കേരള ക്രിക്കറ്റ് അസോസിയേഷന്റെ അഭിമാന ടൂർണമെന്റായ കെസിഎൽ ട്വന്റി20 അടുത്ത മാസമാണ് ആരംഭിക്കുന്നത്. കേരളത്തിലുള്ള യുവ ക്രിക്കറ്റർമാരെ സംബന്ധിച്ച് വലിയ അവസരമാണ് കെസിഎൽ ഒരുക്കുന്നത്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗിലടക്കം മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത കേരള താരങ്ങളും ടൂർണമെന്റിൽ അണിനിരക്കുന്നുണ്ട്.
എന്നാൽ ടൂർണമെന്റിൽ നിന്ന് മലയാളി താരം സഞ്ജു സാംസൺ വിട്ടുനിൽക്കുകയുണ്ടായി. ടൂർണമെന്റിനുള്ള താര ലേലത്തിലും സഞ്ജു പങ്കെടുത്തിരുന്നില്ല. എന്തുകൊണ്ടാണ് സഞ്ജു ഇത്തരത്തിൽ കേരളത്തിന്റെ ട്വന്റി20 ലീഗിൽ നിന്ന് വിട്ടുനിന്നത് എന്ന ചോദ്യം മുൻപ് ഉയർന്നിരുന്നു. ഇതിന് വ്യത്യസ്തമായ ഉത്തരങ്ങളാണ് പലരും നൽകിയത്.
കേരള ക്രിക്കറ്റ് ലീഗ് നടക്കുന്ന സമയത്ത് തന്നെയാണ് ഇന്ത്യയുടെ ആഭ്യന്തര ലീഗായ ദുലീപ് ട്രോഫിയും നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ ദുലീപ് ട്രോഫിയിൽ കളിച്ച് ഇന്ത്യയുടെ ടെസ്റ്റ് ടീമിൽ കയറിപ്പറ്റാനുള്ള തയ്യാറെടുപ്പിലാണ് സഞ്ജു എന്നാണ് ആദ്യം പുറത്തുവന്ന വിവരങ്ങൾ. ഇക്കാരണത്താലാണ് കേരളത്തിന്റെ ട്വന്റി20 ലീഗിൽ നിന്ന് സഞ്ജു മാറിനിന്നത് എന്ന വ്യാജ വാർത്തയും ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വന്നിരിക്കുകയാണ്. മറ്റുചില കാരണങ്ങൾ മൂലമാണ് സഞ്ജു സാംസൺ കെസിഎൽ ട്വന്റി20 ലീഗിൽ നിന്നും മാറിനിന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2024 മാർച്ച് മുതൽ ജൂലൈ വരെ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തുടർച്ചയായി കളിച്ചിരുന്നു. 2 മാസത്തിലേറെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ സഞ്ജു കളിച്ചു. അതിന് ശേഷം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായി സഞ്ജു അമേരിക്കയിലേക്കും വിൻഡിസിലേക്കും തിരിച്ചിരുന്നു.
ഇതിന് പിന്നാലെ സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും സഞ്ജു കളിക്കുകയുണ്ടായി. ശേഷം ശ്രീലങ്കയ്ക്കെതിരായ ട്വന്റി20കളിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു സാംസൺ. ഇത്തരത്തിൽ തുടർച്ചയായി കളിച്ചത് സഞ്ജുവിനെ തളർത്തിയിട്ടുണ്ട് എന്ന് ഉറപ്പാണ്. ഈ സാഹചര്യത്തിൽ തനിക്കൊരു ഇടവേള വേണമെന്ന് സഞ്ജു ആവശ്യപ്പെടുകയായിരുന്നു. ഇക്കാരണത്താലാണ് കെസിഎല്ലിൽ നിന്ന് സഞ്ജു സാംസൺ ഇടവേള എടുത്തത് എന്ന് വൃത്തങ്ങൾ പറയുന്നു. സഞ്ജുവിനോട് അടുത്തു നിൽക്കുന്ന ഒരു വൃത്തമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കെസിഎല്ലിന്റെ ലേലത്തിനുള്ള താരങ്ങളുടെ ലിസ്റ്റിൽ പോലും സഞ്ജു സാംസന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണുകളിലൊക്കെയും രാജസ്ഥാനെ മികച്ച രീതിയിൽ നയിക്കാൻ സഞ്ജു സാംസണ് സാധിച്ചിരുന്നു. കഴിഞ്ഞ സീസണിൽ സഞ്ജുവിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ പ്ലേയോഫ് വരെ എത്തിയിരുന്നു. എന്നാൽ രണ്ടാം ക്വാളിഫയറിൽ സഞ്ജുവിന്റെ ടീമിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. 2025 ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച ഒരു ടീമിനെ കെട്ടിപ്പടുത്ത് കിരീടം സ്വന്തമാക്കുക എന്നതാണ് രാജസ്ഥാൻ റോയൽസിന്റെ ലക്ഷ്യം.