ദുബെയെ പുറത്തിരുത്തി സഞ്ജുവിനെ കളിപ്പിക്കൂ. ഇന്ത്യയ്ക്ക് നിർദ്ദേശവുമായി അമ്പാട്ടി റായുഡു.

sanju samson and dube

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരങ്ങളിൽ മികച്ച പ്രകടനമായിരുന്നില്ല ശിവം ദുബെ കാഴ്ചവെച്ചത്. ഒരു ബാറ്ററായി തന്നെ ടീമിൽ കളിച്ച ദുബെ 2 മത്സരങ്ങളിലും പരാജയപ്പെടുകയുണ്ടായി. പാക്കിസ്ഥാനെതിരായ മത്സരത്തിൽ നിർണായക സമയത്ത് ക്രീസിലെത്തിയ ദുബെ 9 പന്തുകളിൽ 3 റൺസ് മാത്രമാണ് നേടിയത്.

ഈ മോശം പ്രകടനത്തിന് ശേഷം ദുബെയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയരുകയുണ്ടായി ശിവം ദുബെയ്ക്ക് പകരം ഇന്ത്യ മലയാളി താരം സഞ്ജു സാംസനെ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തണം എന്നാണ് മുൻ ഇന്ത്യൻ താരം അമ്പാട്ടി റായുഡു ഇപ്പോൾ പറയുന്നത്. ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിന് ശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കുന്ന സമയത്താണ് റായുഡു തന്റെ അഭിപ്രായം അറിയിച്ചത്.

മത്സരത്തിലെ ശിവം ദുബെയുടെ ബാറ്റിംഗ് വളരെ നിരാശാജനകമായിരുന്നു എന്ന് റായിഡു പറയുന്നു. ബാറ്റിങ്ങിന് ദുഷ്കരമായ ഇത്തരം പിച്ചുകളിൽ സഞ്ജുവിനെ പോലെയുള്ള താരങ്ങളാണ് കളിക്കേണ്ടത് എന്ന് റായുഡു പറയുകയുണ്ടായി. സ്പിന്നിനെതിരെ ആക്രമിച്ചു കളിക്കുമെന്ന കാരണത്താലായിരുന്നു ഇന്ത്യ ദുബെയെ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തിയത്. പക്ഷേ ഇതുവരെ ലോകകപ്പിൽ ഒരു മികച്ച ഷോട്ട് കളിക്കാൻ പോലും ദുബെയ്ക്ക് സാധിച്ചില്ല. പേസർമാർക്കെതിരെയും സ്പിന്നർമാർക്കെതിരെയും ഒരേപോലെ ബുദ്ധിമുട്ടുന്ന ദുബെയെ ആണ് മത്സരങ്ങളിൽ കാണുന്നത്.

Read Also -  ഓസ്ട്രേലിയയെ തകർക്കാൻ ഇന്ത്യൻ ടീമിൽ അവൻ വേണം. ഇന്ത്യയുടെ X ഫാക്ടറിനെ തിരഞ്ഞെടുത്ത് ഗവാസ്കർ.

ലോകകപ്പിനുള്ള സ്ക്വാഡിൽ ഇടം പിടിച്ചെങ്കിലും ഇതുവരെ പ്ലെയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താൻ സഞ്ജുവിന് സാധിച്ചില്ല. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ പരിശീലന മത്സരത്തിൽ സഞ്ജു ഓപ്പണറായി എത്തിയിരുന്നു. എന്നാൽ മത്സരത്തിൽ കേവലം ഒരു റൺ മാത്രമായിരുന്നു സഞ്ജുവിന് നേടാൻ സാധിച്ചത്.

ഇതോടെ ഇന്ത്യ സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താക്കുകയും ചെയ്തു. പക്ഷേ നിലവിൽ ഇന്ത്യൻ ടീമിലെ ബാറ്റർമാർ എല്ലാവരും ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലും സഞ്ജു സാംസൺ പുറത്തിരിക്കുന്നത് ദൗർഭാഗ്യകരം തന്നെയാണ്.

മൂന്നാം നമ്പറിൽ റിഷഭ് പന്ത് ഇന്ത്യക്കായി 2 മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ കാരണത്താലാണ് സഞ്ജുവിനെ ഇന്ത്യ പ്ലെയിങ്‌ ഇലവനിൽ നിന്ന് മാറ്റി നിർത്തുന്നത്. ഒരു ബാറ്ററായി മാത്രമേ സഞ്ജുവിന് ഇനി ടീമിൽ ഇടം പിടിക്കാൻ സാധിക്കൂ.

കഴിഞ്ഞ 2 മത്സരങ്ങളിലും ഇന്ത്യൻ ബാറ്റിംഗ് നിര നിരാശയാർന്ന പ്രകടനങ്ങൾ പുറത്തെടുത്തതിനാൽ തന്നെ, അവസാന 2 ഗ്രൂപ്പ് മത്സരങ്ങളിൽ സഞ്ജുവിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസന്റെ ആരാധകർ. സ്പിന്നിനെയും പേസിനെയും ഒരേപോലെ കളിക്കാൻ സാധിക്കുന്ന താരമാണ് സഞ്ജു സാംസൺ എന്ന് മുൻ പാക് താരം വസീം അക്രം ലോകകപ്പ് കമന്ററിക്ക് ഇടയിൽ പറയുകയുണ്ടായി.

Scroll to Top