ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെതിരായ തങ്ങളുടെ അവസാന ലീഗ് മത്സരത്തിലും വമ്പൻ വിജയം നേടി മുംബൈ ഇന്ത്യൻസ്. അവസാന മത്സരത്തിൽ 4 വിക്കറ്റുകൾക്കായിരുന്നു മുംബൈ വിജയം നേടിയത്. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ മുംബൈ ഇന്ത്യൻസിന് സാധിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് യുപി വാരിയഴ്സിനോട് പരാജയം ഏറ്റുവാങ്ങുകയാണെങ്കിൽ മുംബൈയ്ക്ക് നേരിട്ട് ഫൈനൽ കളിക്കാനാവും. അമേലിയാ കേറിന്റെ തകർപ്പൻ ഓൾറൗണ്ട് പ്രകടനമായിരുന്നു മത്സരത്തിൽ മുംബൈയെ വിജയത്തിലെത്തിച്ചത്.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സോഫി ഡിവൈന്റെ(0) വിക്കറ്റ് ആദ്യമേ നഷ്ടമായെങ്കിലും ബാംഗ്ലൂരിനായി സ്മൃതി മന്ദനയും അലിസ് പെറിയും അല്പസമയം ക്രീസിൽ പിടിച്ചുനിൽക്കാൻ ശ്രമിച്ചു. എന്നാൽ ഇരുവർക്കും സ്കോറിങ് റേറ്റ് ഉയർത്താൻ സാധിക്കാതെ വന്നതോടെ ബാംഗ്ലൂരിന്റെ സ്ഥിതി പരിതാപകരമായി മാറുകയായിരുന്നു. 25 പന്തുകൾ നേരിട്ടാണ് സ്മൃതി മന്ദന 24 റൺസ് എടുത്തത്. 38 പന്തുകളിൽ നിന്നായിരുന്നു എലീസ് പെറി 29 റൺസ് നേടിയത്. അതോടുകൂടി ബാംഗ്ലൂർ ഒരു ചെറിയ സ്കോറിലേക്ക് ഒതുങ്ങുകയായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ വിക്കറ്റ് കീപ്പർ റിച്ചാ ഘോഷ് ആക്രമണം അഴിച്ചു വിട്ടതോടെയായിരുന്നു ബാംഗ്ലൂർ ഭേദപ്പെട്ട സ്കോറിൽ എത്തിയത്. റിച്ചാ ഘോഷ് 13 പന്തുകളിൽ മൂന്നു ബൗണ്ടറികളുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 29 റൺസാണ് നേടിയത്. ഈ മികവിൽ നിശ്ചിത 20 ഓവറിൽ 125 റൺസ് നേടാൻ ബാംഗ്ലൂരിന് സാധിച്ചു.
മറുപടി ബാറ്റിംഗിൽ എത്രയും പെട്ടെന്ന് വിജയം കണ്ടെത്താൻ തന്നെയായിരുന്നു മുംബൈ ഇന്ത്യൻസ് ശ്രമം. എന്നാൽ ഇതിന് ഒരു പരിധിവരെ തടയിടാൻ ബാംഗ്ലൂരിന് തുടക്കത്തിൽ സാധിച്ചു. മുംബൈക്കായി ഹെയ്‌ലി മാത്യൂസ് 17 പന്തുകളിൽ 24 റൺസ് നേടിയപ്പോൾ, യാഷ്ടിക ഭാട്ടിയ 26 പന്തുകളിൽ 30 റൺസാണ് നേടിയത്. പിന്നാലെയെത്തിയ നാറ്റ് സിവറും(13) ഹർമൻപ്രീറ്റ് കോറും(2) പെട്ടെന്ന് മടങ്ങിയെങ്കിലും അമേലിയാ കേർ(31) ബാറ്റിങ്ങിലും മികവു കാട്ടുകയായിരുന്നു. മത്സരത്തിൽ 4 വിക്കറ്റുകൾക്കാണ് മുംബൈ തങ്ങളുടെ വിജയം നേടിയിരിക്കുന്നത്.
ഇതോടുകൂടി എട്ടു മത്സരങ്ങളിൽ നിന്ന് ആറു വിജയത്തോടെ മുംബൈ ഒന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. മറുവശത്ത് എട്ടു മത്സരങ്ങളിൽ നിന്ന് 2 വിജയങ്ങൾ മാത്രം സ്വന്തമാക്കിയിട്ടുള്ള ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പോയിന്റ്സ് ടേബിളിൽ നാലാം സ്ഥാനത്ത് നിൽക്കുന്നു.