ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ 7 വിക്കറ്റുകളുടെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യൻ ബാറ്റർമാർ മികവ് പുലർത്തിയപ്പോൾ 43 പന്തുകൾ ബാക്കിനിൽക്കെ വിജയം കൊയ്യാൻ ഇന്ത്യയ്ക്ക് സാധിച്ചു. 2023 ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തുപോയ മുഹമ്മദ് ഷാമി ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ കളിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മുഹമ്മദ് ഷാമിയെ ഇന്ത്യ തങ്ങളുടെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയില്ല. ഇത് സംബന്ധിച്ച് ഇന്ത്യൻ ട്വന്റി20 നായകൻ സൂര്യകുമാർ യാദവ് സംസാരിക്കുകയുണ്ടായി. എന്തുകൊണ്ടാണ് ഷാമിയെ ഉൾപ്പെടുത്താതിരുന്നത് എന്നാണ് സൂര്യകുമാർ വിശദീകരിച്ചത്.
ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ 3 സ്പിന്നർമാരെയാണ് ഇന്ത്യ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നത്. രവി ബിഷണോയി, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി എന്നിവരായിരുന്നു 3 സ്പിന്നർമാർ. അതേസമയം ഒരു സ്പെഷ്യലിസ്റ്റ് പേസറെ മാത്രമാണ് ഇന്ത്യ അണിനിരത്തിയത്. അർഷദീപ് സിംഗിനൊപ്പം ഹാർദിക് പാണ്ട്യയായിരുന്നു ഇന്ത്യയുടെ രണ്ടാം പേസർ. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു ടീമിനെ അണിനിരത്തിയത് എന്ന് സൂര്യകുമാർ പറയുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ വിജയം നേടിയ രീതിയിൽ തന്നെ ഇംഗ്ലണ്ടിനെതിരെയും കളിക്കാനാണ് ശ്രമിച്ചത് എന്നാണ് സൂര്യകുമാർ പറഞ്ഞത്. അതുകൊണ്ടാണ് മുഹമ്മദ് ഷാമിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നത് എന്ന് സൂര്യകുമാർ കൂട്ടിച്ചേർത്തു.
“ഞങ്ങളുടെ ശക്തിക്കനുസരിച്ച് നിന്ന് മുൻപോട്ടു പോവാനാണ് ഞങ്ങൾ ശ്രമിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലും ഞങ്ങൾ ഇതേ കാര്യം തന്നെയായിരുന്നു ചെയ്തത്. ന്യൂ ബോളിൽ ബോൾ ചെയ്യുക എന്ന ഉത്തരവാദിത്വം ഹർദിക് പാണ്ഡ്യ ഏറ്റെടുക്കുകയായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് അധികമായി ഒരു സ്പിന്നറെ കളിപ്പിക്കാനുള്ള അവസരവും ആത്മവിശ്വാസവും ലഭിച്ചു. മത്സരത്തിൽ 3 സ്പിന്നർമാരും അതിമനോഹരമായ രീതിയിൽ തങ്ങളുടെ ജോലി നിർവഹിച്ചു.”- സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു.
എന്നിരുന്നാലും മുഹമ്മദ് ഷാമി തന്റെ പരിക്കിൽ നിന്ന് പൂർണമായും മുക്തനാവാത്തതുകൊണ്ടാണ് ഇന്ത്യ ആദ്യ മത്സരത്തിൽ ഒഴിവാക്കിയത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആദ്യ ട്വന്റി20 മത്സരത്തിന് മുമ്പ് പരിശീലന സെഷനിൽ മുഹമ്മദ് ഷാമി ഫിറ്റായിരുന്നില്ല എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഷാമിയുടെ ഇടത്തെ കാൽമുട്ടിന് ഇപ്പോഴും പ്രശ്നങ്ങൾ അവശേഷിക്കുന്നു എന്നാണ് പിടിഐ പുറത്തുവിട്ട റിപ്പോർട്ടിൽ വിശദീകരിച്ചിരിക്കുന്നത്. ഇതേ സംബന്ധിച്ച് വ്യക്തത പുറത്തു വന്നിട്ടില്ല.