എല്ലാ ഫുട്ബോൾ ആരാധകരെയും ഒരുപോലെ ഞെട്ടിച്ച പരാജയം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു അർജൻ്റീന ഇത്തവണത്തെ ലോകകപ്പിന് തുടക്കം കുറിച്ചത്. എന്നാൽ പിന്നീടുള്ള മത്സരങ്ങൾ വിജയിച്ച് ഇപ്പോൾ ക്വാർട്ടർ ഫൈനലിൽ എത്തിയിരിക്കുകയാണ് അര്‍ജന്‍റീന. എല്ലാ താരങ്ങളും ഫോമിലേക്ക് എത്തിയെങ്കിലും അർജൻ്റീന ആരാധകർക്ക് നിരാശ സമ്മാനിക്കുന്ന പ്രകടനമാണ് മുന്നേറ്റ നിര താരം ലൗട്ടാറോ മാർട്ടിനസ് ഇതുവരെയും കാഴ്ചവെച്ചിട്ടുള്ളത്.
അർജൻ്റീനക്ക് വേണ്ടി ലയണൽ മെസ്സി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള താരം ലൗട്ടാറോ മാർട്ടിനസ് ആണ്. ലോകകപ്പിന് മുൻപ് ഇത്തവണത്തെ ടൂർണമെൻ്റിൽ താരം ടോപ് സ്കോറർ ആയേക്കുമെന്നും പലരും പ്രവചനം നടത്തിയിരുന്നു. എന്നാൽ ആരാധകരുടെ പ്രതീക്ഷകൾക്ക് ഉയരാൻ ലോകകപ്പ് തുടങ്ങി ഇതുവരെയും ഇന്റർ മിലാൻ താരത്തിന് സാധിച്ചിട്ടില്ല. താരത്തിന്റെ മോശം ഫോം കാരണം ആ സ്ഥാനം ജൂലിയൻ അൽവാരസ് സ്വന്തമാക്കുകയും ചെയ്തു.
കഴിഞ്ഞ പ്രീക്വാർട്ടർ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ പകരക്കാരനായി ഇറങ്ങിയ താരം നിരവധി സുവർണാവസരങ്ങൾ നഷ്ടമാക്കിയിരുന്നു. ഇതിനെതിരെ രൂക്ഷമായി വിമർശിച്ചു കൊണ്ട് ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. അടുത്ത മത്സരത്തിൽ താരം അതിശക്തമായി തിരിച്ചുവരും എന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ലൗട്ടാറോയുടെ ഏജൻ്റ്. താരത്തിന്റെ മോശം ഫോം എന്തുകൊണ്ടാണെന്നും ഏജൻ്റ് വ്യക്തമാക്കി.
“ലൗട്ടാറോ ലോകകപ്പിന് എത്തിയത് ആംഗിളിൽ വേദനയുമായാണ്. വേദനയുടെ ഗുളിക കഴിച്ചിട്ടാണ് ഓരോ മത്സരത്തിലും ഈ ലോകകപ്പിൽ താരം കളിച്ചത്. അക്കാര്യങ്ങളൊന്നും മാധ്യമങ്ങൾ അറിയരുത് എന്നായിരുന്നു താരം കരുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം അവൻ എന്നെ വിളിച്ച് എല്ലാം ശരിയായി എന്നാണ് പറഞ്ഞത്.”-താരത്തിന്റെ ഏജൻ്റ് ആയ കമാണോ പറഞ്ഞു. ആരാധകർക്ക് ആശ്വാസം പകരുന്നതാണ് ഏജന്റിന്റെ ഈ വാക്കുകൾ. തങ്ങളുടെ പഴയ ലൗട്ടാറോയെ ഇനിയുള്ള ലോകകപ്പ് മത്സരങ്ങളിൽ തിരികെ ലഭിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.