ആരാധകര്‍ കാത്തിരുന്ന 2023 ഐപിഎല്‍ ഫൈനലില്‍ രസംകൊല്ലിയായി മഴ എത്തിയപ്പോള്‍, മത്സരം റിസര്‍വ്വ് ദിനമായ തിങ്കളാഴ്ച്ചയിലേക്ക് മാറ്റി. റിസര്‍വ്വ് ദിനമായ തിങ്കളാഴ്ച്ചയും മഴ ഭീഷിണിയുണ്ട്. തിങ്കളാഴ്ച്ചയും മഴ പെയ്ത് കളി തടസ്സപ്പെട്ടാല്‍ ഗുജറാത്തിനെ വിജയിയായി പ്രഖ്യാപിക്കും.
റിസര്‍വ്വ് ദിനത്തിലും കളി തടസ്സപ്പെട്ടാല്‍, പുലര്‍ച്ചെ 1:20 നുള്ളില്‍ പിച്ചും ഗ്രൗണ്ടും തയ്യാറായാല്‍ സൂപ്പര്‍ ഓവര്‍ നടത്തും. അതില്‍ വിജയിക്കുന്ന ടീം കിരീടം ഉയര്‍ത്തും. സൂപ്പര്‍ ഓവറും നടത്താന്‍ സാധ്യമല്ലെങ്കില്‍ ലീഗ് ഘട്ടത്തില്‍ മുന്നിലെത്തിയ ഗുജറാത്തിനെ വിജയിയായി പ്രഖ്യാപിക്കും. ചെന്നൈ സൂപ്പര്‍ കിംഗ്സ് രണ്ടാമതായാണ് പ്ലേയോഫില്‍ യോഗ്യത നേടിയത്.
14 മത്സരങ്ങളിൽ നിന്ന് 20 പോയന്റ് നേടി ഒന്നാം സ്ഥാനത്താണ് ഗുജറാത്ത് ലീഗ് മത്സരങ്ങൾ അവസാനിപ്പിച്ചത്. ചെന്നൈ 14 മത്സരങ്ങളിൽ നിന്ന് 17 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.