ഏകദിന ക്രിക്കറ്റിൽ നിരന്തരം മോശം പ്രകടനങ്ങൾ പുറത്തെടുത്തിട്ടും ഇന്ത്യൻ താരം സൂര്യകുമാർ യാദവിന് വീണ്ടും അവസരങ്ങൾ വന്നെത്തുന്നത് പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. സഞ്ജു സാംസൺ അടക്കമുള്ള, കഴിവ് തെളിയിച്ചിട്ടുള്ള താരങ്ങൾ ടീമിന്റെ പുറത്തു നിൽക്കുമ്പോഴും സൂര്യകുമാറിന് ഇന്ത്യ അവസരങ്ങൾ വാരിക്കോരി കൊടുക്കുകയാണ്. ഇന്ത്യയുടെ വരാനിരിക്കുന്ന ലോകകപ്പിനുള്ള ടീമിലും, ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ടീമിലും സൂര്യകുമാർ യാദവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏകദിന ക്രിക്കറ്റിൽ ഇതുവരെ ഇമ്പാക്ട് ഉണ്ടാക്കാൻ സാധിക്കാതെ വന്ന സൂര്യയെ ഇനിയും എന്തിനാണ് ഇന്ത്യ പിന്തുണയ്ക്കുന്നത് എന്ന ചോദ്യങ്ങൾ നാലു ദിശയിൽ നിന്നും ഉയരുന്നു. ഇതിനുള്ള മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ പരിശീലകൻ രാഹുൽ ദ്രാവിഡ്.
വളരെയധികം കഴിവുകളുള്ള താരമാണ് സൂര്യകുമാറെന്നും അതിനാലാണ് അയാൾക്ക് വീണ്ടും പിന്തുണ നൽകുന്നത് എന്നുമാണ് രാഹുൽ ദ്രാവിഡ് പറയുന്നത്. “ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തെ കുറിചോർത്ത് സൂര്യകുമാർ യാദവ് ബുദ്ധിമുട്ടേണ്ട കാര്യമില്ല. സൂര്യയെ ഞങ്ങൾ ലോകകപ്പിനുള്ള ടീമിലേക്ക് തിരഞ്ഞെടുത്തു കഴിഞ്ഞു. അതിൽ സൂര്യകുമാർ കളിക്കും.
പൂർണ്ണമായും സൂര്യകുമാറിന് പിന്തുണ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കാരണം അവൻ വളരെയധികം നിലവാരമുള്ള കളിക്കാരനാണ് എന്ന് മുൻപ് തെളിയിച്ചിട്ടുണ്ട്. ട്വന്റി20 ക്രിക്കറ്റിൽ അവന്റെ നിലവാരം അവൻ പലപ്പോഴായി നമുക്കു മുൻപിൽ കാണിച്ചു. ഏകദിന ലോകകപ്പിലും ആറാം നമ്പരിൽ നമുക്ക് അത്തരത്തിൽ ബാറ്റ് ചെയ്യുന്ന ഒരു താരത്തിനെയാണ് ആവശ്യം.”- രാഹുൽ ദ്രാവിഡ് പറഞ്ഞു.
“നിമിഷനേരം കൊണ്ട് മത്സരത്തിന്റെ ഗതിയെ മാറ്റിമറിക്കാൻ സൂര്യകുമാർ യാദവിന് സാധിക്കും. അതുകൊണ്ടാണ് അവന് ഞങ്ങൾ പൂർണ്ണ പിന്തുണ നൽകുന്നത്. ഇക്കാര്യത്തിൽ ഞങ്ങൾക്ക് നല്ല വ്യക്തതയുണ്ട്. ഞങ്ങൾ അവന്റെ പിന്നാലെയുണ്ട് എന്ന കാര്യം സത്യമാണ്. കൃത്യമായി പരിശീലനം നൽകി അവനെ മികവുറ്റ കളിക്കാരനാക്കി മാറ്റാൻ സാധിക്കും എന്നത് ഉറപ്പാണ്.”- രാഹുൽ ദ്രാവിഡ് കൂട്ടിച്ചേർത്തു.
ട്വന്റി20 ക്രിക്കറ്റിന്റെ ഒരു വിപ്ലവം തന്നെയായിരുന്നു സൂര്യകുമാർ യാദവ്. എന്നാൽ 50 ഓവർ ഫോർമാറ്റിലേക്ക് വന്നപ്പോൾ സൂര്യയുടെ നിഴൽ മാത്രമാണ് കാണാൻ സാധിച്ചത്. ഇതുവരെ 27 ഏകദിന മത്സരങ്ങളാണ് 33 കാരനായ സൂര്യകുമാർ യാദവ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്.
ഇതിൽ നിന്ന് 24 റൺസ് ശരാശരിയിൽ 537 റൺസ് സൂര്യകുമാർ നേടിയിട്ടുണ്ട്. എന്നിരുന്നാലും സഞ്ജു സാംസൺ അടക്കമുള്ള താരങ്ങൾക്ക് ഇതിലും മികച്ച റെക്കോർഡുകളാണ് ഏകദിന ക്രിക്കറ്റിലുള്ളത്. ഈ സാഹചര്യത്തിലാണ് അവരെ മറികടന്ന് സൂര്യയെ ടീമിൽ എടുത്തതിനെതിരെ വിമർശനങ്ങൾ ഉയരുന്നത്.