എന്നെ ഇവിടെ വരെ എത്തിച്ചത് യുവി ഭായുടെ കഠിനപ്രയത്നം. ഗുരുവിനെ പറ്റി തുറന്ന് പറഞ്ഞ് അഭിഷേക് ശർമ.

GR4fRvwXkAA9jZ3 1

സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് ഇന്ത്യയുടെ യുവതാരം അഭിഷേക് ശർമ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ അഭിഷേകിന് വേണ്ട രീതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ പൂജ്യനായി അഭിഷേകിന് മടങ്ങേണ്ടി വന്നു.

എന്നാൽ രണ്ടാം മത്സരത്തിൽ ഒരു ഉഗ്രൻ സെഞ്ച്വറി സ്വന്തമാക്കി അഭിഷേക് ശർമ എല്ലാവരെയും ഞെട്ടിക്കുകയുണ്ടായി. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം തന്റെ ഗുരു കൂടിയായ യുവരാജ് സിംഗിൽ നിന്നുണ്ടായ പ്രതികരണത്തെ പറ്റി അഭിഷേക് ശർമ സംസാരിച്ചു. ആദ്യ മത്സരത്തിൽ താൻ പൂജ്യനായി പുറത്തായതിൽ യുവരാജ് വലിയ സന്തോഷവാനായിരുന്നു എന്ന് അഭിഷേക് ശർമ പറയുന്നു.

എന്തുകൊണ്ടാണ് ആ സാഹചര്യത്തിൽ യുവരാജിനെ അത്ര സന്തോഷവാനായി കാണപ്പെട്ടത് എന്ന് തനിക്ക് അറിയില്ല എന്ന് അഭിഷേക് പറഞ്ഞു. എന്നാൽ തന്റെ കരിയറിന് മികച്ച തുടക്കമാണ് ലഭിച്ചത് എന്ന് യുവരാജ് പറഞ്ഞതായി അഭിഷേക് കൂട്ടിച്ചേർക്കുകയുണ്ടായി.

“കഴിഞ്ഞ ദിവസവും ഞാൻ യുവി ഭായിയോട് സംസാരിച്ചിരുന്നു. ഞാൻ പൂജ്യനായി പുറത്തായതിൽ അദ്ദേഹം ഇത്രമാത്രം സന്തോഷിച്ചത് എന്തിനാണെന്ന് എനിക്കിപ്പോഴും അറിയില്ല. അദ്ദേഹം എന്നോട് പറഞ്ഞത് ഇതൊരു മികച്ച തുടക്കമാണ് എന്നാണ്. എന്റെ കുടുംബത്തെ പോലെ തന്നെ അദ്ദേഹത്തിനും വലിയ അഭിമാനമുണ്ടായി എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.”- അഭിഷേക് ശർമ ചൂണ്ടിക്കാട്ടുന്നു.

Read Also -  അവസാന ഓവറിൽ സൽമാൻ നിസാറിന്റെ ഉഗ്രൻ സേവ്. തൃശൂരിനെ ത്രില്ലറിൽ പൂട്ടി കാലിക്കറ്റ്.

ഇതുവരെയുള്ള തന്റെ ക്രിക്കറ്റ് പ്രയാണത്തിൽ വലിയ രീതിയിലുള്ള പങ്ക് യുവരാജ് സിംഗ് വഹിച്ചിട്ടുണ്ട് എന്ന് അഭിഷേക് പറയുകയുണ്ടായി. ക്രിക്കറ്റിൽ മാത്രമല്ല ജീവിതത്തിലും യുവരാജിന് തന്നെ സ്വാധീനിക്കാൻ സാധിച്ചിട്ടുണ്ട് എന്ന് അഭിഷേക് കൂട്ടിച്ചേർത്തു.

“ഞാൻ ഇവിടെ വരെ എത്തിയതിന്റെ ഒരുപാട് ക്രെഡിറ്റ് യുവരാജ് അർഹിക്കുന്നു. എനിക്കായി ഒരുപാട് കഠിനപ്രയത്നങ്ങൾ യുവരാജ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 2-3 വർഷങ്ങളിൽ എനിക്ക് ക്രിക്കറ്റിൽ മാത്രമല്ല ജീവിതത്തിലും യുവരാജിൽ നിന്ന് ഒരുപാട് സഹായങ്ങൾ ലഭിച്ചിട്ടുണ്ട്.”- അഭിഷേക് ശർമ കൂട്ടിച്ചേർത്തു.

രണ്ടാം മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതിന് ശേഷം യുവരാജ് സിംഗ് തന്നെ വിളിച്ച് അഭിനന്ദിച്ചതായും അഭിഷേക് ശർമ പറയുകയുണ്ടായി. വലിയ അഭിമാനം ഉണ്ടെന്നും ഇത്തരമൊരു സെഞ്ച്വറി താൻ അർഹിച്ചതാണെന്നും യുവരാജ് പറഞ്ഞതായി അഭിഷേക് കൂട്ടിച്ചേർക്കുന്നു. മാത്രമല്ല ഇതൊരു തുടക്കം മാത്രമാണ് എന്ന് യുവരാജ് ചൂണ്ടിക്കാട്ടിയതായും അഭിഷേക് പറഞ്ഞു.

അഭിഷേകിനെ സംബന്ധിച്ച് വളരെ മികച്ച തുടക്കമാണ് കരിയറിന് ലഭിച്ചിരിക്കുന്നത്. മൂന്നാം മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥിര സാന്നിധ്യമായി മാറാനുള്ള തയ്യാറെടുപ്പിലാണ് അഭിഷേക് ശർമ

Scroll to Top