നിലവിൽ ഇന്ത്യൻ ടീമിനെതിരെ ഏറ്റവുമധികം വിമർശനങ്ങൾ ഉന്നയിക്കുന്ന മുൻ ഇന്ത്യൻ താരമാണ് സുനിൽ ഗവാസ്കർ. ലോകകപ്പിന്റെ കമന്ററി ബോക്സിൽ പലപ്പോഴും താരങ്ങളുടെ പിഴവുകൾ വെട്ടി തുറന്നു പറയുന്ന സ്വഭാവമാണ് ഗവാസ്കറുടേത്.
ഇന്ത്യയുടെ പാകിസ്ഥാനെതിരായ മത്സരത്തിലും ഇത്തരത്തിൽ ടീമിന്റെ ഭാഗത്തുനിന്ന് വന്ന ചെറിയ പിഴവുകൾ പോലും വലിയ രീതിയിൽ ഗവാസ്കർ എടുത്തുകാട്ടുകയുണ്ടായി. മത്സരത്തിൽ മുഹമ്മദ് സിറാജിനെതിരെ വിമർശനം ഉന്നയിച്ച് സുനിൽ ഗവാസ്കർ രംഗത്ത് വന്നിരുന്നു. മത്സരത്തിൽ പാക്കിസ്ഥാൻ ഇന്നിങ്സിന്റെ പതിനെട്ടാം ഓവറിൽ സിറാജ് നോബോൾ എറിഞ്ഞതിന് പിന്നാലെയാണ് സുനിൽ ഗവാസ്കർ രംഗത്ത് വന്നത്.
മത്സരത്തിൽ പാക്കിസ്ഥാന് വിജയത്തിലെത്താൻ 17 പന്തുകളിൽ 29 റൺസ് വേണ്ടപ്പോഴായിരുന്നു സിറാജിന്റെ നോബോൾ. ആ സമയത്ത് സിറാജ് എറിഞ്ഞ നോബോൾ തനിക്ക് യാതൊരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് സുനിൽ ഗവാസ്കർ പറയുകയുണ്ടായി.
“ഇത്തരത്തിൽ പ്രൊഫഷണൽ ക്രിക്കറ്റ് താരങ്ങൾ നോബോൾ എറിയുന്നത് യാതൊരു കാരണവശാലും ക്ഷമിക്കാൻ പറ്റില്ല. ഒരുപക്ഷേ വൈഡ് നമ്മുടെ പരിധിയിലുള്ള കാര്യമായിരിക്കില്ല. പക്ഷേ നോബോൾ തീർച്ചയായും ഓരോ താരത്തിന്റെയും പരിധിയിലുള്ള കാര്യമാണ്. ഇരു ടീമുകളും വിജയത്തിനായി പൊരുതുന്ന സമയത്ത് ഇത്തരം ഒരു തെറ്റ് ചെയ്തത് ക്ഷമിക്കാനും സഹിക്കാനും കഴിയില്ല.”- സുനിൽ ഗവാസ്കർ പറയുകയുണ്ടായി.
എന്നിരുന്നാലും ഇന്ത്യയ്ക്കായി മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാൻ സിറാജിന് സാധിച്ചിരുന്നു. മത്സരത്തിൽ 4 ഓവറുകളാണ് സിറാജ് പന്തറിഞ്ഞത്. ഇതിൽ 19 റൺസ് മാത്രമാണ് താരം വിട്ടു നൽകിയത്. വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും അച്ചടക്കത്തോടെയുള്ള ബോളിംഗ് പ്രകടനമാണ് സിറാജ് മത്സരത്തിൽ കാഴ്ചവച്ചത്. ബുമ്ര കഴിഞ്ഞാൽ ഇന്ത്യക്കായി മത്സരത്തിൽ ഏറ്റവും മികച്ച എക്കണോമിയിൽ പന്തറിഞ്ഞ താരവും സിറാജ് തന്നെയാണ്. മത്സരത്തിൽ ഇന്ത്യൻ ബോളർമാരിൽ സിറാജിനും ജഡേജയ്ക്കും മാത്രമായിരുന്നു വിക്കറ്റ് ലഭിക്കാതിരുന്നത്.
പാക്കിസ്ഥാനെതിരായ ആവേശ മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിലെ വിജയത്തോടെ ഇന്ത്യ സൂപ്പർ 8 സാധ്യതകൾ കൂടുതൽ സജീവമാക്കിയിട്ടുണ്ട്. ഇനി കാനഡ, അമേരിക്ക എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവശേഷിക്കുന്നത്.
ഇവയിൽ ഒരു മത്സരത്തിൽ വിജയം നേടിയാൽ പോലും ഇന്ത്യയ്ക്ക് സൂപ്പർ 8ലേക്ക് യോഗ്യത നേടാൻ സാധിക്കും. മറുവശത്ത് ഇന്ത്യക്കെതിരെ പരാജയം ഏറ്റുവാങ്ങിയതോടെ പാക്കിസ്ഥാന്റെ നില കൂടുതൽ പരുങ്ങലിലായിട്ടുണ്ട്. അടുത്ത 2 മത്സരങ്ങളിൽ വിജയം സ്വന്തമാക്കി, മറ്റു ഫലങ്ങളെയും ആശ്രയിച്ചിരിക്കേണ്ട അവസ്ഥയിലാണ് പാകിസ്ഥാൻ.