2023ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിലവിൽ കെ എൽ രാഹുൽ, ഋഷഭ് പന്ത് തുടങ്ങിയ വിക്കറ്റ് കീപ്പർമാർക്ക് പരിക്കേറ്റ സാഹചര്യത്തിൽ യുവതാരങ്ങളെ കൂടുതലായി അണിനിരത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ ലോകകപ്പിന് മുൻപായി രാഹുലടക്കമുള്ള താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ സാഹചര്യത്തിൽ ഇന്ത്യ തങ്ങളുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പറായി രാഹുലിനെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് മുൻ ഇന്ത്യൻ താരങ്ങൾ പറയുന്നത്. ആകാശ് ചോപ്ര, ഇഷാന്ത് ശർമ, വസീം ജാഫർ എന്നിവരാണ് ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്.
ലോകകപ്പിൽ ഇന്ത്യ കെഎൽ രാഹുലിനെ വിക്കറ്റ് കീപ്പറായി കാണുന്നുണ്ടോ എന്ന ചോദ്യത്തിന് ഇഷാന്ത് നൽകിയ മറുപടി ഇങ്ങനെയായിരുന്നു. “റിഷാഭ് പന്ത് കളിക്കുന്നില്ലാത്ത പക്ഷം, ലോകകപ്പിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ സ്ലോട്ട് വളരെ നിർണായകമാണ്. കെ എൽ രാഹുൽ നാലും അഞ്ചും ബാറ്റിംഗ് പൊസിഷനുകളിൽ കളിക്കുന്ന താരമാണ്. അയാൾക്ക് കൃത്യതയോടെ റൺസ് കണ്ടെത്താനും സാധിച്ചിട്ടുണ്ട്.
മറ്റൊരു വിക്കറ്റ് കീപ്പർ ഇല്ലെങ്കിൽ രാഹുലിന് ഈ റോൾ നൽകുകയും ഒരു എക്സ്ട്രാ ബാറ്ററെ കളിപ്പിക്കാൻ ഇന്ത്യ തയ്യാറാവുകയും ചെയ്യണം. ഇക്കാരണം കൊണ്ട് തന്നെ രാഹുൽ ഒരു പ്രധാനപ്പെട്ട കളിക്കാരനാണ്.”- ഇഷാന്ത് പറഞ്ഞു.
രാഹുലിനെ ഒഴിച്ചു നിർത്തിയാൽ ഇന്ത്യയുടെ മുൻപിലുള്ള മറ്റ് ഓപ്ഷനുകൾ സഞ്ജുവും ഇഷാൻ കിഷനുമാണ് എന്നാണ് ചോപ്ര ചൂണ്ടിക്കാട്ടിയത്. എന്നാൽ ഫസ്റ്റ് ചോയ്സ് ഓപ്ഷനായി ഇന്ത്യ രാഹുലിനെ തന്നെ ഉൾപ്പെടുത്തണമെന്ന അഭിപ്രായവുമാണ് ചോപ്രയ്ക്കുള്ളത്. “ഇപ്പോൾ നടക്കുന്ന വെസ്റ്റിൻഡീസ് പര്യടനം എടുത്ത് പരിശോധിച്ചാൽ സഞ്ജു സാംസനും ഇഷാനുമാണ് കീപ്പർമാരായി ഉള്ളത്. ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി സ്വന്തമാക്കിയിട്ടുള്ള താരമാണ് ഇഷാൻ കിഷൻ.
പക്ഷേ കിഷൻ പലപ്പോഴും ഓപ്പണർ റോളിലാണ് കളിക്കുന്നത്. മധ്യനിരയിൽ കളിക്കാൻ ഇഷാൻ ഒരുതരത്തിലും ഒരു ഓപ്ഷനായി മാറില്ല.”- ചോപ്ര പറയുന്നു.
“ലോവർ ഓർഡറിൽ ഇന്ത്യയ്ക്കുവേണ്ടി കളിക്കാൻ പ്രാപ്തിയുള്ള താരം സഞ്ജു സാംസനാണ്. അവൻ ഒരുപാട് കഴിവുകളുള്ള താരമാണെന്ന് നമ്മൾ ഐപിഎല്ലിൽ തന്നെ കണ്ടിട്ടുണ്ട്. വളരെയധികം ആത്മവിശ്വാസവും സഞ്ജുവിനുണ്ട്. പക്ഷേ ഐപിഎല്ലിൽ അവൻ മികച്ച പ്രകടനങ്ങൾ നടത്തിയതൊക്കെയും മൂന്നാം നമ്പറിലാണ്.
അത് കണക്കിലെടുക്കണം. “- ചോപ്ര കൂട്ടിച്ചേർത്തു. കെ എൽ രാഹുൽ തന്നെ വിക്കറ്റ് കീപ്പറായി ലോകകപ്പിൽ കളിച്ചാൽ മതി എന്ന അഭിപ്രായമാണ് വസീം ജാഫറിന്റെയും. ഏകദിന ഫോർമാറ്റിൽ രാഹുൽ അത്രമാത്രം പ്രധാനപ്പെട്ട ക്രിക്കറ്ററാണ് എന്നാണ് ജാഫർ പറയുന്നത്.