ഒറ്റയാള്‍ പോരാട്ടവുമായി സിക്കന്ദര്‍ റാസ | ഇന്ത്യയെ വിറപ്പിച്ച് സിംബാബ്‌വെ തോറ്റു

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. പരമ്പരയിലെ അവസാന മത്സരത്തില്‍ 13 റണ്ണിനായിരുന്നു ഇന്ത്യയുടെ വിജയം. 290 റണ്‍സ് റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ക്കായി സിക്കന്ദര്‍ റാസ പോരാടിയെങ്കിലും 276 റണ്‍സില്‍ എല്ലാവരും പുറത്തായി. സ്കോര്‍ – ഇന്ത്യ – 289/8 (50) സിംബാബ്‌വെ – 276(49.3)

വിജയലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് ഇന്നസെന്‍റ് കൈയയെ നഷ്ടമായെങ്കിലും സീന്‍ വില്യംസിലൂടെ (45) മുന്നേറി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ തിരിച്ചെത്തി. ഒരു ഘട്ടത്തില്‍ 122 ന് 5 എന്ന നിലയില്‍ തകര്‍ന്ന സിംബാബ്‌വെയെ കരകയറ്റിയത് സിക്കന്ദര്‍ റാസയായിരുന്നു.

344628

അവസാന 5 ഓവറില്‍ 52 റണ്‍സായിരുന്നു സിംബാബ്‌വെക്ക് വേണ്ടിയിരുന്നത്. ക്രീസില്‍ സിക്കന്ദര്‍ റാസയുള്ളത് ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്നു. 87 പന്തില്‍ നിന്നും സെഞ്ചുറി അടിച്ച സിക്കന്ദര്‍ റാസ ആവേശ് ഖാനെതിരെ ഫോറും സിക്സുമടിച്ച് തോല്‍ക്കാന്‍ മനസ്സിലെന്നു കാണിച്ചു. എന്നാല്‍ താക്കൂറിനെ ബൗണ്ടറി അടിക്കാനുള്ള ശ്രമത്തിനിടെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ശുഭ്മാന്‍ ഗില്‍ പുറത്താക്കി.

95 പന്തില്‍ 9 ഫോറും 3 സിക്സുമായി 115 റണ്‍സാണ് സികന്ദര്‍ റാസ നേടിയത്. അവസാന ഓവറില്‍ 15 റണ്‍ വേണമെന്നിരിക്കെ ആവേശ് ഖാന്‍ നയൂച്ചിയെ പുറത്താക്കി വിജയം ഇന്ത്യക്ക് നേടി കൊടുത്തു.

FaxKSgrXgAYqdB

28 റണ്‍സുമായി ബ്രാഡ് ഇവാന്‍സ് റാസയുമൊത്ത് സെഞ്ചുറി കൂട്ടൂകെട്ടില്‍ പങ്കാളിയായിരുന്നു. ഇന്ത്യക്കായി ദീപക്ക് ചഹര്‍, കുല്‍ദീപ് യാദവ്, ആക്ഷര്‍ പട്ടേല്‍, എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആവേശ് ഖാന്‍ 3 ഉം താക്കൂര്‍ ഒരു വിക്കറ്റും നേടി.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത് ശിഖാര്‍ ധവാനും കെല്‍ രാഹുലും ചേര്‍ന്നാണ്. ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 63 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇരുവരുടേയും മെല്ലപ്പോക്ക് ഇന്ത്യന്‍ സ്കോറിങ്ങിനെ കാര്യമായി ബാധിച്ചിരുന്നു. ധവാന്‍ 68 പന്തില്‍ നിന്നും 40 റണ്‍സ് നേടിയപ്പോള്‍ കെല്‍ രാഹുല്‍ 46 പന്തില്‍ നിന്നാണ് 30 റണ്‍സ് നേടിയത്.

344623

പിന്നീടെത്തിയ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനുമാണ് മികച്ച സ്കോറിലേക്കുള്ള അടിത്തറ പാകിയത്. ടച്ച് കിട്ടാന്‍ ഇഷാന്‍ കിഷന്‍ സമയം എടുത്തപ്പോള്‍ ബൗണ്ടറികളിലൂടെ ശുഭ്മാന്‍ ഗില്‍ സ്കോറിങ്ങ് കൂട്ടി. ഇരുവരും ചേര്‍ന്ന് 127 പന്തില്‍ 140 റണ്‍സ് മൂന്നാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തു. 61 പന്തില്‍ 50 റണ്‍സുമായി ഇഷാന്‍ കിഷന്‍ റണ്ണൗട്ടായാണ് മടങ്ങിയത്. പിന്നീടെത്തിയ ദീപക്ക് ഹൂഡക്ക് (1) കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ലാ.

FaweqG8VQAMQFA4

ഇതിനിടെ കരിയറിലെ തന്‍റെ ആദ്യ ഏകദിന സെഞ്ചുറി ശുഭ്മാന്‍ ഗില്‍ നേടി. 82 പന്തില്‍ നിന്നാണ് തന്‍റെ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്. മറുവശത്ത് സഞ്ചു സാംസണാകട്ടെ (13 പന്തില്‍ 15) തുടര്‍ച്ചയായ രണ്ട് സിക്സുകള്‍ അടിച്ചെങ്കിലും അടുത്ത പന്തില്‍ മടങ്ങി. പിന്നാലെ അക്ഷറും (1) മടങ്ങി. 97 പന്തില്‍ 130 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ അടിച്ചെടുത്തത്.

സിംബാബ്‌വെക്കെതിരെ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടിയാണ് ഗില്‍ മടങ്ങിയത്. 15 ഫോറിന്‍റെയും 1 സിക്സിന്‍റേയും അകമ്പടിയോടെയാണ് ഗില്ലിന്‍റെ ഈ സ്കോര്‍. സിംബാബ്‌വെക്കായി ബ്രാഡ് ഇവാന്‍സ് 5 വിക്കറ്റ് വീഴ്ത്തി.

Previous articleസിംബാബ്‌വയില്‍ കന്നി ഏകദിന സെഞ്ചുറി ; സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോഡ് തകര്‍ത്ത് ശുഭ്മാന്‍ ഗില്‍
Next articleമാന്യതയുടെ ആള്‍ രൂപമായി ദീപക്ക് ചഹര്‍. ഒടുവില്‍ അതേ താരത്തിന്‍റെ വിക്കറ്റും ലഭിച്ചു.