‘ഇന്ത്യക്കാർ എന്നോട് ക്ഷമിക്കണം, തെറ്റുപറ്റി’. ഇന്ത്യവിരുദ്ധ പോസ്റ്റുകൾക്ക് മാപ്പ് പറഞ്ഞ് പാക് റിപ്പോർട്ടർ സൈനബ്.

2023 ഏകദിന ലോകകപ്പിൽ ഐസിസിയുടെ ഡിജിറ്റൽ ടീമിൽ അംഗമായിരുന്നു പാക്കിസ്ഥാൻ പ്രസന്റർ സൈനബ് അബ്ബാസ്. പാക്കിസ്ഥാന്റെ ആദ്യ രണ്ടു മത്സരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി സൈനബ് അബ്ബാസ് ഇന്ത്യയിൽ എത്തിയിരുന്നു. എന്നാൽ അതിനുശേഷം കുറച്ചധികം നാടകീയ സംഭവങ്ങൾ ഉണ്ടായിരുന്നു. സൈനബിന്റെ സോഷ്യൽ മീഡിയയിലെ പഴയ ഇന്ത്യ വിരുദ്ധ പോസ്റ്റുകൾ വലിയ രീതിയിൽ ശ്രദ്ധ നേടുകയും അക്കാരണത്താൽ സൈനബിന് ഇന്ത്യയിൽ നിന്ന് തിരികെ പോവേണ്ടിയും വന്നിരുന്നു.

വലിയ രീതിയിലുള്ള പ്രതിഷേധം തന്നെയായിരുന്നു ഇന്ത്യയിൽ റിപ്പോർട്ടർ സൈനബിന് നേരിടേണ്ടി വന്നത്. തിരികെ നാട്ടിലെത്തിയതിനു ശേഷം ഇതേ സംബന്ധിച്ചുള്ള നിശബ്ദത വെടിഞ്ഞിരിക്കുകയാണ് സൈനബ് അബ്ബാസ് ഇപ്പോൾ. തന്റെ പഴയ പോസ്റ്റുകൾ ഇന്ത്യൻ ജനതയെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് താൻ മാപ്പുപറയുന്നു എന്നാണ് സൈനബ് പറയുന്നത്.

സോഷ്യൽ മീഡിയയിലെ തന്റെ പോസ്റ്റുകളിലെ ഇന്ത്യ വിരുദ്ധത മൂലം വലിയ പ്രക്ഷോഭങ്ങൾ സൈനബിനെതിരെ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സൈനബ് ഇന്ത്യ വിട്ടത് എന്നാണ് ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ പിന്നീട് സ്പോർട്സ് ഗവണിങ് ബോഡി നൽകിയ വിശദീകരണം മറ്റൊന്നായിരുന്നു. തന്റെ വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് സൈനബ് ഇന്ത്യ വിട്ടത് എന്നാണ് സ്പോർട്സ് ഗവണിങ് ബോഡി പറഞ്ഞത്. എന്നാൽ ഇപ്പോൾ താൻ ഇന്ത്യ വിടാനുള്ള കാരണങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് സൈനബ്. പഴയ പോസ്റ്റുകൾ ഇത്രയധികം ചർച്ചാവിഷയമായ സാഹചര്യത്തിൽ തനിക്ക് ഇന്ത്യയിൽ തുടരാൻ ഭയമുണ്ട് എന്നാണ് സൈനബ് പറഞ്ഞത്. ട്വിറ്ററിലൂടെ ആയിരുന്നു സൈനബ് തന്റെ കാര്യങ്ങൾ വിശദീകരിച്ചത്.

“ഇന്ത്യയിലായിരുന്ന സമയത്ത് എല്ലാവരോടുമുള്ള എന്റെ ഇടപെടലുകളും മറ്റും വളരെ നന്നായിരുന്നു. എല്ലാവരും എന്നോട് വലിയ സ്നേഹത്തോടെ തന്നെയാണ് പെരുമാറിയിരുന്നത്. മാത്രമല്ല ഇന്ത്യയിൽ നിന്ന് തിരിച്ചുപോകാൻ ആരും തന്നെ എന്നോട് പറഞ്ഞിരുന്നില്ല. ഞാനും തിരിച്ചു പോകുന്നതിനെ പറ്റി സംസാരിച്ചിരുന്നില്ല.

എന്നിരുന്നാലും ഓൺലൈനിലൂടെ വന്ന ചില പ്രതികരണങ്ങൾ എനിക്ക് ഭയമുണ്ടാക്കി. എനിക്ക് നേരെ വലിയ ഭീഷണികളൊന്നും ഉണ്ടായില്ലെങ്കിലും, ബോർഡറിന്റെ ഇരുഭാഗത്തുമുള്ള എന്റെ കൂട്ടുകാരും കുടുംബവും അവരുടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിനാൽ എനിക്ക് അല്പം മാറി നിൽക്കേണ്ടത് ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഞാൻ ഇന്ത്യയിൽ നിന്ന് തിരികെ വന്നത്.’- സൈനബ് കുറിച്ചു.

“നിലവിൽ വൈറലായിരിക്കുന്ന എന്റെ പോസ്റ്റുകൾ ഇന്ത്യൻ ജനതക്ക് എത്രമാത്രം വേദനാജനകമാണ് എന്ന് ഞാൻ മനസ്സിലാക്കുന്നു. എന്റെ മൂല്യങ്ങളോ, ഞാൻ ഇന്ന് എങ്ങനെയുള്ള ആളാണെന്നോ കാണിക്കുന്ന പോസ്റ്റുകളല്ല അത് എന്ന് ഞാൻ വ്യക്തമാക്കുകയാണ്. അത്തരം ഭാഷ ഉപയോഗിച്ചതിന് ഞാൻ യാതൊരു എക്സ്ക്യൂസും അർഹിക്കുന്നില്ല. മാത്രമല്ല അത്തരം വാക്കുകൾ ഉപയോഗിക്കേണ്ടി വന്നതിൽ ഞാൻ മാപ്പ് പറയുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്തും എന്റെയൊപ്പം നിന്ന് എല്ലാവർക്കും ഞാൻ നന്ദി അറിയിക്കുന്നു.”- സൈനബ് കൂട്ടിച്ചേർത്തു.

Previous articleവീണ്ടും കേരള നായകനായി സഞ്ജു എത്തുന്നു. കരുത്തുകാട്ടി ഇന്ത്യൻ ടീമിൽ തിരികെയെത്താൻ അവസരം.
Next articleമണ്ടൻ ക്യാപ്റ്റൻ, മണ്ടൻ തീരുമാനങ്ങൾ. ലോകകപ്പിൽ ഓസ്ട്രേലിയ ദുരന്തമാവാനുള്ള കാരണം.