ഐപിഎൽ പതിനഞ്ചാം സീസണിൽ പരിതാപകരമായ അവസ്ഥയിലാണ് മുംബൈ ഇന്ത്യൻസ് പോയിക്കൊണ്ടിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ഒരു ടീം ഒരു സീസണിൽ ഏറ്റവും കൂടുതൽ തോൽവി വഴങ്ങിയ റെക്കോർഡ് മുംബൈ ഇന്ത്യൻസ് ഇത്തവണ സ്വന്തമാക്കി.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും രോഹിത് ശർമയും ഇത്തവണ അമ്പേ പരാജയമാണ്. 11 മത്സരങ്ങളിൽ നിന്ന് വെറും 200 റൺസ് മാത്രമാണ് ഇത്തവണ ബിഗ് ഹിറ്റുകൾക്ക് പേരുകേട്ട ഇന്ത്യയുടെ കപ്പിത്താൻ നേടിയിട്ടുള്ളത്. ഇപ്പോഴിതാ രോഹിത് ആരാധകർക്ക് പ്രതീക്ഷ നൽകിക്കൊണ്ട് പ്രവചനം നടത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്.
“ഹിറ്റ്‌മാന് കുറച്ച് നിര്‍ഭാഗ്യമുണ്ട്. എന്നാല്‍ വലുത് എന്തൊക്കയോ വരാനിരിക്കുന്നു. ആത്മവിശ്വാസത്തോടെ തുടരുക”. ഇതായിരുന്നു യുവരാജ് പറഞ്ഞത്. ഐപിഎല്ലിനെ കുറിച്ചല്ല, വരാനിരിക്കുന്ന ട്വൻറി20 ലോകകപ്പിനെ കുറിച്ചായിരിക്കും യുവിയുടെ പ്രവചനം എന്നാണ് ആരാധകർ പറയുന്നത്.
രോഹിത് ശർമയെ പോലെതന്നെ വിരാട് കോഹ്ലിയും ഇത്തവണ ഫോം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. മൂന്നുതവണയാണ് വിരാട് കോലി ഇത്തവണ റൺസ് ഒന്നും എടുക്കാതെ പുറത്തായത്. ഇന്ത്യയുടെ ഇരു സൂപ്പർതാരങ്ങളുടെയും തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകർ.