ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഒരു അത്യുഗ്രൻ വിജയം തന്നെയായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഈ വിജയത്തോടെ പരമ്പര 4-1 എന്ന നിലയിൽ സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. രോഹിത് ശർമയെ സംബന്ധിച്ച് വളരെ അഭിമാനകരമായ നേട്ടം തന്നെയാണ് പരമ്പരയിലെ ഈ മിന്നും വിജയം.
ഈ വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ടേബിളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. മത്സരത്തിലെ വിജയത്തിന് ശേഷം രോഹിത് ശർമ തന്റെ ടെസ്റ്റ് വിരമിക്കൽ സംബന്ധിച്ചുള്ള കാര്യങ്ങൾ സംസാരിക്കുകയുണ്ടായി.
കഴിഞ്ഞ 2-3 വർഷത്തെ ടെസ്റ്റ് മത്സരങ്ങളിലെ തന്റെ പ്രകടനത്തെ പറ്റിയാണ് രോഹിത് തുറന്നു സംസാരിച്ചത്. “ഒരു ദിവസം രാവിലെ എഴുന്നേൽക്കുമ്പോൾ എനിക്ക് കാര്യങ്ങൾ നന്നായി തോന്നിയില്ലെങ്കിൽ, നന്നായി കളിക്കാൻ സാധിക്കുമെന്ന് പൂർണ്ണ ബോധ്യം ഇല്ലെങ്കിൽ ഞാൻ എന്റെ വിരമിക്കലിനെ പറ്റി എല്ലാവരെയും അറിയിക്കും.”
“പക്ഷേ സത്യസന്ധമായി പറഞ്ഞാൽ കഴിഞ്ഞ 2-3 വർഷങ്ങളിൽ എന്റെ ക്രിക്കറ്റിൽ വലിയ രീതിയിലുള്ള ഉയർച്ച ഉണ്ടായിട്ടുണ്ട് എന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ ഞാൻ മികച്ച ക്രിക്കറ്റ് കളിക്കുന്നതായി എനിക്ക് തോന്നാറുണ്ട്.”- രോഹിത് ശർമ പറഞ്ഞു.
“ഞാൻ എല്ലായിപ്പോഴും റെക്കോർഡുകളിലും നമ്പരുകളിലും വിശ്വസിക്കുന്ന ഒരു ബാറ്ററല്ല. ശരിയാണ് വലിയ റൺസ് കണ്ടെത്തുക എന്നത് ഒരു പ്രധാനപ്പെട്ട കാര്യമാണ്. റെക്കോർഡുകളും പ്രാധാന്യമുള്ളതാണ്. പക്ഷേ നമ്മുടെ ടീമിന്റെ ക്രിക്കറ്റ് ശൈലിക്ക് ഒരു സംസ്കാരം എപ്പോഴുമുണ്ട്.”
“അവിടെയാണ് ഞാൻ ശ്രദ്ധിക്കുന്നതും ഇനി ശ്രദ്ധിക്കാൻ പോകുന്നതും. ചില അനിവാര്യമായ മാറ്റങ്ങൾ ഞാൻ എല്ലായിപ്പോഴും കാണുന്നുണ്ട്. ഇപ്പോൾ താരങ്ങൾ മൈതാനത്ത് എത്തി വളരെ സ്വാതന്ത്ര്യത്തോടെ കളിക്കുന്നുണ്ട് എന്ന് നിങ്ങൾക്കും അറിയാമല്ലോ. അത്തരമൊരു ഭാഗമാണ് എനിക്ക് പൂർണമായും ശ്രദ്ധിക്കാനുള്ളത്.”- രോഹിത് കൂട്ടിച്ചേർക്കുന്നു.
“ആളുകൾ എല്ലായിപ്പോഴും നമ്പറിലേക്കല്ല ശ്രദ്ധിക്കുന്നത്. എല്ലാവരും ഓരോ കളിക്കാരുടെയും വ്യക്തിപരമായ സ്കോറിലേക്ക് അധികം ശ്രദ്ധിക്കാറില്ല. മത്സരം കളിക്കുക എന്നതിനാണ് പ്രാധാന്യം. അങ്ങനെ നല്ല മത്സരങ്ങൾ കളിക്കുമ്പോൾ നമ്പരുകൾ സ്വയമേ ഉണ്ടായി വരും. നിങ്ങൾ എല്ലായിപ്പോഴും ഭയപ്പാടില്ലാതെയാണ് കളിക്കുന്നതെങ്കിൽ, നിങ്ങളുടെ മനസ്സ് വളരെ വ്യക്തമാണെങ്കിൽ, ബാക്കിയുള്ള കാര്യങ്ങൾ സ്വയമേ നടക്കും.”
“എന്നാൽ എനിക്ക് 50 നേടാൻ സാധിക്കുമോ, എനിക്ക് 100 നേടാൻ സാധിക്കുമോ എന്നുള്ള ചിന്തകൾ വരാൻ പാടില്ല. അത്തരം നാഴികക്കല്ലുകളൊക്കെയും തീർച്ചയായും നല്ലതാണ്. പക്ഷേ അത് സംഭവിക്കേണ്ടതാണ്. അത് നമ്മുടെ മനസ്സിൽ നിന്ന് പൂർണ്ണമായും എടുത്തുകളഞ്ഞ്, കൃത്യമായി മത്സരത്തിലേക്ക് മാത്രം ശ്രദ്ധിക്കണം.”- രോഹിത് പറഞ്ഞു വയ്ക്കുന്നു.