ക്രിക്കറ്റ് ലോകം വളരെ ആവേശത്തോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ വില്യംസൺ നയിച്ച ന്യൂസിലാൻഡ് ടീമിന് എട്ട് വിക്കറ്റ് വിജയവും ഒപ്പം പ്രഥമ ടെസ്റ്റ് ലോകകപ്പ് കിരീടവും. സതാംപ്ടണിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ മഴ പല ദിനവും വില്ലനായി എത്തിയെങ്കിലും ഒടുവിൽ ആറാം ദിനവും ടെസ്റ്റിന്റെ റിസർവ് ദിനവുമായി ജൂൺ ഇരുപത്തി മൂന്നിന് കിവീസ് ടീം കിരീടം ഉയർത്തിയപ്പോൾ അസ്തമിച്ചത് ഇന്ത്യൻ ടീമിന്റെയും നായകൻ വിരാട് കോഹ്ലിയുടെയും കിരീട പ്രതീക്ഷകൾ എല്ലാമാണ്. ഫൈനലിൽ ഇന്ത്യൻ ടീം ബാറ്റിംഗിലും ബൗളിങ്ങിലും പൂർണ്ണ പരാജയമായപ്പോൾ നായകൻ കോഹ്ലിക്കും എതിരെ വിമർശനങ്ങൾ ഉയരുകയാണ്.
എന്നാൽ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് സജീവ ചർച്ചയായി മാറുന്നത് നായകൻ വിരാട് കോഹ്ലി ഫൈനലിലെ തോൽവിക്ക് ശേഷം പ്രസ്സ് മീറ്റിങ്ങിൽ പറഞ്ഞ ചില വാക്കുകളാണ്. ഫൈനലിലെ തോൽവി ഉറപ്പായും ആരാധകരെ സംബന്ധിച്ചും വേദന നൽകുന്നതാണെന്ന് പറഞ്ഞ കോഹ്ലി ഒരു ടീമെന്ന നിലയിൽ ഇന്ത്യൻ ടെസ്റ്റ് ടീം കാഴ്ചവെച്ച പ്രകടനത്തെ കുറിച്ചും ഏറെ വാചാലനായി. ടെസ്റ്റ് ഫൈനലിൽ മഴ പ്രശ്നമായി എങ്കിലും കിവീസ് ടീമിന്റെ പ്രകടനത്തേയും ഒപ്പം ഇന്ത്യൻ ടീമിന്റെ ബൗളിംഗ് നിരയെയും കോഹ്ലി വാനോളം പുകഴ്ത്തി.
അതേസമയം ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ വിജയിയെ തീരുമാനിച്ച രീതി മാറ്റണമെന്ന് വിശദമായ അഭിപ്രായം പങ്കുവെക്കുകയാണ് കോഹ്ലി. ഇത്രയേറെ ടെസ്റ്റ് പരമ്പരകൾ ടെസ്റ്റ് ലോകകപ്പിന്റെ ഭാഗമായി കളിച്ചിട്ട് ഒടുവിൽ ഫൈനൽ രണ്ട് ടീമുകൾക്കിടയിലെ ഒരൊറ്റ ടെസ്റ്റ് മത്സരത്തിൽ ഒതുക്കിയതിൽ കോഹ്ലി അനിഷ്ടം വിശദമാക്കി. ടെസ്റ്റ് ലോകകപ്പ് ഫൈനലിൽ മൂന്ന് മത്സര ടെസ്റ്റ് പരമ്പര നടത്തി ബെസ്റ്റ് ഓഫ് ത്രീ വഴി വിജയിയെ തിരഞ്ഞെടുക്കാമെന്നും വിരാട് കോഹ്ലി നിർദേശിച്ചു. ക്രിക്കറ്റ് ആരാധകരിൽ മിക്ക ആളുകളും കോഹ്ലിയുടെ അഭിപ്രായത്തെ സപ്പോർട്ട് ചെയ്തപ്പോൾ ചിലർ തോൽവി നേരിട്ട കോഹ്ലി മുടന്തൻ ന്യായീകരണം ഉയർത്തുന്നുവെന്നാണ് അഭിപ്രായം പങ്കുവെക്കുന്നത്