ബോൾ ചെയ്യിക്കുന്നില്ലെങ്കിൽ അവനെ എന്തിന് കളിപ്പിക്കുന്നു? ക്യാപ്റ്റന്റെ മണ്ടത്തരം.

വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലെ ഇന്ത്യയുടെ പരാജയം മുൻ താരങ്ങളെയടക്കം ചൊടിപ്പിച്ചിട്ടുണ്ട്. ആദ്യ രണ്ടു മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടതോടെ ഒരുപാട് വിമർശനങ്ങളാണ് ഇന്ത്യൻ നായകൻ ഹാർദിക് പാണ്ഡ്യക്കെതിരെ ഉയർന്നിരിക്കുന്നത്. രണ്ടാം മത്സരത്തിൽ അക്ഷർ പട്ടേലിനെ ഹർദിക് പാണ്ഡ്യ ബോൾ ചെയ്യിക്കാതിരുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഒരു ബോളിംഗ് ഓൾറൗണ്ടറായ അക്ഷറിനെ ഇന്ത്യ മത്സരത്തിൽ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

“അക്ഷർ പട്ടേലിന് മത്സരത്തിൽ ഓരോവർ പോലും ഹർദിക് നൽകിയില്ല. എന്റെ ചോദ്യം ഇതാണ്. എന്തുകൊണ്ടാണ് ഇടംകയ്യൻ ബാറ്റർമാർ ക്രീസിലുള്ളപ്പോൾ അക്ഷറിന് പന്ത് നൽകാതിരുന്നത്? തുടക്കത്തിൽ കൈൽ മെയേഴ്സ് എന്ന ഇടങ്കയ്യൻ ബാറ്റർ ക്രീസിലുണ്ടായിരുന്നു.

പിന്നീട് നിക്കോളാസ് പൂരൻ എത്തി. ശേഷം ഹെറ്റ്മയർ ക്രീസിലെത്തി. അവസാനം അഖീൽ ഹുസൈനെത്തി. ഇടങ്കയ്യൻ ബാറ്റർമാർ ക്രീസിലുള്ളപ്പോൾ അക്ഷറിന് ബോൾ നൽകാതിരിക്കുന്നത് എന്തുകൊണ്ടാണ്? അതുകൊണ്ടാണ് അയാൾക്ക് ഓരോവർ പോലും എറിയാൻ സാധിക്കാതെ വന്നത്.”- ചോപ്ര പറഞ്ഞു.

“ഇത്തരത്തിൽ, അക്ഷർ ബോൾ ചെയ്യുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് അയാളെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുന്നത്? ഒരു ആറാം ബോളറായി പോലും അക്ഷറിനെ ഇന്ത്യ ഉപയോഗിച്ചിട്ടില്ല. ഒരു ഇടംകയ്യൻ ബോളർക്ക് ഇടങ്കയ്യൻ ബാറ്റർക്കെതിരെ ബോൾ ചെയ്യാൻ സാധിക്കും. വിൻഡിസ് താരം അഖീൽ ഹുസൈൻ അത് തെളിയിക്കുകയും ചെയ്തു. തിലക് വർമക്കെതിരെ അയാൾ പന്തറിയുകയും, വിക്കറ്റ് സ്വന്തമാക്കുകയും ചെയ്തിരുന്നു. എന്നിട്ടും നമ്മൾ അക്ഷറിനെ ബോൾ ചെയ്യിപ്പിച്ചില്ല.”- ചോപ്ര കൂട്ടിച്ചേർത്തു.

“കഴിഞ്ഞ മത്സരത്തിലും ഇന്ത്യ അക്ഷറിന് കേവലം രണ്ടോവറുകൾ മാത്രമാണ് നൽകിയത്. ഈ മത്സരത്തിൽ ഓരോവർ പോലും നൽകിയില്ല. ഏകദിനങ്ങളിലും അയാൾക്ക് രണ്ടോവറാണ് ലഭിച്ചത്. അക്ഷർ ഒരു ബാറ്ററായല്ല കളിക്കുന്നത് എന്ന കാര്യം ഇന്ത്യ മനസ്സിലാക്കണം.

ഹർദിക് പാണ്ഡ്യ മത്സരത്തിൽ മൂന്നു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. അത് വളരെ പ്രധാനപ്പെട്ടതുമായിരുന്നു. എന്നാൽ അതുകൊണ്ട് പാണ്ഡ്യയുടെ ജോലി അവസാനിക്കുന്നില്ല. എങ്ങനെ നോക്കിയാലും അക്ഷറിന് ഓരോവർ പോലും നൽകാതിരുന്നത് അംഗീകരിക്കാനാവില്ല.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.

Previous article“പാണ്ഡ്യയ്ക്ക് ഇനി എന്നാണ് നേരം വെളുക്കുക”. ചഹലിനെ അവഗണിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം.
Next articleകിട്ടിയ അവസരങ്ങള്‍ മുതലാക്കുന്നില്ലാ. സമയം കടന്നു പോകുന്നു. സഞ്ചുവിനെ വിമര്‍ശിച്ച് പാര്‍ഥിവ് പട്ടേല്‍.