-റൊണാൾഡോ പോരാട്ടം ഒരിക്കൽക്കൂടെ കാണുവാൻ ഫുട്ബോൾ ആരാധകർക്ക് അവസരം ലഭിക്കും.