ഇന്ത്യൻ ടീമല്ല, ഇത് മുംബൈ ലോബി ടീം. സഞ്ജുവിനെയടക്കം ഒഴിവാക്കി മുംബൈ മേധാവിത്വം.

ആഗസ്റ്റ് 30ന് ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് 2023ലെ ഏഷ്യാകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇതിനായി 17 അംഗങ്ങൾ അടങ്ങുന്ന ടീമിനെ ഇന്ത്യ പ്രഖ്യാപിക്കുകയുണ്ടായി. അജിത്ത് അഗാർക്കർക്ക് കീഴിലുള്ള സെലക്ഷൻ കമ്മിറ്റിയുടെ ആദ്യ ടീം സെലക്ഷനാണ് നടന്നിരിക്കുന്നത്.

എന്നിരുന്നാൽ ടീം തിരഞ്ഞെടുപ്പിൽ പല മുൻ താരങ്ങളടക്കം അതൃപ്തി രേഖപ്പെടുത്തുകയുണ്ടായി. ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ അർഹതയില്ലാത്ത പലരും എത്തിപ്പെട്ടിട്ടുണ്ട് എന്നതാണ് ആരാധകരുടെയടക്കം വിമർശനം. അർഹതയുള്ള പലരെയും തഴഞ്ഞ് അർഹത ഇല്ലാത്തവരെ ടീമിൽ ഉൾപ്പെടുത്തി എന്ന രീതിയിൽ സോഷ്യൽ മീഡിയയിലടക്കം വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു.

പ്രധാന വിമർശനമായി ഉയരുന്നത് സ്ക്വാഡിലെ മുംബൈ മേധാവിത്വം തന്നെയാണ്. പ്രധാനമായും മുംബൈ താരങ്ങളെ അണിനിരത്തിയാണ് ഇന്ത്യ ഏഷ്യാകപ്പിനുള്ള സ്ക്വാഡ് നിർമ്മിച്ചിരിക്കുന്നത്. ടീമിലെ പ്രധാനപ്പെട്ട 5 കളിക്കാരും മുംബൈക്കാരാണ് എന്നതാണ് വിമർശനത്തിന് ആക്കം കൂട്ടിയിട്ടുള്ളത്. നായകൻ രോഹിത് ശർമ, ഇഷാൻ കിഷൻ, ജസ്‌പ്രീറ്റ് ബൂമ്ര, സൂര്യകുമാർ യാദവ്, തിലക് വർമ, എന്നീ ടീം അംഗങ്ങൾ മുംബൈ ഇന്ത്യൻസിന്റെ നിലവിലെ താരങ്ങളാണ്. ഇത് ആരാധകരെയടക്കം ചൊടിപ്പിച്ചിട്ടുണ്ട്.

ഇവർക്കൊപ്പം മുംബൈയുടെ ആഭ്യന്തര ക്രിക്കറ്റിലെ താരമായ ശ്രേയസ് അയ്യർ കൂടി ചേരുമ്പോൾ വിവാദം അണപൊട്ടുന്നു. ഇതിനൊപ്പം ചേർത്തുവയ്ക്കാവുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം സെലക്ടർ അജിത് അഗാർക്കറും മുംബൈയുടെ താരമായിരുന്നു എന്നതാണ്. ഈ വിവരങ്ങൾ പുറത്തുവന്നതോടുകൂടി വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം ഉണ്ടായിരിക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിനെ ഇപ്പോൾ ഭരിക്കുന്നത് മുംബൈ ലോബിയാണോ എന്നാണ് പലരും ചോദിക്കുന്നത്. മാത്രമല്ല ഇത് ഇന്ത്യൻ ടീമാണോ അതോ “മുംബൈ ഇന്ത്യ” ടീമാണോ എന്നും ആരാധകർ പരിഹസിക്കുന്നു.

മലയാളി താരം സഞ്ജു സാംസനെ ഒഴിവാക്കി സ്ക്വാഡിൽ തിലക് വർമയ്ക്ക് ടീം മാനേജ്മെന്റ് അവസരം നൽകുകയുണ്ടായി. ഇതുപോലും ആരാധകരിൽ വിമർശനങ്ങൾ ഉണ്ടാക്കുന്നു. ഒരു ഏകദിന മത്സരത്തിൽ പോലും കളിച്ചിട്ടില്ലാത്ത തിലക് വർമയെ എന്ത് അടിസ്ഥാനത്തിലാണ് ഇന്ത്യ സഞ്ജു സാസണ് പകരം ഉൾപ്പെടുത്തിയത് എന്ന് ആരാധകർ ചോദിക്കുന്നു. ഇവിടെയും മുംബൈ ലോബിയുടെ മേധാവിത്വമുണ്ടോ എന്നാണ് ആരാധകർ സംശയിക്കുന്നത്. എന്തായാലും ഇത്തവണ ഏഷ്യാകപ്പിൽ ഇന്ത്യ പരാജയപ്പെടുകയാണെങ്കിൽ ഇതിനെതിരെ വലിയ വിമർശനങ്ങൾ പൊട്ടിപ്പുറപ്പെടും എന്ന് ഉറപ്പാണ്.