ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം ഉഗ്രന്‍ ബോളിംഗ് പ്രകടനമാണ് ബൂമ്ര കാഴ്ചവെച്ചത്. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിൽ 6 വിക്കറ്റുകൾ സ്വന്തമാക്കിയാണ് ബൂമ്ര മികവ് പുലർത്തിയത്. ഇതിൽ രണ്ടാം ദിവസം ഉച്ചഭക്ഷണത്തിന് ശേഷം ബൂമ്ര എറിഞ്ഞ നിർണായക സ്പെല്ലായിരുന്നു പ്രധാന പങ്കുവഹിച്ചത്.
ഈ സ്പെല്ലിൽ ഇംഗ്ലണ്ടിന്റെ സൂപ്പർ താരങ്ങളായ ജോ റൂട്ട്, ഓലീ പോപ്പ് എന്നിവരെ ചെറിയ ഇടവേളയിൽ പുറത്താക്കാൻ ബുമ്രയ്ക്ക് സാധിച്ചു. ശേഷം ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിര തകരുകയായിരുന്നു. ജോ റൂട്ടിനെ ബൂമ്ര സ്ലിപ്പിന്റെ കൈകളിൽ എത്തിച്ചപ്പോൾ, ഓലീ പോപ്പിന്റെ സ്റ്റമ്പ് പിഴുതെറിയുകയായിരുന്നു. ബുമ്രയുടെ ഈ പ്രകടനത്തിൽ പ്രധാന പങ്കുവഹിച്ചത് ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് എന്നാണ് ഇപ്പോൾ മുൻ ഇന്ത്യൻ പേസർ സഹീർ ഖാൻ പറയുന്നത്.
നിർണായക സമയത്ത് രോഹിത് ശർമ ബൂമ്രയ്ക്ക് ബോൾ നൽകിയത് ഇന്ത്യയെ മത്സരത്തിൽ സഹായിച്ചു എന്ന് സഹീർ ഖാൻ കരുതുന്നു. ഉച്ചഭക്ഷണത്തിന് ശേഷം രോഹിത് ബോൾ നൽകിയതിനാൽ തന്നെ ബൂമ്ര അതിനോട് നന്നായി പ്രതികരിച്ചു എന്ന് സഹീർ കരുതുന്നു.
“ജസ്പ്രീത് ബൂമ്രയെ ആ സമയത്ത് പന്ത് എറിയിക്കാനുള്ള ആ നീക്കം വളരെ കണക്കുകൂട്ടലുകളോട് കൂടിയതായിരുന്നു. ക്രോളിയുടെ വിക്കറ്റ് പോയതിന് ശേഷം രോഹിത് ഫീൽഡിൽ വളരെ സജീവമായിരുന്നു. മാത്രമല്ല ആ സമയത്ത് റൂട്ട് ക്രീസിലേക്ക് എത്തിയതേ ഉണ്ടായിരുന്നുള്ളൂ.”
“കഴിഞ്ഞ ഇന്നിങ്സിൽ ഓലി പോപ്പ് ഇന്ത്യയെ ഒരുപാട് ബുദ്ധിമുട്ടിച്ചു. ഈ സമയത്ത് തങ്ങളുടെ പ്രധാന ബോളർക്ക് അവസരം നൽകുക എന്നതാണ് ചെയ്യേണ്ടത്. അതാണ് രോഹിത് ചെയ്തതും. ആ അവസരത്തോട് നന്നായി തന്നെ പ്രതികരിക്കാൻ ബൂമ്രയ്ക്കും സാധിച്ചു.”- സഹീർ പറയുന്നു.
“ബൂമ്രാ ആ സ്പെൽ ആരംഭിച്ച സമയത്ത് എന്തെങ്കിലുമൊക്കെ സംഭവിക്കും എന്നത് നമുക്ക് ഉറപ്പായിരുന്നു. കാരണം അപ്പോൾ റിവേഴ്സ് സ്വിങ് ലഭിക്കുന്നുണ്ടായിരുന്നു. അത്തരം സാഹചര്യത്തിൽ എന്തെങ്കിലും തരത്തിൽ സ്വിങ് ലഭിച്ചാൽ ബൂമ്ര ഏതുതരത്തിൽ പ്രകടനം കാഴ്ചവയ്ക്കും എന്ന് നമുക്കറിയാം.”
ബുമ്ര പതിയെ തന്റെ പേസ് കണ്ടെത്തുകയും കൃത്യമായി വിക്കറ്റുകൾ സ്വന്തമാക്കാനായി പരിശ്രമിക്കുകയും ചെയ്തു. ഇങ്ങനെയാണ് ഇന്ത്യയ്ക്ക് നിർണായകമായ വിക്കറ്റുകൾ ആ സമയത്ത് ലഭിച്ചത്.”- സഹീർ ഖാൻ കൂട്ടിച്ചേർക്കുന്നു.
മത്സരത്തിൽ ഒരു അത്യുഗ്രൻ ബോളിംഗ് പ്രകടനം തന്നെയാണ് ബൂമ്ര കാഴ്ചവച്ചത്. ഇന്ത്യൻ സ്പിന്നർമാർക്കെതിരെ ഇംഗ്ലണ്ട് ആക്രമണം അഴിച്ചുവിട്ടപ്പോൾ ബൂമ്ര ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. മത്സരത്തിൽ 15.5 ഓവറുകളാണ് ബൂമ്ര പന്തറിഞ്ഞത്.
ഇതിൽ 5 മെയ്ഡനുകളടക്കം 45 റൺസ് ബുമ്ര വിട്ടു നൽകുകയുണ്ടായി. 6 വിക്കറ്റുകളാണ് ഈ പേസർ തന്റെ പേരിൽ ചേർത്തത്. ബുമ്രയുടെ ഈ മികച്ച പ്രകടനത്തിലൂടെ മത്സരത്തിൽ 143 റൺസിന്റെ ലീഡ് കണ്ടെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മൂന്നാം ദിവസവും ഈ മികവുറ്റ പ്രകടനം ആവർത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുക.