പരിക്കേറ്റവർ ടീമിൽ, നന്നായി കളിക്കുന്നവർ പുറത്ത്. ഇന്ത്യയുടെ മണ്ടൻ ടീം സെലക്ഷനെതിരെ മദൻ ലാൽ.

ഇന്ത്യയുടെ ഏഷ്യാകപ്പിനുള്ള 17 അംഗ സ്ക്വാഡ് മുൻപ് പ്രഖ്യാപിക്കുകയുണ്ടായി. ഒരുപാട് യുവ താരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഇത്തവണ ഏഷ്യാകപ്പിന് ഇറങ്ങുന്നത്. എന്നിരുന്നാലും സ്ക്വാഡിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഇപ്പോൾ സ്ക്വാഡ് സെലക്ഷനെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് 1983ലെ ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ മദൻ ലാൽ.

ഏഷ്യാകപ്പ് ടീമിൽ ഒരുപാട് കാര്യങ്ങൾ അവ്യക്തമായി നിലനിൽക്കുന്നുണ്ട് എന്നാണ് മദൻ ലാൽ പറയുന്നത്. പ്രധാനമായും ശ്രേയസ് അയ്യർ, കെ എൽ രാഹുൽ എന്നിവർ പരിക്കിന്റെ പിടിയിലിരിക്കുന്ന സാഹചര്യത്തിൽ എന്തുകൊണ്ടാണ് ഇത്ര ധൃതിപിടിച്ച് അവരെ ടീമിൽ ഉൾപ്പെടുത്തിയത് എന്ന് മദൻ ലാൽ ചോദിക്കുന്നു.

ഇതിനൊപ്പം ഇന്ത്യയുടെ സ്പിന്നർ ചാഹലിനെ ടീമിൽ ഉൾപ്പെടുത്താത്തതിനെതിരെയും മദൻ ലാൽ സംസാരിച്ചു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മദൻ ലാൽ ഇക്കാര്യം അറിയിച്ചത്. “രാഹുലിന്റെ പരിക്കിനെ സംബന്ധിച്ച് ഇപ്പോഴും ടീം മാനേജ്മെന്റും സെലക്ടർമാരും ആശയക്കുഴപ്പത്തിലാണ്. എന്തു തരം പരിക്കാണ് എന്ന് വ്യക്തമാക്കാൻ പോലും അവർ തയ്യാറാവുന്നില്ല. അതിനെക്കുറിച്ച് സെലക്ടർമാർ ഇതുവരെ സംസാരിച്ചിട്ട് പോലുമില്ല. ശ്രേയസ് അയ്യരുടെ ഫിറ്റ്നസിന്റെ കാര്യത്തിലും സെലക്ടർമാർ മൗനം പാലിക്കുകയാണ്. വലിയ പരിക്കിന്റെ പിടിയിലായതിനുശേഷം ആഭ്യന്തര മത്സരങ്ങളിൽ പോലും കളിക്കാൻ ഇരുവർക്കും സാധിച്ചിട്ടില്ല.”- മദൻ ലാൽ പറയുന്നു.

“ആഭ്യന്തര ക്രിക്കറ്റിലെങ്കിലും കളിച്ച് ഫിറ്റ്നസ് തെളിയിച്ച ശേഷം ഇന്ത്യ ഇരുവരെയും ടീമിലേക്ക് തിരിച്ചു വിളിച്ചാൽ മതിയായിരുന്നു. പരിശീലന സെഷനിൽ നെറ്റ്സിൽ ബാറ്റ് ചെയ്യുന്നതും മത്സര ക്രിക്കറ്റിൽ ബാറ്റ് ചെയ്യുന്നതും രണ്ടും രണ്ടാണ്. ഇതിനൊപ്പം യുസ്വേന്ദ്ര ചഹലിനെ ഇന്ത്യ ഏഷ്യാകപ്പ് സ്ക്വാഡിൽ നിന്ന് മാറ്റി നിർത്തുകയും ചെയ്തു. അത് എന്നെ വലിയ രീതിയിൽ ഞെട്ടിച്ചിട്ടുണ്ട്.

കാരണം ഇന്ത്യയെ സംബന്ധിച്ച് ഒരു വിക്കറ്റ് വേട്ടക്കാരനാണ് ചാഹൽ. അക്ഷർ പട്ടേൽ നന്നായി പന്തറിയുന്നു എന്നത് വാസ്തവം തന്നെയാണ്. എന്നിരുന്നാലും അക്ഷറിന്റെ മികവ് പുലർത്താൻ ഇന്ത്യൻ ടീമിൽ രവീന്ദ്ര ജഡേജയ്ക്ക് സാധിക്കും. ഈ സാഹചര്യത്തിൽ അക്ഷറിന് പകരം ചാഹലിനെയായിരുന്നു ടീമിൽ ഉൾപ്പെടുത്തേണ്ടത്.”- മദൻ ലാൽ കൂട്ടിച്ചേർത്തു.

നിലവിൽ ഒരുപാട് സർപ്രൈസുകളുമായാണ് ഇന്ത്യയുടെ ഏഷ്യാകപ്പ് വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇതുവരെ ഒരു ഏകദിന മത്സരം പോലും കളിക്കാത്ത തിലക് വർമ അടക്കമുള്ളവരെ ഇന്ത്യ ഏഷ്യാകപ്പ് ടീമിൽ തിരഞ്ഞെടുത്തിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ സമയങ്ങളിൽ ഏകദിനങ്ങളിൽ മോശം ഫോം ആവർത്തിക്കുന്ന സൂര്യകുമാർ യാദവും ടീമിലുണ്ട്. ഇതൊക്കെയും ഇന്ത്യയെ അലട്ടുന്ന കാര്യമാണ്. ഏഷ്യാകപ്പിന് ശേഷം കേവലം ദിവസങ്ങൾ മാത്രമാണ് ലോകകപ്പിനുള്ളത്. അതിനാൽ തന്നെ ഇനിയും ഇന്ത്യ പരീക്ഷണങ്ങൾ തുടർന്നാൽ അത് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ ബാധിച്ചേക്കും.