അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുകയുണ്ടായി. പല പ്രമുഖ താരങ്ങളും ഇല്ലാതെയാണ് ഇന്ത്യ പരമ്പരയ്ക്ക് ഇറങ്ങുന്നത്. രോഹിത് ശർമയും വിരാട് കോഹ്ലിയും ട്വന്റി20 ക്രിക്കറ്റിലേക്ക് പരമ്പരയിലൂടെ തിരിച്ചുവരികയാണ്. എന്നാൽ ചില താരങ്ങളുടെ അഭാവം വലിയ രീതിയിലുള്ള ചോദ്യങ്ങൾക്ക് ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ സമയങ്ങളിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യർ, ഓസിസിനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യൻ സ്ക്വാഡിലെ അംഗമായിരുന്ന ശിവം ദുബെ, മികവ് പുലർത്തിയ ഇഷാൻ കിഷൻ എന്നിവർ ഇന്ത്യയുടെ സ്ക്വാഡിൽ ഉൾപ്പെടുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്ത് വന്നിരിക്കുന്നത്.
ഈ മൂന്നു താരങ്ങളെ ഇന്ത്യ ഒഴിവാക്കിയ രീതിയാണ് ആകാശ് ചോപ്ര ചോദ്യം ചെയ്യുന്നത്. “ഓസ്ട്രേലിയക്കെതിരായ 5 ട്വന്റി20 മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യയുടെ ഉപനായകനായി നിശ്ചയിച്ചിരുന്ന താരമാണ് ശ്രേയസ് അയ്യർ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ പരമ്പരയിലും സ്ക്വാഡംഗമായിരുന്നു അയ്യർ. എന്നാൽ അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ പരമ്പരയിൽ ടീമിൽ ഇടം പിടിക്കാൻ അയാൾക്ക് സാധിച്ചിട്ടില്ല.”
“അതേപോലെ തന്നെയാണ് ദുബെയുടെ കാര്യവും. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരക്കുള്ള സ്ക്വാഡിൽ ദുബെയെ ഇന്ത്യ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ടീമിൽ ഇടം ലഭിച്ചില്ല. അഫ്ഗാനിസ്ഥാനെതിരെയും ദുബെയില്ല. ഇഷാൻ കിഷൻ എവിടെയാണെന്ന് പോലും അറിയില്ല. ഇഷാൻ കിഷന്റെ ലഭ്യതയെ സംബന്ധിച്ച് ഒരു വിവരവും പുറത്തുവിട്ടിട്ടില്ല.”- ആകാശ് ചോപ്ര പറയുന്നു.
“അഫ്ഗാനെതിരായ പരമ്പരയിൽ ജിതേഷ് ശർമയും സഞ്ജു സാംസണുമാണ് 2 വിക്കറ്റ് കീപ്പർമാരായുള്ളത്. എന്നിരുന്നാലും അവസാന രണ്ട് പരമ്പരകളിലും സഞ്ജു ഒരു വിക്കറ്റ് കീപ്പറുടെ റോളിലായിരുന്നില്ല കളിച്ചിരുന്നത്. കിഷനായിരുന്നു ഇന്ത്യയുടെ പ്രാഥമിക വിക്കറ്റ് കീപ്പർ. പക്ഷേ ഈ പരമ്പരയിൽ ഇഷാൻ കിഷനുമില്ല. എന്താണ് ഇഷാൻ കിഷന് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. അതൊരു വ്യത്യസ്ത കഥയാണ്.”- ആകാശ ചോപ്ര കൂട്ടിച്ചേർക്കുന്നു.
“ഇന്ത്യൻ ടീമിലെ പല സ്ലോട്ടുകളും പെട്ടെന്ന് തന്നെ പൂർത്തീകരിക്കപ്പെട്ട രീതിയിലാണ് കാണപ്പെടുന്നത്. വിരാട് കോഹ്ലി ടീമിലേക്ക് തിരിച്ചെത്തിയതോടെ മൂന്നാം നമ്പറിൽ വിരാട് കോഹ്ലിക്ക് അവസരങ്ങളുണ്ട്. കോഹ്ലി നാലാം നമ്പറിൽ കളിക്കില്ല.”
അതുകൊണ്ടു തന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ മധ്യനിരയിൽ ബാറ്റ് ചെയ്യുന്ന ഒരു താരമായിരിക്കണം. അങ്ങനെ വരുമ്പോൾ രണ്ട് ഓപ്ഷനുകളാണ് ഇന്ത്യക്കുള്ളത്. ജിതേഷ് ശർമയും സഞ്ജു സാംസണും. ഒരുപക്ഷേ ഇങ്ങനെയൊരു കാര്യം ഉണ്ടാവാം.”- ആകാശ് ചോപ്ര പറഞ്ഞു വയ്ക്കുന്നു.