അഡലെയ്ഡില്‍ നടന്ന ടി20 ലോകകപ്പിലെ സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ ലക്ഷ്യം മറികടന്നു. അര്‍ദ്ധസെഞ്ചുറിയുമായി ജോസ് ബട്ട്ലറും അലക്സ് ഹെയ്ല്‍സുമാണ് ഇംഗ്ലണ്ടിനെ അനായാസം വിജയത്തില്‍ എത്തിച്ചത്.
ടൂര്‍ണമെന്‍റിലുടനീളം ഇന്ത്യയുടെ പവര്‍പ്ലേ ബാറ്റിംഗിനെ പറ്റി വിമര്‍ശനം ഉയര്‍ന്നിരുന്നു. രോഹിത് ശര്‍മ്മയുടെ മോശം ഫോം ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. മത്സര ശേഷം രാഹുല്‍ ദ്രാവിഡിനോട് ഭാവി ടി20 ടീമിനെ പറ്റി ചോദ്യം ആരാഞ്ഞു.
ടൂര്‍ണമെന്‍റിനു ശേഷം ഇന്ത്യ ടി20 പരമ്പരക്കായി ന്യൂസിലന്‍റിലേക്ക് പോവുകയാണ്. ഹര്‍ദ്ദിക്ക് പാണ്ട്യയാണ് ടീമിനെ നയിക്കുന്നത്. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ഭുവനേശ്വര്‍ കുമാര്‍, രവിചന്ദ്ര അശ്വിന്‍, തുടങ്ങിയ താരങ്ങളുടെ ടി20 ഭാവി എന്താണ് ? മത്സരത്തിനു ശേഷം രാഹുല്‍ ദ്രാവിഡിനോട് ഒരു റിപ്പോര്‍ട്ടര്‍ ചോദിച്ചു.
“ഒരു സെമി ഫൈനൽ ഗെയിമിന് ശേഷം, ഇതിനെക്കുറിച്ച് സംസാരിക്കുന്നത് വളരെ നേരത്തെയാണ്… ഇവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇവിടെ നിലവാരമുള്ള ചില കളിക്കാർ ഉണ്ട്. ഇതിനെക്കുറിച്ച് സംസാരിക്കാനോ ചിന്തിക്കാനോ ഉള്ള ശരിയായ സമയമല്ലാ ഇത്. അടുത്ത ലോകകപ്പിനായി തയ്യാറെടുക്കാൻ ശ്രമിക്കുമ്പോൾ ഞങ്ങൾക്ക് മതിയായ സമയവും മതിയായ മത്സരങ്ങളും ലഭിക്കും.” മത്സര ശേഷം ദ്രാവിഡ് പറഞ്ഞു.
ഇന്ത്യയുടെ പരാജയത്തിനു ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്ന് ഒട്ടനവധി താരങ്ങള്‍ ഇംഗ്ലണ്ടിനെതിരെയുള്ള പരാജയത്തിനു ശേഷം റിട്ടയര്‍ ചെയ്യുമെന്ന് സുനില്‍ ഗവാസ്കര്‍ പറഞ്ഞിരുന്നു.