ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നായകനാണ് മഹേന്ദ്രസിംഗ് ധോണി. ചെന്നൈ സൂപ്പർ കിങ്സിനെ 5 തവണ കിരീടം ചൂടിച്ച ധോണി 2 വർഷം റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സ് ടീമിൽ കളിച്ചിരുന്നു. എന്നാൽ 2016 സീസണിൽ പൂനെ ടീമിന് പോയിന്റ് പട്ടികയിൽ ഏറ്റവും അവസാന സ്ഥാനക്കാരായി മാറേണ്ടി വന്നു.
ഇതിന് പിന്നാലെ 2017 സീസണിൽ മഹേന്ദ്ര സിംഗ് ധോണിയെ പൂനെ ടീം നായക സ്ഥാനത്തു നിന്നും മാറ്റുകയും, സ്റ്റീവ് സ്മിത്തിനെ പുതിയ നായകനായി നിയമിക്കുകയും ചെയ്തു. ഇത് വലിയ രീതിയിൽ വിമർശനങ്ങൾ ഉണ്ടാക്കിയ ഒന്നാണ്. പൂനെയുടെ അന്നത്തെ ഓണറായ സഞ്ജീവ് ഗോയങ്കയാണ് മഹേന്ദ്ര സിംഗ് ധോണിയെ പോലെ ഒരു താരത്തെ നായക സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതിനൊക്കെയും ശേഷം 7 വർഷങ്ങൾക്കിപ്പുറം ആ തീരുമാനത്തെ പറ്റിയാണ് നിലവിലെ ലക്നൗവിന്റെ ഓണർ കൂടിയായ സഞ്ജീവ് ഗോയങ്ക ഇപ്പോൾ സംസാരിക്കുന്നത്.
തനിക്ക് ഇപ്പോഴും മഹേന്ദ്രസിംഗ് ധോണിയുമായി അടുത്ത ബന്ധമുണ്ട് എന്നാണ് ഗോയങ്ക പറഞ്ഞത്. “അന്ന് എന്ത് സംഭവിച്ചോ, അത് സംഭവിച്ചു എന്ന് മാത്രമാണ് പറയാൻ സാധിക്കുന്നത്. ഇപ്പോഴും വളരെ ആത്മാർത്ഥമായ ഒരു ബന്ധം ഞാനും മഹേന്ദ്ര സിംഗ് ധോണിയും തമ്മിൽ പുലർത്തുന്നുണ്ട്. അന്ന് ധോണിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം ശരിയായിരുന്നോ തെറ്റായിരുന്നു എന്നത് സമയം മാത്രമായിരുന്നു തീരുമാനിച്ചിരുന്നത്. അതിലെ യുക്തിയാണ് പരിശോധിക്കപ്പെടേണ്ടത്. എന്തുകൊണ്ടാണ് അങ്ങനെ ഒരു തീരുമാനം അന്ന് എടുത്തത്? അത് അന്നത്തെ ചിന്താഗതിയാണ്. ഇപ്പോൾ ധോണിയുമായി ഓരോ തവണ ഇടപഴകുമ്പോഴും എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് ഞങ്ങൾ എവിടെയോ വച്ചു കണ്ടിരുന്നു. എന്റെ മകനായ ശശ്വത്തിനോട് ഏതുതരത്തിൽ മുന്നോട്ടുപോകണം എന്നതിനെപ്പറ്റി ധോണി സംസാരിക്കുകയുണ്ടായി.”- സഞ്ജീവ് പറയുന്നു.
“ധോണിയെ പോലെ ഒരു നായകനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ചിന്തകളും ആറ്റിട്യൂഡും മനോഭാവത്തിന്റെ രീതിയുമൊക്കെ വളരെ വ്യത്യസ്തമാണ്. ഇന്നത്തെ ദിവസം വരെ അദ്ദേഹം തന്റേതായ പുനർനിർമാണങ്ങളിലൂടെ ശക്തിപ്രാപിച്ചിട്ടുണ്ട്. ഈ പ്രായത്തിലും തന്റെ ടീമിനെ പ്രചോദിപ്പിച്ച് മുൻപോട്ട് കൊണ്ടുവരാൻ ധോണിയ്ക്ക് സാധിക്കുന്നുണ്ട്. ഉദാഹരണമായി മതീഷാ പതിരാനയെ തന്നെ എടുത്തു പരിശോധിക്കാം. അവൻ ഒരു ചെറിയ ബോളറായിരുന്നു. എവിടെ വച്ചാണ് ധോണി അവനെ കണ്ടെത്തിയത് എന്ന് അറിയില്ല. ഇപ്പോൾ ധോണി അവനെ ഒരു മാച്ച് വിന്നറായി വളർത്തിക്കൊണ്ടു വന്നിരിക്കുന്നു. തങ്ങളുടെ താരങ്ങളെ എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന പൂർണമായ ബോധ്യം ധോണിയ്ക്കുണ്ട്. ഞാൻ ധോണിയുമായി സംസാരിക്കുന്ന സമയത്ത് ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിക്കുന്നു.”- സഞ്ജീവ് ഗോയങ്ക കൂട്ടിച്ചേർത്തു.
“എന്റെ പേരക്കുട്ടിക്ക് 11 വയസ്സാണ് പ്രായം. അവൻ ക്രിക്കറ്റിനെ പറ്റി വളരെ വാചാലനാണ്. ധോണി എന്റെ വീട്ടിൽ വന്ന സമയത്ത് അവനെ ക്രിക്കറ്റ് കളിക്കാൻ പഠിപ്പിച്ചിരുന്നു. ഒരു 5-6 വർഷം മുമ്പാണ് ഇത് നടന്നത്. അവൻ ധോണിയോട് നിരന്തരം ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരുന്നു. അദ്ദേഹത്തെ വെറുതെ വിടൂ എന്നാണ് ഞാൻ അവനോട് പറഞ്ഞത്. പക്ഷേ ധോണി അപ്പോൾ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
‘അവൻ ചോദിക്കട്ടെ, ഞാൻ അവനുമായുള്ള സംഭാഷണം ആസ്വദിക്കുകയാണ്’. അവനോടൊപ്പം അരമണിക്കൂറോളം സംസാരിച്ച ശേഷമാണ് അന്ന് ധോണി പിരിഞ്ഞത്. ഒരു കുട്ടിയോട് പോലും ഇത്രമാത്രം മനുഷ്യത്വപരമായി പെരുമാറുന്ന വ്യക്തിത്വമാണ് ധോണിയുടേത്. എങ്ങനെ മറ്റുള്ളവരോട് സംസാരിക്കാം എന്നതിന് വലിയ ഉദാഹരണമാണ് അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹം ധോണിയായി തന്നെ നിൽക്കുന്നതും.”- സഞ്ജീവ് ഗോയങ്ക പറഞ്ഞുവെക്കുന്നു.