ആവേശകരമായ ഇന്ത്യ ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫി ഈ മാസം ഒമ്പതിനാണ് തുടങ്ങുന്നത്. പരമ്പരയിൽ ഇന്ത്യക്ക് ഏറെ തിരിച്ചടിയാവുക ഇന്ത്യൻ സൂപ്പർ താരം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷബ് പന്തിന്റെ അഭാവം ആയിരിക്കും. കാർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന താരം ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഉണ്ടാവുകയില്ല.
ടെസ്റ്റ് ക്രിക്കറ്റിൽ വെടിക്കെട്ട് പ്രകടനത്തോടെ പേരെടുത്ത താരം നാലാം ഇന്നിങ്സിലെ ഫിനിഷിംഗിലും പ്രശസ്തനാണ്. പന്തിന്റെ അഭാവം ഓസ്ട്രേലിയക്കെതിരെ ഇന്ത്യ എങ്ങനെ നികത്തും എന്ന ചോദ്യം ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഈ ആശങ്കകൾക്കിടയിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കി കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. പന്തിന്റെ അഭാവത്തിൽ നിർണ്ണായകമാകാൻ പോകുന്ന താരം ആരാണെന്നും അശ്വിൻ പറഞ്ഞു.
“ഇന്ത്യയുടെ കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ പ്രധാന ബാറ്റർമാരാണ് ശ്രേയസ് അയ്യരും ഋഷബ് പന്തും. ശ്രേയസ് ഇന്ത്യൻ ബാറ്റിംഗ് ഓർഡറിന്റെ നട്ടെല്ല് ആണ്. അതുകൊണ്ടു തന്നെ ശ്രേയസ് അയ്യർ ആയിരിക്കും പന്തിന്റെ അഭാവത്തിൽ നിർണായകമാകാൻ പോകുന്ന താരം.”-അശ്വിൻ പറഞ്ഞു.
അതേസമയം നാഗ്പൂരിൽ വച്ച് നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ ശ്രേയസ് അയ്യർ കളിക്കില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ന്യൂസിലാൻഡിന് എതിരായ വൈറ്റ് ബോൾ സീരീസ് നടുവിനേറ്റ പരിക്ക് മൂലം പൂർണ്ണമായും താരത്തിന് നഷ്ടമായിരുന്നു. ഇന്ത്യക്കുവേണ്ടി 7 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറിയും 5 അർദ്ധ സെഞ്ചുറിയും അടക്കം 56.72 ശരാശരിയിൽ 624 റൺസ് താരം നേടിയിട്ടുണ്ട്.