പാണ്ഡ്യ വേണ്ട, രോഹിത് തന്നെ ലോകകപ്പിൽ ക്യാപ്റ്റനാവണം. കോഹ്ലിയും വേണമെന്ന് ദാദ.

virat kohli and rohit sharma

രോഹിത് ശർമയും വിരാട് കോഹ്ലിയും ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ അണിനിരക്കണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. ജൂൺ 1 മുതൽ ജൂൺ 29 വരെ അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കുന്ന ലോകകപ്പിന്റെ ഷെഡ്യൂൾ കഴിഞ്ഞ ദിവസം പുറത്തുവിടുകയുണ്ടായി.

ശേഷമാണ് രോഹിത് ശർമ ഇന്ത്യൻ ടീമിനെ നയിക്കണമെന്നും കോഹ്ലി ടീമിൽ തുടരണമെന്നും അഭിപ്രായവുമായി ഗാംഗുലി രംഗത്ത് എത്തിയത്. നിലവിൽ ഇന്ത്യയുടെ അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളടങ്ങുന്ന ട്വന്റി20 പരമ്പരയിലേക്ക് കോഹ്ലിയെയും രോഹിത്തിനെയും തിരഞ്ഞെടുത്തിട്ടുണ്ട്. 2022 ട്വന്റി20 ലോകകപ്പിന് ശേഷം ഇരുവരും ഇന്ത്യയ്ക്കായി കുട്ടി ക്രിക്കറ്റിൽ കളിച്ചിരുന്നില്ല.

എന്നാൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ തിരിച്ചെത്തുന്ന കോഹ്ലിയും രോഹിതും ലോകകപ്പിലും ഇന്ത്യയുടെ നിർണായക ഘടകങ്ങളാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. മുൻപ് രോഹിത് ശർമ, താൻ 2024 ട്വന്റി20 ലോകകപ്പിൽ കളിക്കാൻ സന്നദ്ധനാണ് എന്ന് ബിസിസിഐയെ അറിയിച്ചിരുന്നു. മാത്രമല്ല ഹർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ് തുടങ്ങിയ പ്രധാന കളിക്കാരുടെ പരിക്കുകളും ഇന്ത്യയെ വലയ്ക്കുന്ന സാഹചര്യത്തിൽ ഈ സീനിയർ താരങ്ങളുടെ തിരിച്ചുവരവ് അനിവാര്യമായിരുന്നു.

ഇരുതാരങ്ങളും ഇന്ത്യൻ ടീമിന്റെ ഭാഗമായി മാറണമെന്നാണ് ഗാംഗുലി പറയുന്നത്. “രോഹിത് ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിനെ നയിക്കണമെന്നാണ് എന്റെ അഭിപ്രായം. വിരാട് കോഹ്ലിയും ടീമിന്റെ ഭാഗമായിരിക്കണം. വിരാട് കോഹ്ലി ഒരു അവിസ്മരണീയ കളിക്കാരൻ തന്നെയാണ്.”- സൗരവ് ഗാംഗുലി പറഞ്ഞു.

See also  പഞ്ചാബിനെതിരെ നിറംമങ്ങി സഞ്ജു. 14 പന്തുകളിൽ 18 റൺസ് നേടി പുറത്ത്.

ഒരുപാട് നാളത്തെ അഭാവത്തിന് ശേഷം ഇന്ത്യയുടെ ട്വന്റി20 ടീമിലേക്ക് ഈ താരങ്ങൾ തിരിച്ചെത്തുന്നതിനെപ്പറ്റി ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ ഗാംഗുലി മറുപടി പറഞ്ഞത് ‘അത് അവരെ ബാധിക്കില്ല’ എന്ന് തന്നെയായിരുന്നു. ഇതിനൊപ്പം ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ നടത്തിയ മികച്ച പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടും ഗാംഗുലി സംസാരിക്കുകയുണ്ടായി.

“ഇന്ത്യ ഒരു മികച്ച ടീം തന്നെയാണ്. ഒരു മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടാൽ ആളുകൾ ഒരുപാടു കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരിക്കും. എന്നാൽ എത്ര മികച്ച രീതിയിലാണ് അവർ കളിച്ചത് എന്ന് ചിന്തിച്ചു നോക്കൂ. അവർക്ക് ഏകദിന പരമ്പര വിജയിക്കാൻ സാധിച്ചു. ട്വന്റി20 പരമ്പരയും ടെസ്റ്റ് പരമ്പരയും സമനിലയിലാക്കാനും സാധിച്ചിരുന്നു.”- ഗാംഗുലി പറഞ്ഞു.

വലിയ സർപ്രൈസുകളുമായാണ് ഇന്ത്യയുടെ അഫ്ഗാനെതിരായ ട്വന്റി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ത്യയുടെ ടീമിലേക്ക് തിരികെയെത്തിയെങ്കിലും കെഎൽ രാഹുലിന് ടീമിൽ സ്ഥാനം ലഭിച്ചില്ല.

ഒപ്പം മലയാളി താരം സഞ്ജു സാംസണും ജിതേഷ് ശർമയുമാണ് പരമ്പരയിൽ വിക്കറ്റ് കീപ്പർമാരായി തുടരുന്നത്. ഇഷാൻ കിഷനെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടില്ല. ഒപ്പം പാണ്ട്യയുടെ അഭാവത്തിൽ ശിവം ദുബയെയാണ് ഇന്ത്യ തങ്ങളുടെ സ്ക്വാഡിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.

Scroll to Top