ടോസ് പോലും ഇടാനാകതെ ഐപിഎല്‍ ഫൈനല്‍. മത്സരം തിങ്കളാഴ്ച്ച നടക്കും.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴ കാരണം ടോസ് പോലും ഇടാനാകാതെ 2023 ലെ ഐപിഎല്‍ ഫൈനല്‍ പോരാട്ടം റിസര്‍വ്വ് ദിനത്തില്‍ നടക്കും. ഞായറാഴ്ച്ച വൈകിട്ട് ആറരയോടെ തുടങ്ങിയ മഴ ശക്തി പ്രാപിക്കുകയായിരുന്നു. പിന്നീട് മഴ ശമിച്ചെങ്കിലും ശക്തിയായി തിരിച്ചെത്തുകയായിരുന്നു. തിങ്കളാഴ്ച്ച ഒരുക്കിയ റിസര്‍വ്വ് ദിനത്തിലും മഴ ഭീഷണിയുണ്ട്.

മത്സരം മുഴുവനായി നടത്താനായി നിശ്ചയിച്ചിരുന്ന സമയം 9.35 ആയിരുന്നു. ഈസമയം പിന്നിട്ടും മഴ തുടര്‍ന്നതോടെ ഓവറുകള്‍ നഷ്ടമായി തുടങ്ങി. അഞ്ച് ഓവര്‍ വീതമുള്ള മത്സരം നടത്താനായി നിശ്ചയിച്ചിരുന്ന സമയപരിധി 12:06 ആയിരുന്നു. രാത്രി 11 മണിയോടെ മഴ അവസാനിക്കാത്തതോടെ മത്സരം മാറ്റുകയായിരുന്നു.

ഗുജറാത്തിനെ ആദ്യ ക്വാളിഫയറില്‍ തോല്‍പ്പിച്ചാണ് ചെന്നെ സൂപ്പര്‍ കിംഗ്സ് ഫൈനലില്‍ യോഗ്യത നേടിയത്. അതേ സമയം മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ഫൈനലില്‍ എത്തുകയായിരുന്നു.