“ധോണി ടീമിനായി റൺസ് ത്യജിച്ചിട്ടില്ല. പക്ഷെ”.. ഗംഭീറിന്റെ പരാമർശത്തിനെതിരെ ശ്രീശാന്ത്.

dhoni 2019

ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും വലിയ സംഭാവനകൾ നൽകിയ ക്രിക്കറ്റർമാരിൽ ഒരാളാണ് മുൻ നായകൻ മഹേന്ദ്രസിംഗ് ധോണി. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മഹേന്ദ്രസിംഗ് ധോണിയെ ഒരുപാട് പുകഴ്ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ രംഗത്ത് വന്നിരുന്നു. ധോണി തന്റെ കരിയറിൽ ഇന്ത്യയ്ക്കായി ട്രോഫികൾ സ്വന്തമാക്കുന്നതിനായി ഒരുപാട് ത്യാഗങ്ങൾ ചെയ്തിരുന്നു എന്നാണ് ഗംഭീർ പറഞ്ഞത്. ആദ്യ സമയങ്ങളിൽ ധോണി മൂന്നാം നമ്പറിലായിരുന്നു ബാറ്റ് ചെയ്തിരുന്നത്.

എന്നാൽ നായകനായതോടെ ധോണി മൂന്നാം നമ്പറിൽ നിന്നും മാറി ഒരു ഫിനിഷർ റോളിൽ കളിക്കാൻ തുടങ്ങി. ഒരുപക്ഷേ മൂന്നാം നമ്പറിൽ ധോണി തന്റെ കരിയറിലൂടനീളം കളിച്ചിരുന്നുവെങ്കിൽ ഒരുപാട് വലിയ റെക്കോർഡുകൾ സ്വന്തമാക്കാൻ ധോണിക്ക് സാധിക്കുമായിരുന്നു എന്നാണ് ഗംഭീർ പറഞ്ഞത്. ടീമിനുവേണ്ടി ധോണി മൂന്നാം നമ്പർ ഉപേക്ഷിച്ചത് അദ്ദേഹം ചെയ്ത വലിയൊരു ത്യാഗമാണ് എന്നും ഗംഭീർ പറയുകയുണ്ടായി. ഇപ്പോൾ ഇതിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്.

ധോണി തന്റെ റൺസിനെക്കാൾ ടീമിന്റെ വിജയങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന നായകനായിരുന്നു എന്നാണ് ശ്രീശാന്ത് പറഞ്ഞത്. “ധോണി മൂന്നാം നമ്പറിൽ ബാറ്റ് ചെയ്തിരുന്നെങ്കിൽ ഇനിയും ഒരുപാട് റൺസ് നേടാൻ സാധിക്കുമായിരുന്നു എന്ന് ഗൗതം ഭായ് കഴിഞ്ഞ ദിവസം പറഞ്ഞത് ഞാൻ കേട്ടു. എന്നാൽ ധോണിയെ സംബന്ധിച്ച് റൺസ് നേടുക എന്നതിലുപരി വിജയം സ്വന്തമാക്കുക എന്നതിനായിരുന്നു പ്രാധാന്യം.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

ധോണിയ്ക്ക് എല്ലായിപ്പോഴും മത്സരങ്ങൾ ഫിനിഷ് ചെയ്യാനുള്ള കഴിവ് ഉണ്ടായിരുന്നു. തന്റെ ടീമിന് ആവശ്യമുള്ളപ്പോഴൊക്കെ ഒരു ഫിനിഷറായി ധോണി കളിച്ചു. മാത്രമല്ല ഇന്ത്യക്കായി രണ്ട് ലോകകപ്പുകൾ നേടി തരാനും ധോണിയ്ക്ക് സാധിച്ചു.”- ശ്രീശാന്ത് പറഞ്ഞു.

“എല്ലാ ക്രെഡിറ്റും ധോണിക്ക് തന്നെ അവകാശപ്പെട്ടതാണ്. എന്നാൽ അദ്ദേഹം തന്റെ ബാറ്റിംഗ് പൊസിഷൻ ത്യജിച്ചു എന്ന് ഞാൻ പറയില്ല. ഇന്ത്യൻ ടീമിലെ ഓരോ പൊസിഷനും ആവശ്യമായ കളിക്കാരെ കണ്ടെത്തുന്നതിൽ ധോണി നന്നായി പരിശ്രമിച്ചിരുന്നു. ഓരോ പൊസിഷനിലേയ്ക്കും കൃത്യമായി കളിക്കാരെ കണ്ടെത്തുകയും അവിടെ അവരെ നിയോഗിക്കുകയും ചെയ്തിരുന്നു. എല്ലാ കളിക്കാരുടെയും ഏറ്റവും മികച്ച പ്രകടനം പുറത്തെടുപ്പിക്കാൻ കഴിവുള്ള ഒരു നായകനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. എല്ലായിപ്പോഴും തന്റെ ടീമിനെ കുറിച്ചാണ് ധോണി ആദ്യം ചിന്തിക്കാറുള്ളത്.”- ശ്രീശാന്ത് പറഞ്ഞു.

ഐസിസിയുടെ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ ടീമിനെ ഒന്നാം സ്ഥാനത്തെത്തിച്ച നായകനായിരുന്നു മഹേന്ദ്ര സിംഗ് ധോണി. മാത്രമല്ല ഐസിസിയുടെ മൂന്ന് ട്രോഫികൾ സ്വന്തമാക്കിയിട്ടുള്ള ഏകനായകനും ധോണി മാത്രമാണ്. 2019 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിലായിരുന്നു അവസാനമായി ധോണി കളിച്ചത്. ശേഷം 2020ൽ ധോണി തന്റെ വിരമിക്കൽ പ്രഖ്യാപിക്കുകയുണ്ടായി. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിന്റെ ഒരു സുവർണ്ണ കാലഘട്ടം തന്നെയായിരുന്നു ധോണി നായകനായിരുന്നു സമയം.

Scroll to Top