ഹർഭജനെയും പിന്നിലാക്കി അശ്വിൻ. ഇനി മുൻപിലുള്ളത് ആ ഇതിഹാസതാരം മാത്രം.

364658

വെസ്റ്റിൻഡീസിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിലും ശക്തമായ നിലയിലാണ് ഇന്ത്യ ഇപ്പോൾ. ഇന്ത്യ മുൻപിലേക്ക് വെച്ച 365 എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റിൻഡീസിന്റെ ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായിട്ടുണ്ട്. രവിചന്ദ്രൻ അശ്വിനാണ് വിൻഡീസ് ബാറ്റിംഗ് നിരയിലെ ആദ്യ രണ്ട് വിക്കറ്റുകൾ നാലാം ദിവസം കൊയ്തത്. ഈ വിക്കറ്റുകൾ സ്വന്തമാക്കിയതോടെ അത്യപൂർവ്വ നേട്ടങ്ങളാണ് അശ്വിനെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ബോളറായി രവിചന്ദ്രൻ അശ്വിൻ ഇതോടെ മാറിയിട്ടുണ്ട്. ഇന്ത്യൻ മുൻ സ്പിന്നർ ഹർഭജൻ സിംഗിനെ മറികടന്നാണ് അശ്വിൻ രണ്ടാം സ്ഥാനത്ത് എത്തിയത്. ഈ ലിസ്റ്റിൽ മുൻ ഇന്ത്യൻ സ്പിന്നർ അനിൽ കുംബ്ലെ മാത്രമാണ് അശ്വിന് മുൻപിലായുള്ളത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായി 956 വിക്കറ്റുകളാണ് അനിൽ കുംബ്ലെ നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് നിൽക്കുന്ന രവിചന്ദ്രൻ അശ്വിൻ ഇപ്പോൾ 712 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു. 711 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുള്ള ഹർഭജൻ സിംഗാണ് ലിസ്റ്റിൽ മൂന്നാമൻ. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ കപിൽ ദേവ് 687 വിക്കറ്റുകളുമായി ലിസ്റ്റിൽ നാലാം സ്ഥാനത്ത് നിൽക്കുന്നുണ്ട്. ഇടങ്കയ്യൻ ബോളർ സഹീർ ഖാനാണ് 610 വിക്കറ്റുകളുമായി ഈ ലിസ്റ്റിലെ അഞ്ചാമൻ. ഇതിനൊപ്പം തന്നെ മറ്റൊരു റെക്കോർഡും രവിചന്ദ്രൻ അശ്വിൻ സ്വന്തമാക്കുകയുണ്ടായി.

See also  IPL 2024 : രോഹിത് ശര്‍മ്മ ഒരറ്റത്ത് നിന്നട്ടും മുംബൈക്ക് വിജയിക്കാനായില്ലാ. പതിരാഞ്ഞയുടെ കരുത്തില്‍ ചെന്നൈക്ക് വിജയം.

വെസ്റ്റിൻഡീസിനെതിരെ ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് അശ്വിൻ എത്തിയിട്ടുണ്ട്. വിൻഡിസിനെതിരെ 74 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയിരുന്ന അനിൽ കുംബ്ലെയെ മറികടന്നാണ് 75 വിക്കറ്റുകളുമായി അശ്വിൻ രണ്ടാം സ്ഥാനം കയ്യടക്കിയിരിക്കുന്നത്. ഈ ലിസ്റ്റിൽ 89 വിക്കറ്റുകൾ വെസ്റ്റിൻഡീസിനെതിരെ നേടിയിട്ടുള്ള കപിൽ ദേവാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ നിലവിലെ ഫോം അശ്വിൻ ആവർത്തിക്കുകയാണെങ്കിൽ കപിൽ ദേവിനെ അനായാസം മറികടക്കാൻ സാധിക്കും എന്നത് ഉറപ്പാണ്.

മത്സരത്തിന്റെ നാലാം ദിവസത്തെ അശ്വിന്റെ ഈ തകർപ്പൻ ബോളിംഗ് പ്രകടനം ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. അവസാന ദിവസം എട്ടു വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വീഴ്ത്തേണ്ടത്. ഇത്തരത്തിൽ അവസാന ദിവസവും അശ്വിൻ മികവു കാട്ടുകയാണെങ്കിൽ വലിയൊരു വിജയം തന്നെ ഇന്ത്യയ്ക്ക് മത്സരത്തിൽ നേടാൻ സാധിക്കും. എന്നിരുന്നാലും മത്സരത്തിനിടയ്ക്ക് വരുന്ന മഴ ഇന്ത്യയ്ക്ക് ഭീഷണിയായി നിൽക്കുന്നു. മറുവശത്ത് വിൻഡിസിനെ സംബന്ധിച്ച് 365 റൺസ് എന്ന വിജയലക്ഷ്യം അല്പം കഠിനം തന്നെയാണ്.

Scroll to Top