“പാണ്ഡ്യയ്ക്ക് ഇനി എന്നാണ് നേരം വെളുക്കുക”. ചഹലിനെ അവഗണിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ ഇന്ത്യൻ താരം.

ഇന്ത്യയുടെ വെസ്റ്റിൻഡീസിനെതിരായ രണ്ടാം ട്വന്റി20യിലെ കനത്ത പരാജയത്തിനുശേഷം നായകൻ ഹർദിക് പാണ്ഡ്യയ്ക്കെതിരെ വിമർശന ശരങ്ങളുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മത്സരത്തിൽ ഹർദിക് പാണ്ഡ്യ ചാഹലിനെ വേണ്ടവിധത്തിൽ ഉപയോഗിച്ചില്ല എന്ന വിമർശനമാണ് ആകാശ് ചോപ്ര ഉന്നയിക്കുന്നത്. മത്സരത്തിൽ 3 ഓവറുകൾ പന്തറിഞ്ഞ ചാഹൽ 19 മാത്രം വിട്ടുനിൽകി 2 വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. എന്നാൽ നിർണായകമായ അവസാന ഓവറുകളിൽ ചാഹലിന് പന്തു നൽകാൻ ഹർദിക് പാണ്ഡ്യ മുതിർന്നില്ല. ഇതാണ് ആകാശ് ചോപ്രയുടെ വിമർശനത്തിന് അടിസ്ഥാനമായുള്ളത്.

“എന്തുകൊണ്ടാണ് ഹർദിക് പാണ്ഡ്യ ചാഹലിന് ആ ഓവർ നൽകാതിരുന്നത്? അയാൾ നമ്മളുടെ ഏറ്റവും മികച്ച ബോളറാണ്. പതിനാറാം ഓവറിൽ അയാൾ രണ്ടു വിക്കറ്റുകൾ സ്വന്തമാക്കുകയുണ്ടായി. മാത്രമല്ല ആ ഓവറിൽ ഒരു റൺഔട്ട് ഉണ്ടായിരുന്നു. ആ സമയത്താണ് ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തിയത്.

അതിനാൽ തന്നെ ചാഹലിന് ബോൾ കൊടുക്കാതിരുന്നത് വേദനാജനകമാണ്. മത്സരത്തിൽ വെസ്റ്റിൻഡീസ് അനായാസം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. നിക്കോളാസ് പൂരൻ ക്രീസിൽ ഉണ്ടായിരുന്ന സമയം വരെ ഇന്ത്യയ്ക്ക് വിജയത്തിന് യാതൊരു സാധ്യതകളും ഉണ്ടായിരുന്നില്ല.”- ആകാശ് ചോപ്ര പറയുന്നു.

“മത്സരത്തിൽ ഒരു വമ്പൻ ഷോട്ട് കളിക്കാൻ ശ്രമിക്കുന്നതിനിടെ സഞ്ജു സാംസണ് ക്യാച്ച് നൽകിയിരുന്നു പൂരൻ മടങ്ങിയത്. നിക്കോളാസ് പൂരൻ പുറത്തായ ഉടൻ തന്നെ ഇന്ത്യയ്ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാൻ അവസരം ലഭിച്ചു. എന്നാൽ ആ അവസരത്തിൽ ആവശ്യമായത് കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കുക എന്നത് തന്നെയായിരുന്നു. ചാഹലിന് ആ സമയത്ത് വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിച്ചത് മത്സരത്തിൽ നിർണായകമായി”- ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.

“നമ്മൾ ഒരു സ്കോർ പ്രതിരോധിക്കുമ്പോൾ 20ആം ഓവറിനേക്കാൾ പ്രാധാന്യം 19 ആം ഓവറിനാണ് നൽകേണ്ടത്. വളരെ കുറച്ച് റൺസ് മാത്രമാണ് വിൻഡീസിന് ആവശ്യമായിരുന്നത്. ഇന്ത്യയ്ക്കും രണ്ടു വിക്കറ്റുകൾ മാത്രമായിരുന്നു ആവശ്യം. അതിനാൽ തന്നെ 18ആം ഓവറായിരുന്നു ഏറ്റവും പ്രാധാന്യമുള്ളത്. ആ ഓവർ എറിയേണ്ടത് ചഹൽ തന്നെയായിരുന്നു. പക്ഷേ ചാഹലിന് പന്ത് ലഭിച്ചില്ല.

അതിനുശേഷം 19ആം ഓവർ ചഹൽ എറിയുമെന്ന് 100% എല്ലാവരും ഉറപ്പിച്ചു. കാരണം ആ സമയത്ത് വെസ്റ്റിൻഡീസിന് ആവശ്യം 12 പന്തുകളിൽ 12 റൺസായിരുന്നു. പക്ഷേ ഹർദിക് ആ സമയത്തും ചാഹലിനെ മാറ്റിനിർത്തി. 20ആം ഓവറിൽ ചാഹലിന് എറിയേണ്ടി വന്നതുമില്ല.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.