ജസ്‌പ്രീത് ബുംറ × സഹീർ ഖാൻ. ടെസ്റ്റ്‌ ക്രിക്കറ്റിലെ കണക്കുകളിൽ ആരാണ് മികച്ചത്?

ZAHEER KHAN

ഇന്ത്യൻ ക്രിക്കറ്റിൽ പേസ് ബോളിംഗിൽ വിസ്മയം തീർത്ത 2 താരങ്ങളാണ് സഹീർ ഖാനും ജസ്പ്രീത് ബൂമ്രയും. 2 തലമുറകളിലായി കളിച്ചവരാണെങ്കിലും ഇരുവരുടെയും സാന്നിധ്യം ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചലനങ്ങൾ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ അടക്കം വലിയ പ്രകടനങ്ങൾ കാഴ്ചവെക്കാൻ ഇരു താരങ്ങൾക്കും സാധിച്ചിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്ന് പരിശോധിക്കാം.

ഇന്ത്യയ്ക്കായി 92 ടെസ്റ്റ് മത്സരങ്ങളിലാണ് സഹീർ ഖാൻ കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 32.94 എന്ന ശരാശരിയിൽ 311 വിക്കറ്റുകൾ താരം സ്വന്തമാക്കുകയുണ്ടായി. 87 റൺസ് വിട്ടുനൽകി 7 വിക്കറ്റുകൾ സ്വന്തമാക്കിയതാണ് ടെസ്റ്റ് ക്രിക്കറ്റിലെ സഹീർ ഖാന്റെ ഏറ്റവും മികച്ച നേട്ടം. ഒരു ബാറ്റിംഗ് ലൈനപ്പിനെ ഏതുതരത്തിൽ നിഷ്പ്രഭമാക്കാം എന്നതിന് ഉദാഹരണമാണ് സഹീർഖാൻ.

മറുവശത്ത്, ജസ്‌പ്രീത് ബുമ്ര നിലവിൽ ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബോളർ കൂടിയാണ്. വ്യത്യസ്തമായ ആക്ഷനും അങ്ങേയറ്റം മികച്ച പേസുമാണ് ബുമ്രയെ മികച്ച താരമാക്കുന്നത്. സഹീർ ഖാനെ അപേക്ഷിച്ച് വളരെ കുറച്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ബൂമ്ര കളിച്ചിട്ടുള്ളത്. ഇതുവരെ 34 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 149 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. 20.57 എന്നതാണ് ബൂമ്ര യുടെ ശരാശരി. 27 റൺസ് വിട്ടു നൽകി 6 വിക്കറ്റുകൾ സ്വന്തമാക്കിയതാണ് ബുമ്രയുടെ ഏറ്റവും മികച്ച പ്രകടനം.

ശരാശരിയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ സഹീർ ഖാനെക്കാൾ ഒരുപാട് മുൻപിലാണ് ബൂമ്ര. നിർണായക സമയങ്ങളിൽ വിക്കറ്റുകൾ സ്വന്തമാക്കാനുള്ള ബൂമ്രയുടെ കഴിവാണ് ഇതിന് വലിയ സഹായകരമായി മാറിയിരിക്കുന്നത്. പുതിയ ബോളിലും പഴയ ബോളിലും ചലനങ്ങൾ ഉണ്ടാക്കാൻ ബുമ്രയ്ക്ക് സാധിക്കാറുണ്ട്. സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തിലും സഹീർ ഖാനെക്കാൾ ഒരുപാട് മുകളിൽ ബുമ്ര നിൽക്കുന്നു. നിരന്തരം വിക്കറ്റുകൾ വീഴ്ത്താൻ സാധിക്കുന്നത് ബുമ്രയുടെ സ്ട്രൈക്ക് റേറ്റിൽ സഹായകരമായിട്ടുണ്ട്. ഇരു പേസർമാരുടെയും എക്കണോമി റേറ്റ് വളരെ മികച്ചത് തന്നെയാണ്. പക്ഷേ ഇവിടെയും ചെറിയ മേൽക്കൈ ബൂമ്രയ്ക്കാണ് ഉള്ളത്. ഇന്ത്യയ്ക്ക് പുറത്തുള്ള സാഹചര്യങ്ങളിൽ മികവ് പുലർത്താൻ സാധിച്ചിട്ടുണ്ട് എന്നതാണ് ബൂമ്രയുടെ വലിയ പ്രത്യേകത.

Read Also -  സഞ്ജു കെസിഎല്ലിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്? ഇതാണ് യഥാർത്ഥ കാരണം

മാച്ച് വീന്നിംഗ് പ്രകടനങ്ങളുടെ കണക്കെടുക്കുകയാണെങ്കിൽ ബുമ്രയുടെ ഇമ്പാക്ട് വളരെ വലുത് തന്നെയാണ്. സമീപകാലത്ത് ഇന്ത്യയുടെ വിജയങ്ങളിൽ ഒക്കെയും ബുമ്രയുടെ പ്രകടനം അങ്ങേയറ്റം നിർണായകമായിരുന്നു. ദൈർഘ്യമേറിയ സ്പെല്ലുകൾ എറിയാനുള്ള ബുമ്രയുടെ കഴിവും ഇന്ത്യയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ, സഹീർ ഖാനെക്കാൾ മികച്ച ടെസ്റ്റ് റെക്കോർഡുകൾ ഉള്ളത് ബുമ്രയ്ക്ക് തന്നെയാണ്.

എന്നിരുന്നാലും ടെസ്റ്റ് ക്രിക്കറ്റിൽ സഹീർ ഖാൻ നൽകിയിട്ടുള്ള സംഭാവനകൾ ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്. രണ്ട് തലമുറകളിലുള്ള താരങ്ങൾ ആയതിനാൽ ഇരുവരെയും തമ്മിൽ നേരിട്ട് താരതമ്യം ചെയ്യാനും സാധിക്കില്ല. ഇരു താരങ്ങളും ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണ്ണായകമായിരുന്നു എന്നത് ഉറപ്പാണ്.

Scroll to Top