ലോകചാംപ്യന്‍മാരെ തോല്‍പ്പിച്ച് സിംബാബ്‌വെ. ലോകകപ്പ് വിജയാഘോഷം തീരും മുന്‍പേ പരാജയം.

സിംബാബ്വെയ്ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഞെട്ടിക്കുന്ന പരാജയം നേരിട്ട് ഇന്ത്യ. താരതമ്യന ദുർബലരായ സിംബാബ്വെക്കെതിരെ 13 റൺസിന്റെ പരാജയമാണ് ഇന്ത്യ നേരിട്ടത്. 2024 ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് ശേഷമുള്ള തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യയെ അത്ഭുതപ്പെടുത്താൻ സിംബാബ്വെ ടീമിന് സാധിച്ചു. മത്സരത്തിൽ ബാറ്റിംഗിൽ വിക്കറ്റ് കീപ്പർ മടണ്ടെ(29*) ആയിരുന്നു തിളങ്ങിയത്. ബോളിങ്ങിൽ 3 വിക്കറ്റുകൾ വീതം നേടിയ സിക്കന്ദർ റാസയും ചത്തരയും ഇന്ത്യയുടെ അന്തകരായി മാറുകയായിരുന്നു. തീർത്തും പക്വതയില്ലാത്ത ബാറ്റിംഗ് പ്രകടനമാണ് മത്സരത്തിൽ ഇന്ത്യൻ യുവനിരയ്ക്ക് തിരിച്ചടിയായത്. നാളെയാണ് പരമ്പരയിലെ അടുത്ത മത്സരം നടക്കുന്നത്.

മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു വളരെ മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് മുകേഷ് കുമാർ നൽകിയത്. സിംബാബ്വെയുടെ ഓപ്പണർ കിയയെ തുടക്കം തന്നെ പുറത്താക്കാൻ മുകേഷിന് സാധിച്ചു. പിന്നീട് ബെന്നറ്റും മതവേരയും ചേർന്ന് സിംബാബ്വെയുടെ സ്കോർ ഉയർത്തുകയായിരുന്നു.

ബെന്നറ്റ് മത്സരത്തിൽ 15 പന്തുകളിൽ 5 ബൗണ്ടറികളടക്കം 22 റൺസാണ് നേടിയത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കി രവി ബിഷണോയി മത്സരത്തിൽ ഇന്ത്യയെ തിരികെ കൊണ്ടുവന്നു. പിന്നീട് ഇന്നിംഗ്സിന്റെ മധ്യസമയത്ത് സിംബാബ്വെ ബാറ്റിംഗ് നിര ഇന്ത്യൻ സ്പിന്നർമാർക്ക് മുൻപിൽ പതറുന്നതാണ് കണ്ടത്. 23 റൺസെടുത്ത മയേഴ്സ് മാത്രമാണ് സിംബാബ്വെയുടെ മധ്യനിരയിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചത്.

മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചു വരവ് നടത്തി. ഇതോടെ സിംബാബ്വെ 9 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് എന്ന നിലയിൽ തകർന്നു. പക്ഷേ അവസാന വിക്കറ്റിൽ 25 റൺസിന്റെ കൂട്ടുകെട്ട് സിംബാബ്വെയ്ക്ക് കൂട്ടിച്ചേർക്കാൻ സാധിച്ചു.

ഇത് ഇന്ത്യയ്ക്ക് വലിയ ബാധ്യതയായി മാറുകയായിരുന്നു. ബോളിങ്ങിന് അനുകൂലമായ പിച്ചിൽ 115 റൺസാണ് സിംബാബ്വെ സ്വന്തമാക്കിയത്. മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ദുരന്ത തുടക്കം തന്നെയാണ് ലഭിച്ചത്. അരങ്ങേറ്റക്കാരനായ അഭിഷേക് ശർമയുടെ(0) വിക്കറ്റ് തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി.

ഒരുവശത്ത് നായകൻ ഗിൽ (31) ക്രീസിൽ ഉറച്ചെങ്കിലും മറുവശത്ത് തുരുതുരാ ഇന്ത്യയുടെ വിക്കറ്റുകൾ നഷ്ടമായിക്കൊണ്ടിരുന്നു. ഋതുരാജ്(7) റിയാൻ പരാഗ്(2) റിങ്കൂ സിംഗ്(0) ധ്രുവ് ജൂറൽ(7) എന്നിവർ കണ്ണടച്ച് തുറക്കും മുൻപ് കൂടാരം കയറിയത് ഇന്ത്യയെ ബാധിക്കുകയായിരുന്നു. ഇതോടെ ഇന്ത്യ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങി. അവസാന സമയങ്ങളിൽ 12 പന്തുകളില്‍ 16 റൺസ് നേടിയ ആവേശ് ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകി.

പക്ഷേ തങ്ങളുടെ സ്പിന്നർമാരെ ഉപയോഗിച്ച് ഇന്ത്യയുടെ അവസാന പ്രതീക്ഷയും ഇല്ലാതാക്കാൻ സിംബാബ്വെ ശ്രമിച്ചു. അവസാന ഓവറുകളിൽ വാഷിംഗ്ടൺ സുന്ദർ മാത്രമാണ് ഇന്ത്യക്കായി പോരാട്ടം നയിച്ചത്. അവസാന ഓവറിൽ 16 റൺസായിരുന്നു ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് അവശേഷിച്ചത്. എന്നാൽ അവസാന പന്തുകളിൽ മികവ് പുലർത്താൻ വാഷിംഗ്ടൺ സുന്ദറിന് സാധിച്ചില്ല. ഇതോടെ ഇന്ത്യ മത്സരത്തിൽ 13 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

Previous article“അവൻ രോഹിത് ശർമയെ പോലെയുള്ള താരം, പിന്തുണയ്ക്കണം “. ഇന്ത്യയുടെ യുവതാരത്തെ പറ്റി ഇർഫാൻ പത്താൻ.
Next article“ഞാൻ അവസാനം വരെ നിന്നിരുന്നെങ്കിൽ…..”- ശുഭ്മാന്‍ ഗില്‍.