കോഹ്ലിയും രോഹിതും പരിചയ സമ്പന്നർ. ഇന്ത്യയ്ക്ക് ലോകകപ്പിൽ ഗുണം ചെയ്യുമെന്ന് സാബാ കരീം

virat kohli and rohit sharma

അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യൻ സ്ക്വാഡിലേക്ക് സീനിയർ താരങ്ങളായ വിരാട് കോഹ്ലിയെയും രോഹിത് ശർമയെയും സെലക്ഷൻ കമ്മിറ്റി ഉൾപ്പെടുത്തിയിരുന്നു. ഇരു താരങ്ങളെയും ഇന്ത്യ 2024 ട്വന്റി20 ലോകകപ്പിൽ ടീമിൽ അണിനിരത്തും എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സെലക്ഷൻ എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം ഇപ്പോൾ പറഞ്ഞിരിക്കുന്നത്.

ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ലോകകപ്പിൽ ഇരു താരങ്ങളും കളിക്കും എന്നതിന് വലിയ സൂചന തന്നെയാണ് ഈ തെരഞ്ഞെടുപ്പ് എന്ന് കരീം കരുതുന്നു. ഇരു താരങ്ങളുടെയും പരിചയസമ്പന്നത ലോകകപ്പിൽ ഇന്ത്യയ്ക്ക് ആവശ്യമാണ് എന്നും കരീം പറയുകയുണ്ടായി.

പരിചയസമ്പന്നത മുന്നിൽ കണ്ടാണ് സെലക്ടർമാർ രോഹിതിനെയും കോഹ്ലിയെയും ടീമിൽ ഉൾപ്പെടുത്തിയത് എന്ന് കരീം പറയുന്നു. “ഇക്കാര്യത്തിൽ യാതൊരു സംശയത്തിന്റെയും ആവശ്യമില്ല. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ ഇന്ത്യ ഈ രണ്ടു താരങ്ങളെയും തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതിന്റെ അർത്ഥം സെലക്ടർമാരുടെ ചിന്തകളിൽ വലിയൊരു മാറ്റം വന്നിട്ടുണ്ട് എന്നത് തന്നെയാണ്. ലോകകപ്പിൽ പരിചയ സമ്പന്നത വലിയ രീതിയിൽ ആവശ്യമാണ് എന്ന് അവർക്ക് തോന്നിയിരിക്കണം. അതുകൊണ്ടാണ് രോഹിത് ശർമയെയും വിരാട് കോഹ്ലിയേയും ടീമിലേക്ക് തിരികെ കൊണ്ടുവന്നത്.”- സാബ കരീം പറയുന്നു.

Read Also -  "യുവതാരങ്ങൾക്ക് കോഹ്ലി കൃത്യമായ റോൾമോഡലാണ്. അവനെ കണ്ടുപഠിക്കണം "- മുഹമ്മദ്‌ ഷാമി പറയുന്നു.

“ഇതിൽ മറ്റൊരു കാര്യം കൂടിയുണ്ട്. നായകൻ എന്ന നിലയിൽ സെലക്ടർമാർ ഹർദിക് പാണ്ഡ്യയിൽ വിശ്വാസം അർപ്പിച്ചിരുന്നു. പക്ഷേ ഹർദിക് പാണ്ഡ്യയ്ക്ക് പരിക്കു പറ്റിയതോടുകൂടി ഒരുപാട് ചോദ്യങ്ങളും ഇപ്പോൾ ഉയരുന്നുണ്ട്. അതുകൊണ്ട് കൂടെയാണ് രോഹിത് ശർമയെ സെലക്ടർമാർ തിരികെ കൊണ്ടുവന്നത്. ഈ സാഹചര്യത്തിൽ രോഹിത് ശർമ ടീമിന് കൃത്യത നൽകും. മാത്രമല്ല ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ഇന്ത്യയ്ക്കായി തിളങ്ങാനും രോഹിതിന് സാധിക്കും.”- കരീം കൂട്ടിച്ചേർക്കുന്നു.

2022ലെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ആയിരുന്നു അവസാനമായി രോഹിത് കുട്ടിക്രിക്കറ്റ് കളിച്ചത്. മത്സരത്തിൽ ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയമറിഞ്ഞതിന് ശേഷം രോഹിത് മറ്റൊരു ട്വന്റി20 മത്സരത്തിൽ അണിനിരന്നിട്ടില്ല. ശേഷം ഇന്ത്യ ട്വന്റി20 ടീമിന്റെ നായക സ്ഥാനം പാണ്ഡ്യയെ ഏൽപ്പിക്കുകയായിരുന്നു.

എന്നാൽ 2023 ഏകദിന ലോകകപ്പിനിടെയാണ് പാണ്ട്യയ്ക്ക് പരിക്ക് പറ്റിയത്. ഈ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ അഫ്ഗാനിസ്ഥാനെതിരായ 3 ട്വന്റി20 മത്സരങ്ങളും രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും വളരെ നിർണായകമാണ്.

Scroll to Top