ഇന്ത്യക്കായി ഏകദിന ക്രിക്കറ്റിൽ ഇതുവരെയും അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത യുവതാരമാണ് തിലക് വർമ. എന്നാൽ ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ തിലക് വർമയെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലൂടെ ആയിരുന്നു ഇന്ത്യൻ ടീമിൽ തിലക് വർമ സ്ഥാനം നേടിയത്. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഏകദിന ക്രിക്കറ്റിൽ ഇന്ത്യ തിലക് വർമയ്ക്ക് അവസരം നൽകിയിട്ടില്ല.
ഈ സാഹചര്യത്തിൽ തിലക് വർമയെ ഇന്ത്യ ഏഷ്യാകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല. എന്തുകൊണ്ടാണ് ഇന്ത്യയ്ക്കായി ഒരു ഏകദിനം പോലും കളിക്കാതിരുന്നിട്ടും തിലക് വർമയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയത് എന്നതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ സെലക്ടർ അജിത്ത് അഗാർക്കർ.
തിലക് വർമ ഇന്ത്യയ്ക്ക് വളരെയധികം പ്രതീക്ഷ നൽകുന്ന കളിക്കാരനാണെന്നും തിലകിനെ സംബന്ധിച്ച് ഏഷ്യാകപ്പ് വലിയൊരു അവസരമാണെന്നുമാണ് അജിത്ത് അഗാർക്കർ വ്യക്തമാക്കിയത്. “വിൻഡീസിനെതിരായ പരമ്പരകളിൽ തിലക് വർമയുടെ കഴിവ് നമ്മൾ കണ്ടതാണ്. ഒരുപാട് പ്രതിഭയുള്ള കളിക്കാരനാണ് തിലക് വർമ. മൈതാനത്തെ പ്രകടനം മാത്രമല്ല ഒരു ബാറ്റർ എന്ന നിലയിൽ അവന്റെ മനോഭാവവും ഇന്ത്യൻ ടീമിന് വളരെയധികം പ്രതീക്ഷ നൽകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയുടെ ഏഷ്യാകപ്പ് സ്ക്വാഡിൽ തിലക് വർമയെ ഉൾപ്പെടുത്താൻ തീരുമാനിച്ചതും. മാത്രമല്ല അവൻ ഒരു ഇടംകയ്യൻ ബാറ്റർ ആയതിനാൽ ഇന്ത്യക്ക് കൂടുതൽ ഗുണം ചെയ്യും.”- അജിത്ത് അഗാർക്കർ പറയുന്നു.
“ഇപ്പോൾ 17 പേരടങ്ങിയ സ്ക്വാഡിനെയാണ് നമ്മൾ ഏഷ്യാകപ്പിനായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ 2023 ലോകകപ്പിലേക്ക് ഇതിൽ നിന്നും 15 പേരെ മാത്രമേ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ ഏഷ്യാകപ്പിന് ശേഷം ചില താരങ്ങളെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കേണ്ടി വന്നേക്കും. അത് ആരൊക്കെയാവും എന്നതിനുള്ള തീരുമാനങ്ങൾ വരും ദിവസങ്ങളിൽ തന്നെ കൈക്കൊള്ളുന്നതാണ്.”- അജിത്ത് അഗാർക്കർ കൂട്ടിച്ചേർത്തു.
മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയാണ് ഇന്ത്യ തിലക് വർമയെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിൻഡിസിനെതിരെ അവസാനിച്ച 5 ട്വന്റി20 മത്സരങ്ങളിൽ നിന്ന് 170 റൺസ് സ്വന്തമാക്കാൻ തിലക് വർമയ്ക്ക് സാധിച്ചിരുന്നു. പരമ്പരയിൽ ഒരു അർധ സെഞ്ച്വറിയും തിലക് വർമ സ്വന്തമാക്കി. എന്നിരുന്നാലും ഏകദിന ക്രിക്കറ്റിൽ മികച്ച ശരാശരിയുള്ള സഞ്ജുവിന് പകരക്കാരനായി ഉൾപ്പെടുത്താൻ സാധിക്കുന്ന താരമാണോ തിലക് വർമ്മ എന്നത് വലിയൊരു ചോദ്യം തന്നെയാണ്. ഇതിനുള്ള ഉത്തരം വരും ദിവസങ്ങളിൽ തന്നെ ലഭിക്കും.