“ടെസ്റ്റ്‌ പരമ്പരയിൽ രാഹുലിനെ ഇന്ത്യ കീപ്പറാക്കരുത്”. അപകട സൂചന നൽകി മുൻ ഇംഗ്ലണ്ട് താരം.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാൻ കേവലം ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് വലിയ നിർദ്ദേശവുമായി മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ കെഎൽ രാഹുലിനെ വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തരുത് എന്നാണ് മോണ്ടി പനേസർ പറയുന്നത്.

പകരം മറ്റ് വിക്കറ്റ് കീപ്പർമാരായ കെ എസ് ഭരതിനെയോ യുവതാരം ധ്രുവ് ജൂറലിനെയോ ഇന്ത്യ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നും പനേസർ അഭിപ്രായപ്പെടുന്നു. ജനുവരി 25നാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. 5 ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്.

“ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ കെഎൽ രാഹുലിനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കണമെന്ന് എനിക്ക് അഭിപ്രായമില്ല. യഥാർത്ഥത്തിൽ രാഹുലിനെ ഒരു ബാറ്ററായാണ് ഇന്ത്യ ടീമിൽ ഉൾപ്പെടുത്തേണ്ടത്. മാത്രമല്ല തങ്ങളുടെ സ്ക്വാഡിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെ ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്.”

“കെഎസ് ഭരതിനെയോ അല്ലെങ്കിൽ യുവതാരമായ ധ്രുവ് ജുറലിനെയോ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തണം. ഏറ്റവും മികച്ച കീപ്പറെ തന്നെയാവണം ഇന്ത്യ കളിപ്പിക്കേണ്ടത്. ഇങ്ങനെയൊരു മികച്ച ടീം കെട്ടിപ്പടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കണം.”- മോണ്ടി പനേസർ പറയുന്നു.

“ഇന്ത്യ ആദ്യം തിരഞ്ഞെടുക്കേണ്ടത് ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെയാണ്. പിന്നീട് പ്ലെയിങ്‌ ഇലവനിൽ കളിപ്പിക്കാൻ സാധിക്കുന്ന മൂന്ന് സ്പിന്നർമാരെയും തിരഞ്ഞെടുക്കേണ്ടതുണ്ട്. ശേഷം ഇന്ത്യ ടോപ്പ് ഓർഡറിൽ 5-6 ബാറ്റർമാരെ തെരഞ്ഞെടുക്കാൻ തയ്യാറാവണം. പക്ഷേ രാഹുലിനെ ഇന്ത്യ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിപ്പിച്ചാൽ ശ്രേയസ് അയ്യരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കാതെ വരും.

രാഹുൽ, ശ്രേയസ് എന്നീ താരങ്ങളിൽ ഒരാളെ മാത്രമേ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താൻ സാധിക്കൂ. ശ്രേയസ് വളരെ ആക്രമണകാരിയായ ബാറ്ററാണ്. ശ്രേയസിനെ ഇലവനിൽ ഉൾപ്പെടുത്താൻ തയ്യാറായാലും ടേണിങ് പിച്ചുകളിൽ ഇന്ത്യ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെ കളിപ്പിക്കണം.”- പനേസർ കൂട്ടിച്ചേർക്കുന്നു.

ഇന്ത്യൻ പിച്ചുകളിൽ ഇന്ത്യക്ക് തന്നെയാണ് മേൽക്കോയ്മ എന്ന പനേസർ വ്യക്തമാക്കുന്നു. “ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളിലും ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. വളരെയധികം ആധിപത്യം സ്ഥാപിച്ചുള്ള ഒരു വിജയമാവും ഇന്ത്യ ഇവിടെ ആഗ്രഹിക്കുന്നത്. ടേണിങ് പിച്ചുകളിലും അവർ അത് നേടിയെടുക്കും. അങ്ങനെ ആധിപത്യം നേടിയെടുക്കാൻ ഇന്ത്യ ശ്രമിക്കുന്നതിൽ യാതൊരു തെറ്റുമില്ല.”- പനേസർ പറഞ്ഞു വെക്കുന്നു.

Previous articleഅവർ ബാസ്ബോൾ തന്ത്രം ഇറക്കിയാൽ എനിക്ക് കാര്യങ്ങൾ എളുപ്പമാകും. ഇംഗ്ലണ്ടിനെ വെല്ലുവിളിച്ച് ജസ്പ്രീത് ബുമ്ര.
Next articleരോഹിത് നായകൻ, 6 ഇന്ത്യക്കാർ ടീമിൽ. 2023ലെ ഐസിസി ഏകദിന ടീം പ്രഖ്യാപിച്ചു.