ഏഷ്യാകപ്പ് ഫൈനലിൽ ശ്രീലങ്കൻ ടീമിനെതിരെ അവിസ്മരണീയ ബോളിംഗ് പ്രകടനമാണ് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് കാഴ്ചവെച്ചത്. മത്സരത്തിൽ 7 ഓവറുകളിൽ സിറാജ് 21 റൺസ് മാത്രം വിട്ടുനൽകിയാണ് ശ്രീലങ്കൻ നിരയിലെ 6 വിക്കറ്റുകൾ സ്വന്തമാക്കിയത്. സിറാജ് സ്വന്തമാക്കിയ വിക്കറ്റുകളൊക്കെയും ശ്രീലങ്കയുടെ മുൻനിര ബാറ്റർമാരുടേതായിരുന്നു. തന്റെ രണ്ടാം ഓവറിൽ 4 മുൻനിര വിക്കറ്റുകളാണ് സിറാജ് സ്വന്തമാക്കിയത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഏകദിന ക്രിക്കറ്റിൽ ഒരു ഓവറിൽ 4 വിക്കറ്റുകൾ സ്വന്തമാക്കുന്നത്.
ഇത്തരത്തിൽ ഒരുപാട് റെക്കോർഡുകൾ സിറാജിന് മത്സരത്തിൽ ലഭിച്ചിരുന്നു. പക്ഷേ 7 ഓവറുകൾക്ക് ശേഷം എന്തുകൊണ്ടാണ് രോഹിത് വീണ്ടും സിറാജിന് ബോൾ നൽകാതിരുന്നത് എന്നത് ആരാധകർക്കിടയിൽ ഉയർന്ന ഒരു ചോദ്യമാണ്. എന്തുകൊണ്ടാണ് സിറാജിന് ഇന്ത്യ എട്ടാം ഓവർ നൽകാതിരുന്നത് എന്നതിന് മറുപടി നൽകുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ ഇപ്പോൾ.
മത്സരശേഷം നടന്ന പത്രസമ്മേളനത്തിനാണ് സിറാജിന് എട്ടാം ഓവർ നൽകാത്തതിന്റെ കാരണം രോഹിത് വെളിപ്പെടുത്തിയത്. ഒരുപക്ഷേ അവശേഷിക്കുന്ന 3 ഓവറുകൾ കൂടി സിറാജിന് നൽകിയിരുന്നെങ്കിൽ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ പുതിയൊരു നാഴികക്കല്ല് സൃഷ്ടിക്കാൻ സിറാജിന് സാധിക്കുമായിരുന്നു. എന്നാൽ ഇന്ത്യയുടെ പരിശീലകന്റെ നിർദ്ദേശപ്രകാരമാണ് സിറാജിന് എട്ടാം ഓവർ നൽകാതിരുന്നത് എന്ന രോഹിത് ശർമ പറയുന്നു. തുടർച്ചയായി ഇത്തരത്തിൽ പന്തെറിയുന്നത് സിറാജിന് പരിക്കേൽക്കാൻ കാരണമാകുമെന്ന് പരിശീലകൻ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും രോഹിത് പറഞ്ഞു.
“ആദ്യ സ്പെല്ലില്‍ തന്നെ സിറാജ് തുടർച്ചയായി 7 ഓവറുകൾ ബോൾ ചെയ്തു. പിന്നീട് പരിശീലകനിൽ നിന്ന് കൃത്യമായി സന്ദേശം ലഭിച്ച ശേഷമാണ് സിറാജിനെ ബോളിങ്ങിൽ നിന്ന് മാറ്റിയത്. എന്നാൽ തനിക്ക് ബോൾ ചെയ്യാൻ സാധിക്കാതെ വന്നതിൽ സിറാജ് തീർത്തും നിരാശനായിരുന്നു. തുടർച്ചയായി 7 ഓവറുകൾ സിറാജ് മത്സരത്തിൽ ബോൾ ചെയ്തത് തന്നെ ധാരാളമാണ്. മുൻപ് തിരുവനന്തപുരത്ത് ശ്രീലങ്കയ്ക്കെതിരെ സിറാജ് സമാനമായ രീതിയിൽ പന്തെറിഞ്ഞിരുന്നു. അന്ന് ഒരു സ്പെല്ലിൽ സിറാജ് എറിഞ്ഞത് 8- 9 ഓവറുകളാണ്.”- രോഹിത് ശർമ പറയുന്നു.
എന്നിരുന്നാലും ഏകദിന ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ സിറാജിനെ പോലെയുള്ള വമ്പൻ താരങ്ങളുടെ ഫിറ്റ്നസ് ശ്രദ്ധിക്കേണ്ടത് ഇന്ത്യൻ ടീമിന്റെ കടമയാണ്. കൃത്യമായി പേസർമാർക്ക് ഫിറ്റ്നസ് നേടാൻ സാധിച്ചില്ലെങ്കിൽ അത് മത്സരഫലത്തെ വലിയ രീതിയിൽ ബാധിച്ചേക്കും. ഇക്കാരണം കൊണ്ട് തന്നെ സിറാജിന് എട്ടാം ഓവർ നൽകാതിരുന്നത് ഒരുതരത്തിൽ ഇന്ത്യക്ക് ഗുണകരമായിട്ടുണ്ട്. ബോളർമാരുടെ ജോലിഭാരം പരമാവധി കുറച്ച് ഏകദിന ലോകകപ്പിന് സജ്ജമാക്കുക എന്ന തീരുമാനത്തോടെയാണ് ഇന്ത്യൻ ടീം മാനേജ്മെന്റ് മുൻപിലേക്ക് പോകുന്നത്.