ഇതെങ്ങനെ സംഭവിച്ചു എന്നെനിക്കറിയില്ല. പരാജയത്തെപ്പറ്റി രാഹുൽ പറയുന്നു.

ഗുജറാത്തിനെതിരായ മത്സരത്തിൽ അവിശ്വസനീയമായ പരാജയമായിരുന്നു ലക്നൗ സൂപ്പർ ജെയന്റ്സിനെ തേടിയെത്തിയത്. മത്സരത്തിൽ ഒരു മികച്ച നിലയിൽ നിന്നിട്ടും അവസാന നിമിഷം ലക്നൗവിന് പരാജയം സമ്മതിക്കേണ്ടി വന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിന് 136 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിംഗിൽ മികച്ച തുടക്കം തന്നെ ലക്നൗവിന് ലഭിച്ചു. ആദ്യ 14 ഓവറുകളിൽ 105ന് 1 എന്ന നിലയിലായിരുന്നു ലക്നൗ. ശേഷം അടുത്ത 6 ഓവറുകളിൽ 31 റൺസ് മാത്രമായിരുന്നു അവർക്ക് ആവശ്യം. ക്രീസിലുണ്ടായിരുന്നത് ക്യാപ്റ്റൻ കെ എൽ രാഹുലായിരുന്നു. എന്നാൽ വളരെ അവിചാരിതമായ രീതിയിൽ മത്സരത്തിൽ ലക്നൗ പരാജയപ്പെടുകയുണ്ടായി. മത്സരശേഷം ഈ പരാജയത്തെക്കുറിച്ച്  രാഹുൽ സംസാരിച്ചു.

എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി തനിക്കറിയില്ല എന്നാണ്  രാഹുൽ മത്സരശേഷം പറഞ്ഞത്. “എങ്ങനെ ഇത് സംഭവിച്ചു എന്നതിനെപ്പറ്റി എനിക്കറിയില്ല. പക്ഷേ അത് സംഭവിച്ചു. എവിടെയാണ് തെറ്റുപറ്റിയത് എന്നതിനെപ്പറ്റി ചൂണ്ടിക്കാണിക്കാൻ സാധിക്കില്ല. പക്ഷേ ഞങ്ങൾക്ക് മത്സരത്തിൽ 2 പോയിന്റുകൾ നഷ്ടമായി. ഇതാണ് ക്രിക്കറ്റ്. ബോളിങ്ങിൽ ഞങ്ങൾ മികവ് പുലർത്തി എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 135 റൺസ് എന്നത് ശരാശരിക്കും താഴെയായിരുന്നു. ബൗളിംഗ് വളരെ നന്നായിരുന്നു. ബാറ്റിങ്ങിലും ഞങ്ങൾ മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ ഇത്തരം കാര്യങ്ങൾ മത്സരങ്ങളിൽ സംഭവിക്കാം.”- രാഹുൽ പറയുകയുണ്ടായി.

8e85a34f b64d 40c3 8e72 fa0dee421bec

“എന്നിരുന്നാലും ഞങ്ങൾക്ക് ഒരുപാട് ദൂരം മുൻപിലേക്ക് സഞ്ചരിക്കേണ്ടതുണ്ട്. നിലവിൽ 7 മത്സരങ്ങളിൽ നിന്ന് 8 പോയിന്റുകളാണ് ഞങ്ങൾക്കുള്ളത്. ഇന്ന് ഞങ്ങൾക്ക് പ്രതീക്ഷിച്ച മത്സരഫലം ലഭിച്ചില്ല. മത്സരം അവസാന ഓവറുകളിലേക്ക് എത്തിക്കാനായിരുന്നു ഞാൻ ശ്രമിച്ചത്.എന്റെ ഷോട്ടുകൾ കളിക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ ചില ഓവറുകൾ അവർ മികച്ച രീതിയിൽ തന്നെ ചെയ്യുകയുണ്ടായി. അവസാന ഓവറുകളിൽ ബൗണ്ടറികൾ നേടാനുള്ള ചില അവസരങ്ങൾ ഞങ്ങൾക്ക് നഷ്ടപ്പെട്ടു. എന്തായാലും അവർ മികച്ച രീതിയിൽ പന്തറിഞ്ഞു എന്നാണ് ഞാൻ വിശ്വസിക്കുന്നത്.”- രാഹുൽ കൂട്ടിച്ചേർക്കുന്നു.

മത്സരത്തിന്റെ അവസാന ഓവറിൽ 12 റൺസായിരുന്നു ലക്നൗവിന് ആവശ്യമായുള്ളത്. എന്നാൽ ഓവറിലെ രണ്ടാം പന്തിൽ തന്നെ ക്രീസിലുറച്ച നായകൻ കെ എൽ രാഹുൽ കൂടാരം കയറുകയുണ്ടായി. ശേഷം അടുത്ത പന്തിൽ മർകസ് സ്റ്റോയിനിസും നാലാം പന്തിൽ ആയുഷ് ബഡോണിയും അഞ്ചാം പന്തിൽ ദീപക് ഹൂഡയും പുറത്തായതോടെ ഗുജറാത്ത് വിജയത്തിലെത്തുകയായിരുന്നു. മത്സരത്തിൽ രാഹുൽ 61 പന്തുകളിൽ 66 റൺസ് ആണ് നേടിയത്.