വീണ്ടും ആദ്യ ഓവർ മെയ്ഡൻ. നാണക്കേടുമായി കെഎൽ രാഹുൽ.

ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നാണക്കേടിന്റെ മെയ്ഡൻ റെക്കോർഡ് സ്വന്തമാക്കി കെഎൽ രാഹുൽ. മത്സരത്തിൽ ലക്നൗ ഇന്നിങ്‌സിന്റെ ആദ്യ ഓവറിൽ ഒരു റൺ പോലും നേടാനാവാതെ കെഎൽ രാഹുൽ മെയ്ഡൻ ആക്കുകയായിരുന്നു. ഇതോടെയാണ് രാഹുലിന്റെ പേരിൽ നാണക്കേടിന്റെ റെക്കോർഡ് വന്നെത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് രാഹുൽ ആദ്യ ഓവറിൽ ഒരു റൺ പോലും നേടാതെ കളിക്കുന്നത്. ഇത് ആദ്യമായാണ് ഒരു ടീമിലെ ഓപ്പണർ തുടർച്ചയായി രണ്ടു മത്സരങ്ങളിലും ആദ്യത്തെ ഓവർ മെയ്ഡനാക്കി മാറ്റുന്നത്. കഴിഞ്ഞ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെയും ആദ്യ ഓവർ രാഹുൽ മെയ്ഡനാക്കിയിരുന്നു. അന്ന് ട്രെൻഡ് ബോൾട്ടായിരുന്നു ആദ്യ ഓവർ എറിഞ്ഞത്.

2014ലെ ഐപിഎൽ മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 28 മെയ്ഡൻ ഓവറുകളാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇതിൽ 12 എണ്ണവും രാഹുലിനെ മുൻനിർത്തിയാണ് ബോളർമാർ മെയ്ഡൻ ആക്കിയിരിക്കുന്നത് എന്നത് നിരാശപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്. മുൻപ് പവർപ്ലെയിലെ രാഹുലിന്റെ ബാറ്റിംഗ് കാണുന്നത് വലിയ രീതിയിൽ വിരസത ഉണ്ടാക്കുന്നുണ്ട് എന്ന് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ പറയുകയുണ്ടായി. ഇത് ശരി വയ്ക്കുന്ന പ്രകടനം തന്നെയായിരുന്നു ഗുജറാത്തിനെതിരായ മത്സരത്തിലും രാഹുൽ കാഴ്ചവെച്ചത്.

8e85a34f b64d 40c3 8e72 fa0dee421bec

മത്സരത്തിൽ 136 റൺസായിരുന്നു ലക്നൗവിന്റെ വിജയലക്ഷ്യം. എന്നാൽ ആദ്യ ഓവർ മുതൽ വളരെ പതിഞ്ഞ താളത്തിലാണ് രാഹുൽ കളിച്ചത്. അവസാന ഓവറുകളിൽ നിസാര റൺസ് മാത്രം ജയിക്കാൻ വേണ്ടിയിരുന്നിട്ടും വമ്പൻ ഷോട്ടുകൾ കളിക്കാൻ കെഎൽ രാഹുൽ തയ്യാറായില്ല. അങ്ങനെ മത്സരം അവസാന ഓവറിൽ 13 റൺസ് എന്ന നിലയിൽ എത്തി. എന്നാൽ ഓവറിലെ രണ്ടാം പന്തിൽ  രാഹുൽ മടങ്ങുകയും ചെയ്തു. മത്സരത്തിൽ 61 പന്തുകളിൽ 68 റൺസാണ് രാഹുൽ നേടിയത്. 8 ബൗണ്ടറികൾ മാത്രമാണ് രാഹുലിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. 111 ആണ് രാഹുലിന്റെ ഇന്നിംഗ്സിലെ സ്ട്രൈക്ക് റേറ്റ്.

രാഹുലിന്റെ ഈ പതിഞ്ഞ ഇന്നിംഗ്സ് മാത്രമാണ് ലക്നൗ സൂപ്പർ ജെയന്റ്സ് മത്സരത്തിൽ പരാജയപ്പെടാൻ കാരണമായി മാറിയത്. ഒരുപാട് വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും ബാറ്റർമാർ വമ്പൻ ഷോട്ടുകൾക്ക് ശ്രമിക്കാതിരുന്നതും, അറ്റാക്കിങ് മനോഭാവം കാട്ടാതിരുന്നതും മത്സരത്തിൽ ലക്നൗവിനെ ബാധിച്ചു. തങ്ങളുടെ കൈപ്പിടിയിലുണ്ടായിരുന്ന മത്സരം അനായാസം ലക്‌നൗ വിട്ടുകളയുകയായിരുന്നു. രാഹുലിന്റെ മത്സരത്തിലെ പ്രകടനം ഇന്ത്യൻ ടീമിനും വലിയ രീതിയിൽ നിരാശ ഉണ്ടാക്കുന്നുണ്ട്.

Previous articleഅവസാന ഓവറില്‍ വീണത് 4 വിക്കറ്റ്. അമ്പരപ്പിച്ച വിജയം ഗുജറാത്ത് നേടിയത് ഇങ്ങനെ.
Next articleഇതെങ്ങനെ സംഭവിച്ചു എന്നെനിക്കറിയില്ല. പരാജയത്തെപ്പറ്റി രാഹുൽ പറയുന്നു.