ഗുജറാത്തും ആട്ടിയോടിച്ചു, ആർസിബി ദുരന്തം തുടരുന്നു. തോല്‍വി 11 റൺസിന്

വനിതാ പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി ഗുജറാത്ത് ജയൻസ്. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്നെതിരായ മത്സരത്തിലാണ് ഗുജറാത്ത് ഒരു ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്. മത്സരത്തിൽ 11 റൺസിനായിരുന്നു ഗുജറാത്തിന്റെ വിജയം. ഇതോടെ കഴിഞ്ഞ രണ്ട് മത്സരത്തിലെ പരാജയത്തിലൂടെ ഉണ്ടായ നിരാശ മറികടന്നിരിക്കുകയാണ് ഗുജറാത്ത് ജയന്റസ്. ബാറ്റർമാരായ ഹാർലീൻ ഡിയോളിന്റെയും ഡങ്ക്ലിയുടെയും മികച്ച പ്രകടനമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്.

മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മുംബൈയിലെ ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ അടിച്ചു തകർക്കുകയായിരുന്നു ഗുജറാത്ത് ഓപ്പണർ ഡങ്ക്ലി. ഇന്നിംഗ്സിൽ കേവലം 28 പന്തുകളിൽ നിന്ന് 11 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ 65 റൺസ് ഡങ്ക്ലി നേടി. ഒപ്പം മൂന്നാമനായിറങ്ങിയ ഹാർലിൻ ഡിയോളും ഗുജറാത്തിനായി ആക്രമണം അഴിച്ചുവിട്ടു. 45 പന്തുകളിൽ 67 റൺസായിരുന്നു ഡിയോളിന്റെ സമ്പാദ്യം. ഇരുവരുടെയും അവിസ്മരണീയമായ വെടിക്കെട്ടിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 201 റൺസാണ് ഗുജറാത്ത് നേടിയത്.

മറുപടി ബാറ്റിങ്ങിൽ സ്മൃതി മന്ദന (18) തുടക്കത്തിൽ തന്നെ കൂടാരം കയറുകയുണ്ടായി. എന്നാൽ സോഫി ഡിവൈനും എലിസ് പെറിയും ബാംഗ്ലൂരിനായി മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.മത്സരത്തിൽ 45 പന്തുകളിൽ നിന്ന് 66 റൺസ് ആണ് സോഫി ഡിവൈൻ നേടിയത്. എന്നാൽ നിർണായ ഘട്ടത്തിൽ മറുവശത്ത് വിക്കറ്റുകൾ തുടർച്ചയായി വീണത് ബാംഗ്ലൂരിനെ ബാധിക്കുകയുണ്ടായി. അവസാന ഓവറുകളിൽ 11 പന്തുകളിൽ 30 റൺസ് നേടിയ ഹീതർ നൈറ്റ് ബാംഗ്ലൂരിനായി പൊരുതിയെങ്കിലും 11 റൺസിന്റെ പരാജയം വഴങ്ങേണ്ടി വരികയായിരുന്നു.

വലിയ പ്രതീക്ഷകളുമായി ടൂർണമെന്റിലേക്കെത്തിയ ബാംഗ്ലൂർ ടീമിന്റെ തുടർച്ചയായ മൂന്നാമത്തെ പരാജയമാണ് ഇത്. തങ്ങളുടെ മൂന്നാം മത്സരത്തിലും തല്ലു വാങ്ങുന്ന ഒരു ബോളിംഗ് നിരയെ തന്നെയാണ് ബാംഗ്ലൂരിന് കാണാൻ സാധിച്ചത്. വരുന്ന മത്സരങ്ങളിൽ ഈ പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ ബാംഗ്ലൂരിന് ടൂർണമെന്റിൽ നല്ല രീതിയിൽ ഫിനിഷ് ചെയ്യാൻ സാധിക്കൂ. വുമൺസ് പ്രീമിയർ ലീഗിൽ നാളെ ശക്തരായ മുംബൈ ഡൽഹിയെ നേരിടും.

Previous articleഅവൻ കാരണമാണ് ഇന്ത്യ 2 ടെസ്റ്റിൽ ജയിച്ചത്, ദയവ് ചെയ്ത് പുറത്താക്കരുത്. മുൻ ഇന്ത്യൻ താരത്തിന്റെ അഭ്യർത്ഥന
Next articleബാബര്‍ അസമിന്‍റെ സെഞ്ചുറി കരുത്തില്‍ നേടിയത് 240 റൺസ്. പുല്ലുപോലെ ചെയ്‌സ് ചെയ്ത് ജയ്സൻ റോയ്‌.