തോൽവിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് രോഹിത് ശർമ, ആശ്വസിപ്പിച്ച് രാഹുല്‍ ദ്രാവിഡ്.

ഗ്രൂപ്പ് ഘട്ടത്തിൽ ചാമ്പ്യന്മാരായി സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യ ഇന്ന് ഏറെ പ്രതീക്ഷയോടെയായിരുന്നു ഇംഗ്ലണ്ടിനെതിരെ ഇറങ്ങിയത്. എന്നാൽ 10 വിക്കറ്റിന്റെ പരാജയമായിരുന്നു ഇംഗ്ലണ്ട് ഇന്ത്യക്ക് സമ്മാനിച്ചത്. സമീപകാലത്തെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോൽവി തന്നെയാണ് ഇംഗ്ലണ്ട് ഇന്ത്യക്ക് ഇന്ന് നൽകിയത്.


മത്സരത്തിലെ ഒരു ഘട്ടത്തിൽ പോലും ഇംഗ്ലണ്ടിന് വെല്ലുവിളി ഉയർത്താൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം ഒരു ഭീഷണിയും ഇല്ലാതെയാണ് ഇംഗ്ലണ്ട് മറികടന്നത്. നാലോവർ ബാക്കിനിൽക്കെ ഇംഗ്ലണ്ട് ലക്ഷ്യം മറികടക്കുമ്പോൾ തകർന്നുപോയത് ഓരോ ഇന്ത്യൻ ആരാധകരുടെയും മനസ്സായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് മോശം തുടക്കമായിരുന്നു രാഹുലും രോഹിത്തും ചേർന്ന് നൽകിയത്.പിന്നീട് കോഹ്ലി സൂര്യകുമാർ യാദവിനെ കൂട്ടുപിടിച്ച് റൺ ഉയർത്തും എന്ന പ്രതീക്ഷയിൽ നിൽക്കേ സൂര്യകുമാർ യാദവും നേരത്തെ തന്നെ ഡഗ് ഔട്ടിലേക്ക് മടങ്ങി. ശേഷം വന്ന ഹർദിക് പാണ്ഡ്യയും കോഹ്ലിയും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ഇരുവരുടെയും അർദ്ധ സെഞ്ച്വറിയുടെയും പിൻബലത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സെമിഫൈനൽ പോരാട്ടത്തിന് ശേഷം പൊട്ടിക്കരയുന്ന രോഹിത് ശർമയുടെ വീഡിയോ ആണ്.


തലതാഴ്ത്തിയിരുന്ന് കണ്ണീർ തുടക്കുകയായിരുന്നു താരം. ഇതു കണ്ട് മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഇന്ത്യൻ നായകനെ ആശ്വസിപ്പിക്കാൻ എത്തി. അദ്ദേഹത്തിൻ്റെ പുറത്തു തട്ടി കൂടെ അടുത്തിരുന്നു. അതേ സമയം 13നാണ് ഇംഗ്ലണ്ട്-പാക്കിസ്ഥാൻ കലാശ പോരാട്ടം. മെൽബണിൽ വച്ചാണ് മത്സരം നടക്കുക.